തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ പങ്കാളി കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ അനിയനെ ഒരു മാസത്തേക്ക് അച്ഛന്റെ കുടുംബത്തിനൊപ്പം അയക്കാൻ തീരുമാനിച്ചു. അമ്മയുടെ സംരക്ഷണയിൽ കഴിയുന്ന നാലുവയസുകാരനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മരിച്ചുപോയ അച്ഛന്റെ അച്ഛൻ ശിശുക്ഷേമസമിതിക്ക് നൽകിയ അപേക്ഷയിലാണ് നടപടി. കുട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച തൊടുപുഴയിൽ ശിശുക്ഷേമസമിതി അധ്യക്ഷൻ ജോസഫ് അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സിറ്റിങ്ങിൽ കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും കുടുംബാംഗങ്ങൾ പങ്കെടുത്തു. തുടർന്ന് പരസ്പരസമ്മതത്തോടെയാണ് കുട്ടിയെ ഒരു മാസത്തേക്ക് അച്ഛന്റെ കുടുംബത്തിനൊപ്പം വിട്ടത്. ഇതിനിടെ അമ്മയുടെ അമ്മയ്ക്ക് കുട്ടിയെ കാണാനും അനുമതിയുണ്ട്. വേനലവധിക്ക് ശേഷം ആരുടെ കൂടെ വിടണമെന്ന് ആലോചിച്ച് തീരുമാനിക്കും. കുട്ടി തിരുവനന്തപുരത്ത് കഴിയുന്ന ഒരു മാസം പോലീസും ശിശുസംരക്ഷണസമിതിയും നിരീക്ഷിക്കും. ജയിലിൽ കഴിയുന്ന പ്രതി അരുൺ ആനന്ദിന്റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് ശിശുക്ഷേമസമിതി നിർദേശം നൽകി. ശിശുസംരക്ഷണസമിതി ചെയർമാന് പുറമെ കെ.പി.മേരി, കൃഷ്ണകുമാർ, ഷൈനി ജയിംസ്, സിമി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സമിതിയാണ് തീരുമാനമെടുത്തത്. അമ്മയുടെ പങ്കാളിയുടെ ക്രൂരപീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് പത്ത് ദിവസത്തോളം കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ ഏഴുവയസുകാരൻ ഏപ്രിൽ ആറിനാണ് മരിച്ചത്. മകന്റെ മരണത്തോടെ മാനസികമായി തകർന്ന അമ്മ നിലവിൽ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. Content Highlights:Thodupuzha child murder
from mathrubhumi.latestnews.rssfeed http://bit.ly/2IY6IWa
via
IFTTT
No comments:
Post a Comment