തൃശൂര്‍: പൂര പ്രേമികളുടെ ആശങ്കകള്‍ അവസാനിച്ചു. പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എത്തുമെന്ന് ഉറപ്പായി. രാമചന്ദ്രന്റെ എഴുന്നള്ളത്തിന് കര്‍ശന വ്യവസ്ഥകളോടെ ജില്ലാ ഭരണകൂടം അനുമതി നല്‍കി.
നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് എഴുന്നള്ളത്തിന് അനുമതി. വടക്കുംനാഥ ക്ഷേത്രപരിസരത്തെ ചടങ്ങൂകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് വാഹനത്തില്‍ എത്തിച്ച ശേഷമായിരിക്കും എഴുന്നള്ളിപ്പിന് ഒരുക്കുക. നാലു പാപ്പാന്മാരുടെ നിയന്ത്രണത്തിലായിരിക്കും എഴുന്നള്ളിപ്പ്. രാമചന്ദ്രന് പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് തീര്‍ക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു.
ഇന്നു നടന്ന വൈദ്യപരിശോധനയില്‍ നാട്ടാനകളിലെ 'ഏകഛത്രാധിപതി' ആയ രാമചന്ദ്രന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ആനയുടെ കാര്യത്തില്‍ ഇടപെടാനില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ ഹൈക്കോടതി ഇതില്‍ കലക്ടര്‍ അടങ്ങിയ സമിതി തീരുമാനിക്കട്ടെ എന്നും പറഞ്ഞിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമയും അറിയിച്ചിരുന്നു.
പൂരത്തിന് ആനയെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ്, തെച്ചിക്കോട്ടുകാവ്, പൂതൃക്കോവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്. വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. വടക്കുന്നാഥക്ഷേത്രത്തിലെ തെക്കേഗോപുരനട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഈ ആനയാണ്.എന്നാല്‍ ഇക്കൊല്ലം ജില്ലാ കലക്ടറും വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററും ഇതു തടയുമെന്ന് ആശങ്കയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിനു മാത്രമായി പങ്കെടുപ്പിക്കാമെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തേ വ്യക്തമാക്കിയിരുന്നു. അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശപ്രകാരമാണിത്. ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ മാത്രം എഴുന്നള്ളിക്കാമെന്നായിരുന്നു നിയമോപദേശം. പൊതുതാത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുതെന്നും എ.ജി. നിര്‍ദേശിച്ചു. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കേണ്ടത്. ആനയെ പ്രകോപിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റിനിര്‍ത്തണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു നിയമോപദേശത്തില്‍ പറയുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരമടക്കം ഒരു ഉത്സവത്തിനും ഇന്നുമുതല്‍ ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആനയുടമകളുടെ സംഘടന.
സര്‍ക്കാരും കലക്ടറും അനുകൂലതീരുമാനമെടുത്തതോടെ ഈ നിലപാടില്‍നിന്ന് അവര്‍ പിന്മാറി. സര്‍ക്കാരിന്റെ ഏതു നിര്‍ദേശത്തോടും സഹകരിക്കുമെന്നു സംഘടന അറിയിച്ചു.
from mangalam.com http://bit.ly/2HdPHVR
via IFTTT
No comments:
Post a Comment