സ്റ്റാലിനോ പഴനിസാമിയോ? തമിഴകം ബൂത്തിലേക്ക് പോവുമ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

സ്റ്റാലിനോ പഴനിസാമിയോ? തമിഴകം ബൂത്തിലേക്ക് പോവുമ്പോള്‍

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലം. മധുരയിലെ തമുക്കം മൈതാനത്ത് ഡിഎംകെ മുന്നണിയുടെ സമാപന തിരഞ്ഞെടുപ്പ് യോഗം നടക്കുകയാണ്. വേദിയിൽ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത് പ്രസംഗിക്കുന്നു. വാജ്പേയി സർക്കാരിനെതിരെ രൂക്ഷവിമർശമാണ് സുർജിത് ഉയർത്തിയത്. ചിരകാല വൈരികളായ കോൺഗ്രസിനൊപ്പം ഒന്നിച്ച് ഒരേ മുന്നണിയിൽ തമിഴകത്ത് മത്സരിക്കുന്നതിന്റെ ജാള്യതയൊന്നും സുർജിത്തിന്റെ വാക്കുകളിലോ മുഖത്തോ ഉണ്ടായിരുന്നില്ല. തമുക്കം മൈതാനം നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് പരന്നൊഴുകിക്കൊണ്ടിരുന്ന ജനങ്ങളും ഡിഎംകെ മുന്നണിയുടെ വിചിത്രമായ ഘടനയെക്കുറിച്ച് ആകുലരായിരുന്നില്ല. രാമദാസിന്റെ പാട്ടാളി മക്കൾ കക്ഷിയും വൈകോയുടെ എംഡിഎംകെയും ഈ സഖ്യത്തിലുണ്ടായിരുന്നു. സുർജിത് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഡിഎംകെ നേതാവ് കലൈഞ്ജർ കരുണാനിധി എത്തിയത്. കലൈഞ്ജറെ കണ്ടതും പുരുഷാരം ഇളകി മറിഞ്ഞു. ജനക്കൂട്ടത്തിനിടയിലൂടെ കലൈഞ്ജർ വേദിയിലേക്ക് . ജനത്തിന്റെ പൾസറിഞ്ഞ് സുർജിത് പ്രസംഗം നിർത്തി. മൈക്ക് കലൈഞ്ജർക്ക് കൈമാറി സുർജിത് കസേരയിലിരുന്നു. എൻ ഉയിരിനും മേലാന ഉടൻ പിറപ്പുകളേ എന്ന ട്രെയ്ഡ്മാർക്ക് അഭിസംബോധനയിൽ തമുക്കം മൈതാനം ഇടിച്ചു നിറച്ച കതിന പോലെ പൊട്ടിത്തെറിക്കവെ കലൈഞ്ജർ തുടർന്നു ഇന്നിപ്പോൾ ഞാനും സഖാവ് സുർജിതും നിങ്ങളോട് ഡിഎംകെ മുന്നണിക്ക് വോട്ടുചെയ്യരുതെന്ന് പറഞ്ഞാൽ നിങ്ങൾ അനുസരിക്കില്ല. കാരണം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിങ്ങളെ അത്രയധികം വെറുപ്പിച്ചു കഴിഞ്ഞു. കലൈഞ്ജറുടെ വാക്കുകൾ അച്ചട്ടായിരുന്നു. ആ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പെടെ തമിഴകത്തെ 40 ലോക്സഭാ മണ്ഡലങ്ങളിലും ഡിഎംകെ മുന്നണി വെന്നിക്കൊടി പാറിപ്പിച്ചു. എന്റെ വോട്ട് ബിജെപിക്ക് എന്ന് രജനികാന്ത് പറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു അത്. പക്ഷേ, തമിഴ് ജനത അതെല്ലാം തള്ളിക്കളഞ്ഞു. ചുരുക്കം ചില സന്ദർഭങ്ങൾ ഒഴിച്ചു നിർത്തിയാൽ തമിഴ്നാട്ടിൽ പൊതു തിരഞ്ഞെടുപ്പുകളിൽ പൊതുവെ ജനത്തിന്റെ വിധിയെഴുത്ത് ഏതെങ്കിലും ഒരു വശത്തേക്ക് പൂർണ്ണമായും ചാഞ്ഞുകൊണ്ടായിരിക്കും. 