കൊച്ചി: കനത്ത ചൂടുകാരണം കേരളത്തിൽ എ.സി. വില്പന കൂടിയപ്പോൾ വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നു. വിതരണ ലൈനിലെ ലോഡ് കൂടിയതാണ് കാരണം. വടക്കൻ മലബാർ, നിലമ്പൂർ പ്രദേശങ്ങളെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഓവർലോഡ് കാരണം ചില ഫീഡറുകളിൽ ചെറിയ വൈദ്യുതി നിയന്ത്രണം കഴിഞ്ഞ ദിവസം ഏർപ്പെടുത്തേണ്ടി വന്നിരുന്നു. കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്ന സ്ഥലങ്ങളിലും വോൾട്ടേജ് ക്ഷാമമുണ്ട്. ഇത് ഉപഭോക്താവിലെത്തുമ്പോഴേക്ക് വീണ്ടും കുറയും. എന്നാൽ, അനുവദനീയമായ 12 ശതമാനത്തിനകത്താണ് ഇപ്പോഴും വോൾട്ടേജ് വ്യത്യാസമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിന്റെ പ്രസരണ-വിതരണ ശേഷി വർഷങ്ങൾക്കു മുമ്പ് ഉണ്ടാക്കിയതാണ്. കൂടുതൽ വൈദ്യുതി കിട്ടിയാലും എത്തിക്കാൻ അധിക ലൈനുകൾ ഇല്ല. ലോഡ് കൂടുമ്പോൾ ചില ഫീഡറുകൾ തകരാറിലാകുന്നത് ആ മേഖലയിൽ വൈദ്യുതി തടസ്സം വരുത്തുന്നുണ്ട്. അരീക്കോട് സബ് സ്റ്റേഷനിൽ ഉണ്ടായ തകരാർ മൂലം കഴിഞ്ഞ ദിവസം ഇതിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ലോഡ് കൂടുന്നതിനാൽ ട്രാൻസ്ഫോർമറുകൾ ഡ്രിപ്പാകുന്നുവെന്ന പരാതികളും പതിവായിട്ടുണ്ട്. ഇങ്ങനെ സാങ്കേതിക കാരണങ്ങളാലല്ലാതെ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ആവശ്യത്തിന് ലഭിക്കുന്നുണ്ട്. യൂണിറ്റിന് ശരാശരി 4-5 രൂപയാണ് വരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി കേരളം വൈദ്യുതി കൊടുക്കൽ-വാങ്ങൽ നടത്തുന്നുണ്ട്. അവിടെ ഡിമാൻഡ് കുറയുമ്പോൾ നാം വാങ്ങും. ഇവിടെ മഴക്കാലത്ത് അങ്ങോട്ട് നൽകും. ഉത്തരേന്ത്യയിൽ വേനൽ ശക്തിയാർജിക്കുമ്പോഴേക്കും ഇവിടെ മഴ തുടങ്ങും. അതിനാൽ ഇപ്പോൾ ലഭ്യത ഒരു പ്രശ്നമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയനുസരിച്ച് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം ക്രമീകരിച്ചിരിക്കുകയാണ്. വൈദ്യുതോപയോഗം സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കോഡ് ഭേദിച്ചു. ഏപ്രിൽ 13-ന് 881.02 ലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ബുധനാഴ്ച ഇത് 868. 20 ലക്ഷം യൂണിറ്റായി കുറഞ്ഞു. ഈ വേനൽക്കാലത്ത് ഒരു ദിവസം പരമാവധി 860 ലക്ഷം യൂണിറ്റ് വരെയേ ഉപഭോഗം ഉയരുകയുള്ളൂവെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ കണക്കാക്കിയിരുന്നത്. എ.സി.കളുടെ എണ്ണം വർധിച്ചതിനാലാണ് ഈ കണക്ക് തെറ്റിയത്. Content highlights:Power consumption in high mode, voltage problem reported in many areas in Kerala
from mathrubhumi.latestnews.rssfeed http://bit.ly/2UL1P9p
via
IFTTT
No comments:
Post a Comment