വയനാട് മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ വിജയവുമായി യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി. തുടർച്ചയായ മൂന്നാം തവണയും മണ്ഡലത്തിലെ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. 2014-ലെ തിരഞ്ഞെടുപ്പിൽ 20870 ആയിരുന്ന ഭൂരിപക്ഷം ഇത്തവണ നാലുലക്ഷം കവിഞ്ഞു.മണ്ഡലത്തിലെ ഏഴ് ലക്ഷത്തിൽപ്പരം വോട്ടുകളാണ് രാഹുലിന്റെ അക്കൗണ്ടിൽ വീണത്. മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി സുനീർ രണ്ടാമതെത്തി. മുന്നണിക്ക് കഴിഞ്ഞ തവണ ലഭിച്ചതിൽനിന്ന് ഒരുലക്ഷത്തോളം വോട്ടുകൾ കുറഞ്ഞു. ഏഴ് നിയമസഭാമണ്ഡലങ്ങളിൽ ഒരിടത്തുപോലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലുൾപ്പടെ യു.ഡി.എഫിന്റെ വ്യക്തമായ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്. മൂന്നാമതെത്തിയ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വോട്ടിന്റെ എണ്ണത്തിൽ കഴിഞ്ഞ തവണ മത്സരിച്ച രശ്മിൽകുമാറിന് നേടാനായതിൽനിന്ന് ഇത്തവണയും വലിയ വ്യത്യാസമില്ല. ബത്തേരി മണ്ഡലത്തിൽനിന്നാണ് മുന്നണിക്ക് കൂടുതൽ വോട്ട്നേടാനായത്. ലക്ഷത്തിലേറെ വോട്ടുകൾ നേടാമെന്ന എൻ.ഡി.എയുടെ കണക്കുകൂട്ടലുകൾ ഇതോടെ അസ്ഥാനത്താകുകയും ചെയ്തു. ആക്ഷേപങ്ങൾക്ക് മറുപടിയായി ഇത്തവണഎല്ലാ നിയമസഭാ മണ്ഡലത്തിലും 50,000-ത്തിലേറെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് വിജയിച്ചുകയറിയത്. 2009-ൽ ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ എം.ഐ ഷാനവാസിന്റെ 2014-ലെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് ഇട നൽകിയിരുന്നു. ഷാനവാസിന്റെ മണ്ഡലത്തിലെ അസാന്നിധ്യമായിരുന്നു യു.ഡി.എഫിന് പിന്തുണ കുറയ്ക്കുന്നതിൽ നിർണായകമായത്. എതിർ കക്ഷികൾ പ്രധാന പ്രചാരണ വിഷയമാക്കിയതും ഇക്കാര്യം തന്നെയായിരുന്നു. എന്നാൽ പോരായ്മകളെ മറികടക്കാൻ കോൺഗ്രസ് അധ്യക്ഷനെത്തന്നെ യു.ഡി.എഫ് വയനാട്ടിൽ മത്സരിപ്പിക്കുകയായിരുന്നു. ഈ തീരുമാനത്തോടെ വയനാട്ടിൽ മാത്രമല്ല, കേരളത്തിൽ മുഴുവനായും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായി. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ചത് വയനാട്ടിൽ നിന്നാണ്. ആകെ 20 പേർ മത്സരിച്ച മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് അപരന്മാരായി രണ്ടുപേരും ഉണ്ടായിരുന്നു. യു.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപന വേളയിൽ വയനാടിനെ മറ്റൊരു അമേഠിയോ റായ് ബറേലിയോ ആക്കാൻ അനുവദിച്ചുകൂടാ എന്ന മുദ്രാവാക്യത്തോടെ എൽ.ഡി.എഫ് പ്രചാരണം തുടരുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ വാട്ടർ ലൂ ആകും വയനാട് എന്ന വിശ്വാസത്തോടെതന്നെ പി.പി സുനീറിന്റെ പ്രചാരണ ക്യാമ്പുകൾ മുന്നേറിയിരുന്നു. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഉൾപ്പെടെ പി.പി സുനീർ നടത്തിയ റോഡ് ഷോകളും ശ്രദ്ധേയമായിരുന്നു. മണ്ഡലത്തിലെ ഉയർന്ന പോളിങ് ശതമാനവും യു.ഡി.എഫിന്റെ വോട്ട് ഷെയർ കൂടുന്നതിന് കാരണമായി. 2014-ൽ 73 ആയിരുന്ന പോളിങ് ശതമാനം ഇത്തവണ 80-നും മുകളിലേക്കുയർന്നു. മണ്ഡലത്തിലെ ആകെയുള്ള 1325788 വോട്ടർമാരിൽ 670002 പേർ സ്ത്രീകളായിരുന്നു. ബത്തേരി, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ രണ്ട് ലക്ഷത്തിലേറെയാണ് വോട്ടർമാരുടെ എണ്ണം. സ്ത്രീ വോട്ടുകൾക്കൊപ്പം ചുരത്തിനു താഴെയുള്ള നാല് നിയോജക മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി. 2014-ൽ മാനന്തവാടി, ബത്തേരി എന്നിവയിൽ വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽ.ഡി.എഫിനായിരുന്നു. ഈ മണ്ഡലങ്ങളിൽ യഥാക്രമം 8666, 8983 എന്നിങ്ങനെയായിരുന്നു സത്യൻ മൊകേരി നേടിയ ഭൂരിപക്ഷം. എന്നാൽ കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങൾ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. ഇവിടങ്ങളിൽ 1880, 2385, 18838, 3266, 12267 എന്നിങ്ങനെയായിരുന്നു ഷാനവാസിന്റെ ഭൂരിപക്ഷം. നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് നേടിയ ഭൂരിപക്ഷം ( 99.31ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ) മാനന്തവാടി - 54631 സുൽത്താൻ ബത്തേരി - 70465 കൽപ്പറ്റ - 63754 തിരുവമ്പാടി - 54471 ഏറനാട് -56527 നിലമ്പൂർ - 61432 വണ്ടൂർ - 69208 രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് വയനാട്. രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ നടത്തിയ റോഡ് ഷോയിൽ മുസ്ലിംലീഗിന്റെ പതാകയെ പാകിസ്താൻ പതാകയെന്ന രീതിയിൽ വിമർശിച്ച അമിത് ഷായുടെ പ്രസ്താവനയുൾപ്പെടെ വിവാദമായിരുന്നു. മണ്ഡലത്തിൽ കോൺഗ്രസിന്റെയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും ദേശീയ നേതാക്കളുൾപ്പെടെ പ്രചാരണത്തിനും എത്തിയിരുന്നു. Content Highlights:UDF registers third consecutive victory in Wayanad, Lok Sabha Elections 2019, The Great Indian War 2019
from mathrubhumi.latestnews.rssfeed http://bit.ly/2QjELcr
via
IFTTT
No comments:
Post a Comment