2014 ൽ ഡിഎംകെയ്ക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. തനിച്ചു മത്സരിച്ച ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് തമിഴ്നാട്ടിലെ 39 സീറ്റുകളിൽ 37 ഉം സ്വന്തമാക്കാനായി. ഇത്തവണ 2004 ആവർത്തിക്കുമെന്നും കേന്ദ്രത്തിൽ പുതിയ സർക്കാരിന് അടിത്തറ ഇടുന്നതിൽ വീണ്ടും ഡിഎംകെ നിർണ്ണായക പങ്ക് വഹിക്കുമെന്നുമാണ് എം കെ സ്റ്റാലിൻ പറയുന്നത്. ആൾക്കൂട്ടം ഒരു സൂചനയാണെങ്കിൽ സ്റ്റാലിന്റെ വാക്കുകൾ വെറുതെയായേക്കില്ല. പക്ഷേ, 2004 അതേ പടി ആവർത്തിക്കുക പ്രയാസമാണ്. അന്ന് എഐഎഡിഎംകെയുടെ കൂടെ ബിജെപി മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോൾ വിജയകാന്തിന്റെ ഡിഎംഡികെയും രാമദാസിന്റെ പാട്ടാളി മക്കൾ കക്ഷിയും ഡോക്ടർ കൃഷ്ണസാമിയുടെ പുതിയ തമിഴകവും ജി കെ വാസന്റെ തമിഴ്മാനിലകോൺഗ്രസും എഐഎഡിഎംകെ - ബിജെപി സഖ്യത്തിലുണ്ട്. ഡിഎംകെയ്ക്കൊപ്പം കോൺഗ്രസ് , എംഡിഎംകെ, സിപിഐ , സിപിഎം , വിടുതലൈ ചിറുതൈകൾ കച്ചി , മുസ്ലിംലീഗ്, അഖിലേന്ത്യ ജനനായക കച്ചി എന്നിവയാണുള്ളത്. വൻതോതിൽ കള്ളപ്പണം പിടിച്ചതിനെത്തുടർന്ന് വെല്ലൂരിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു ലോക്സഭാ മണ്ഡലത്തിലേക്ക് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുന്നത് ഇതാദ്യമായിട്ടാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ 38 മണ്ഡലങ്ങളിലാണ് ഏപ്രിൽ 18ന് തമിഴ്നാട്ടിൽ ജനങ്ങൾ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. ജയലളിതയും കരുണാനിധിയും ഇല്ലാതെ ദ്രാവിഡ രഷ്ട്രീയം എന്നും നേതാക്കൾക്ക് ചുറ്റുമായിരുന്നു കറങ്ങിക്കൊണ്ടിരുന്നത്. അണ്ണാദുരൈയും കരുണാനിധിയും എംജിആറും ജയലളിതയും അണികൾക്ക് ദൈവ തുല്ല്യരായിരുന്നു. അവർ പറയുന്നതായിരുന്നു വേദം , അവർ ചെയ്യുന്നതായിരുന്നു നിയമം. തമിഴകത്ത് അതികായരായ നേതാക്കൾ ഇല്ലാത്ത തിരഞ്ഞെടുപ്പാണിത്. ഡിഎംകെയിൽ സ്റ്റാലിൻ അനിഷേദ്ധ്യനായ നേതാവാണ്. പക്ഷേ, സ്റ്റാലിൻ കലൈഞ്ജറല്ല. എഐഎഡിഎംകെയിലാണെങ്കിൽ മുഖ്യമന്ത്രി എടപ്പാടി പഴനിസാമിയും ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും ജയലളിതയുടെ നിഴലുകൾ പോലുമല്ല. എഐഎഡിഎംകെ പൊതുയോഗങ്ങളിൽ നരേന്ദ്രമോദിയുടെ ചിത്രം പ്രഥമ സ്ഥാനം കൈവരിക്കുന്ന കാഴ്ച ഈ പ്രതിസന്ധിയുടെ ആഴത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഈ ലേഡിയാണ് മോഡിയേക്കാൾ മികച്ച ഭരണകർത്താവ് എന്നുറക്കെ പറഞ്ഞാണ് 2014 ൽ ജയലളിത വോട്ടുനേടിയത് എന്ന കാര്യവും മറക്കാനാവില്ല. ബിജെപി ത്മിഴകത്ത് ഒരു ശക്തിയല്ല. ദ്രവീഡിയൻ പാർട്ടികളുടെ സഹായമില്ലാതെ നിയമസഭാ - ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ ബിജെപിക്കായിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ഡിഎംഡികെയും പാട്ടാളിമക്കൾ കക്ഷിയും വൈകായുടെ എം ഡിഎംകെയും ബിജെപിക്കൊപ്പുണ്ടായിരുന്നുവെന്നതും കോൺഗ്രസും ഡിഎംകെയും തമ്മിലടിച്ചു മത്സരിച്ചുവെന്നതുമാണ് കന്യാകുമാരിയിൽ ബിജെപിയുടെ പൊൻരാധാകൃഷ്ണന് തുണയായത്. എഐഎഡിഎംകെയുടെ നിയന്ത്രണം കൈയ്യിലുണ്ടെങ്കിലും മോദിയോ അമിത്ഷായോ തമിഴകത്ത് ജയലളിതയ്ക്ക് പകരമാവില്ല. ഈ തിരഞ്ഞെടുപ്പിൽ തമിഴകത്ത് എമ്പാടും ഒരുപോലെ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിവുള്ള ഒരു നേതാവുണ്ടെങ്കിൽ അത് സ്റ്റാലിൻ തന്നെയാണ്. ടി ടി വി ദിനകരനും 22 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇക്കുറി എഐഎഡിഎംകെ നേരിടുന്ന വലിയൊരു വെല്ലുവിളി ടി ടി വി ദിനകരനാണ്. എഐഎഡികെ പിടിക്കുക എന്ന ഏക അജണ്ടയാണ് ദിനകരനുള്ളത്. തമിഴകത്തെ പ്രബല സമുദായമായ തേവർവിഭാഗം ഈ ദൗത്യത്തിൽ ദിനകരന് പിന്നിൽ ഒന്നടങ്കമുണ്ട്. പണത്തിന് പണവും ആളിനാളുമായി ദിനകരൻ ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ കളിച്ച കളി തമിഴകം കണ്ടതാണ്. അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടിക്ക് രൂപം നൽകിയെങ്കിലും ആ പാർട്ടി ഇനിയും ദിനകരൻ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം എഐഎഡിഎംകെ ദുർബ്ബലമാവുമെന്നും അപ്പോൾ പാർട്ടി പിടിക്കാനാവുമെന്നാണ് ദിനകരൻ കണക്കു കൂട്ടുന്നത്. ഇതിനുള്ള സുവർണ്ണാവസരമാണ് 22 നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ രൂപത്തിൽ ദിനകരനെ തേടിയെത്തിയിരിക്കുന്നത്. ദിനകരന്റെ കൂടെ പോയതിന് സ്പീക്കർ 18 എം എൽ എമാരെ അയോഗ്യരാക്കിയിരുന്നു. കരുണാനിധിയുൾപ്പെടെ മൂന്നു പേരുടെ മരണവും അഴിമതിക്കേസിൽ ഒരു എം എം എൽ എ ശിക്ഷിക്കപ്പെട്ടതുമാണ് മറ്റ് നാലിടങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് അയോഗ്യരാക്കിയത്. ഏപ്രിൽ 18ന് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 18 മണ്ഡലങ്ങളിലേക്കും മെയ് 19ന് മറ്റ് നാലിടങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. 22 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നിലവിൽ സ്പീക്കറെ മാറ്റിനിരത്തിയാൽ 113 എം എൽഎമാരാണ് എഐഎഡിഎംകെയിലുള്ളത്. ഇതിൽ അഞ്ചുപേർ എഐഎഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞു നിൽക്കുകയാണ്. അതായത് 108 എംഎൽഎമാരുടെ പിന്തുണയേ എടപ്പാടി പഴനിസാമിക്ക് ഉറപ്പിക്കാനാവുകയുള്ളുവെന്നർത്ഥം. 