തിരുവനന്തപുരം: ഇടതുപക്ഷത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് കുളത്തൂർ മഠാധിപതിയും ശബരിമല കർമസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി പറഞ്ഞു. വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശബരിമല കർമസമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ചെറുത്തുനിൽക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി.ശശികല പറഞ്ഞു. 2018-ൽ നടന്ന ഹർത്താലുകൾക്ക് കേസുകൾ എടുത്തിട്ടില്ല. 2019-ലെ ഹർത്താലിൽ മാത്രമാണ് സർക്കാർ ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കിഴക്കേക്കോട്ടയിലെ തീർഥപാദമണ്ഡപം ഏറ്റെടുക്കുന്ന നടപടിയിലേക്ക് സർക്കാർ നീങ്ങിയാൽ ശബരിമല കർമസമിതി പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നും അവർ പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി കവലകളിൽ ഇനിയും പ്രസംഗിക്കുമെന്ന് മുൻ ഡി.ജി.പി. സെൻകുമാർ പറഞ്ഞു. തെളിവില്ലാതെ കേസുകളിൽ പ്രതിയാക്കിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസേവാ സമാജം ദേശീയ സെക്രട്ടറി സ്വാമി അയ്യപ്പദാസ് അധ്യക്ഷനായി. കർമസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ.കുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, വിവിധ സമുദായ നേതാക്കൾ, സന്യാസിമാർ എന്നിവർ സംസാരിച്ചു. Content Highlights:swami chidananda puris comment against ldf on loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2v0Ybcb
via
IFTTT
No comments:
Post a Comment