22 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേവല ഭൂരിപക്ഷമായ 217 ലേക്കെത്താൻ എഐഎഡിഎംകെയ്ക്ക് ചുരുങ്ങിയത് 9 സീറ്റുകളിൽ വിജയിക്കേണ്ടി വരും. അതുകൊണ്ടുതന്നെ എടപ്പാടി പഴനിസാമിയെ സംബന്ധിച്ചിടത്തോളം ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ നിർണ്ണായകം ഈ 22 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പാണ്. ഇവിടെയാണ് ദിനകരൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ദിനകരന്റെ പാർട്ടി എഐഎഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കുമ്പോൾ അത് ഗുണം ചെയ്യുക ഡിഎംകെയ്ക്കായിരിക്കും. ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ 15 സീറ്റെങ്കിലും പിടിക്കുമന്നൊണ് അഭിപ്രായ വോട്ടെുപ്പുകൾ സൂചിപ്പിക്കുന്നത്. മെയ് 13ന് വോട്ടെണ്ണുമ്പോൾ എഐഎഡിഎംകെ സർക്കാരിന്റെ വീഴ്ചയുണ്ടാവുമെന്ന് എം കെ സ്റ്റാലിൻ പറയുന്നത് . ദിക്കറിയാതെ കമൽഹാസൻ കമൽഹാസന്റെ രാഷ്ട്രീയ പടപ്പുറപ്പാട് വൻ കോലാഹലമുണ്ടാക്കിയെങ്കിലും പ്രായോഗിക തലത്തിൽ അതായത് വോട്ടുപിടിക്കുന്ന കാര്യത്തിൽ വലിയ പ്രകമ്പനമൊന്നും സൃഷ്ടിക്കാൻ കമലിനാവില്ലെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടൽ. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ശക്തമായ വികാരം അലയടിക്കുമ്പോൾ അത് അനുകൂലമാക്കി മാറ്റാനുള്ള സംഘടനാ സംവിധാനമോ വി.വശേഷിയോ ഇല്ലെന്നതാണ് കമലിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിനെ ദുർബ്ബലമാക്കുന്നത്. ഡിഎംകെയയ്ക്കും എഐഎഡിഎംകെയ്ക്കും എതിരെ പോരാടുമ്പോഴും 1983 ൽ എൻ ടി രാമറാവു ആന്ധ്രയിൽ സൃഷ്ടിച്ചതുപോലൊരു തരംഗം തീർക്കാൻ കമലിന് കഴിഞ്ഞിട്ടില്ല. കമലിനേക്കാൾ എഐഎഡിഎംകെ പേടിക്കുന്നത് ടിടിവി ദിനകരനെത്തന്നെയാണ്. ഒരു ലോക്സഭാ സീറ്റിലും ജയിക്കാനായില്ലെങ്കിലും കമലിന്റെ പാർട്ടി വോട്ടുകൾ പിടിക്കും. പ്രത്യേകിച്ച് പുതിയ വോട്ടർമാർ കമലിന്റെ പാർട്ടിക്ക് വോട്ടുച്യൊനുള്ള സാദ്ധ്യത ഏറെയാണ്. കമൽ പിടിക്കുന്ന വോട്ടുകൾ എഐഎഡിഎംകെയുടേതായിരിക്കുമന്നൊണ് ഒരു നിരീക്ഷണം. എന്നാൽ പെരിയാറിന്റെ പാത പിന്തുടരുന്ന കമൽ പിടിക്കുക ഡിഎംകെ അനുകൂല വോട്ടുകളായിരിക്കുമന്നെ് മറ്റൊരു നിരീക്ഷണവുമുണ്ട്. തങ്ങളുടേത് കേഡർ വോട്ടുകളാണെന്നും അതുകൊണ്ടുതന്നെ ചോർച്ചയുണ്ടാവില്ലെന്നും ഡിഎംകെ പറയുന്നുണ്ട്. എന്തൊക്കെയായായാലും എഐഎഡിഎംകെയ്ക്ക് ദിനകരൻ ഏൽപിക്കുന്നതുപോലൊരു ആഘാതം കമലിന്റെ പാർട്ടിക്ക് ഡിഎംകെയുടെ മേൽ ഏൽപിക്കാനാവുമെന്ന് ആരും കരുതുന്നില്ല. പണത്തിന്റെ കളികൾ തമിഴകത്ത് തിരഞ്ഞെടുപ്പുകളിൽ പണം വലിയൊരു ഘടകമാണ്. 2009 ൽ മധുരയ്ക്കടുത്ത് തിരുമംഗലത്തെ ഉപതിരഞ്ഞെടുപ്പിൽ അന്നത്തെ ഡിഎംകെ നേതാവ് എം കെ അഴഗിരിയാണ് പണമെറിഞ്ജ് തിരഞ്ഞെടുപ്പ് പിടിക്കാനാവുമെന്ന് ആദ്യം തെളിയിച്ചത്. അന്ന് ഒരു വോട്ടിന് 500 രൂപ വെച്ച് ഡിഎംകെ ചെലവാക്കിയെന്നാണ് പിന്നീട് വിക്കിലീക്സ് വെളിപ്പെടുത്തിയത്. ഡിഎംകെ തുറന്നിട്ട ഈ വഴിയിലൂടെ ബഹുദൂരം മുന്നേറിയത് എഐഎഡിഎംകെയാണ്. പിന്നീടു വന്ന ഓരോ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെ പണം ചെലവഴിക്കുന്നതിൽ ഡിഎംകെയെ കടത്തിവെട്ടി. തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ തമിഴകത്ത് പ്രമുഖ പാർട്ടികൾ ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിനുള്ള പണം ഓരോ സ്ഥലത്തും എത്തിച്ചിരിക്കും. ഒരു നിയമസഭാ മണ്ഡലത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം പേർക്കെങ്കിലും കൃത്യമായി പണമെത്തിക്കുകയാണ് പദ്ധതിയെന്ന് ഒരു പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാവ് ഒരു സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം പേർക്ക് ആയിരം രൂപ വെച്ച് കൊടുക്കണമെങ്കിൽ പത്ത് കോടി രൂപ വേണം. അപ്പോൾ ഒരു ലോക്സഭാ മണ്ഡലത്തിൽ ആറ് നിയമസഭാ മണ്ഡലങ്ങളുണ്ടെങ്കിൽ 60 കോടി രൂപ ഇതിന് തന്നെ വേണം. ഇത്തവണ തമിഴ്നാട്ടിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ പിടിച്ചെടുത്തത് 202 കോടി രൂപയാണ്. പിടിച്ചെടുത്ത മദ്യത്തിന്റെയും സ്വർണ്ണത്തിന്റെയും വില കൂടി ക്കൂട്ടിയാൽ മൊത്തം 499.47 കോടി രൂപ വരും. മഞ്ഞുമലയുടെ അറ്റം മാത്രമാണീ തുകയെന്ന് എടുത്തുപറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് റദ്ദാക്കിയ വെല്ലൂർ മണ്ഡലത്തിൽ ഡിഎംകെയുമായാി ബന്ധമുള്ള ഒരു പ്രവർത്തകന്റെ വീട്ടിൽ നിന്നും 11 കോടിരൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. പണം അതിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുമ്പോഴും അതുകൊണ്ടു മാത്രം ഒരു പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചുകയറാനായെന്നു വരില്ല. അവിടെയാണ് ഭരണകൂടത്തിന് അനുകൂലമായോ പ്രതികൂലമായോ ഉള്ള ജനവികാരം നിർണ്ണായകമാവുന്നത്. ഇക്കുറി തമിഴകത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം ശക്തമാണെന്നാണ് സൂചന. അതുകൊണ്ടുതന്നെയാണ് ഏഴ് സീ്റ്റുകൾ പാട്ടാളി മക്കൾ കക്ഷിക്കും നാല് സീറ്റുകൾ ഡിഎംഡികെയ്ക്കും വിട്ടുകൊടുക്കാൻ എഐഎഡിഎംകെ തയ്യാറായത്. വി ഐ പി മണ്ഡലങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴകത്തെ പ്രമുഖ നേതാക്കളൊന്നും പൊതുവെ സ്ഥാനാർത്ഥികളാവാറില്ല. അണ്ണാദുരൈയും ജയലളിതയും രാജ്യസഭയിലേക്ക് പോയിട്ടുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. പി. ചിദംബരമാണ് അടുത്തകാലത്ത് തമിഴ്നാട്ടിൽ നിന്നും ലോക്സഭയിലേക്കെത്തിയ പ്രമുഖൻ. കഴിഞ്ഞ തിരഞ്ഞെടുപ്പ് തൊട്ട് പക്ഷേ, ചിദംബരവും പോരാട്ടത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇത്തവണ പക്ഷേ, കരുണാനിധിയുടെ മകൾ കനിമൊഴി മത്സരരംഗത്തുണ്ട്. തൂത്തുക്കുടിയിൽ നിന്നാണ് കനിമൊഴി ജനിവിധി തേടുന്നത്. കഴിഞ്ഞ രണ്ടു കൊല്ലമായി കനിമൊഴി തൂത്തുക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. രാജ്യസഭാംഗമെന്ന നിലയിൽ തൂത്തുക്കുടിയിലെ ഒരു ഗ്രാമമാണ് കനിാെമഴി ദത്തെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. നാടാർ സമുദായത്തിന് ഏറെ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ അമ്മ രാജാത്തിഅമ്മാൾ നാടാർ സമുദായക്കാരിയാണെന്നതും കനിമൊഴിയെ പിന്തുണച്ചേക്കും. പക്ഷേ, കനിാെമഴിക്ക് അനുകൂലമായ സുപ്രധാന ഘടകം തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ പോലീസ് വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവമാണ്. തമിഴകം ഉടനീളം എഐഎഡിഎംകെ - ബിജെപി സർക്കാരുകൾക്കെതിരെ വൻ ജനവികാരം ഉണർത്തിവിട്ട സംഭവമാണിത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷ തമിഴിശൈ സൗന്ദർരാജനാണ് തൂത്തുക്കുടിയിൽ കനിമൊഴിയെ നേരിടുന്നത്. കനിെമാഴിക്കെതിരെ തമിഴിശൈ വിജയിച്ചുകയറുമെന്ന് ബിജെപി നേതാക്കൾ പോലും കരുതുന്നുണ്ടാവില്ല. ശിവഗംഗയിൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി ചിദംബരത്തിന്റെ മകൻ കാർത്തിയാണ്. കഴിഞ്ഞ തവണ കോൺഗ്രസ് തനിച്ച് മത്സരിച്ചപ്പോൾ കാർത്തി ബിജെപി സ്ഥാനാർത്ഥി എച്ച് രാജയ്ക്കും പിന്നിൽ നാലാമതായിരുന്നു. ഇത്തവണ എച്ച് രാജ തന്നെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. രാജയെ എഐഎഡിഎംകെ പിന്തുണയ്ക്കുമ്പോൾ കാർത്തിക്ക് ഡിഎംകെയുടെ പിന്തുണയുണ്ട്. ഏഴു തവണ ചിദംബരം ജയിച്ചുകയറിയ ഈ മണ്ഡലം പക്ഷേ, ഇത്തവണ കാർത്തി സ്വന്തമാക്കുമെങ്കിൽ അതിന് നന്ദി പറയേണ്ടത് ടി ടി വി ദിനകരനോടായിരിക്കും .ദിനകരന്റെ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകളാണ് രാജയ്ക്ക് വിനയാവുക. എന്നാൽ മണ്ഡലത്തിൽ ചിദംബരം ഒരു വികസനവും കൊണ്ടുവന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ കാർത്തിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രശ്നമില്ലെന്നും രാജ പറയുന്നു. കന്യാകുമാരിയിൽ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പൊൻരാധാകൃഷ്ണൻ പൊരാഞ്ഞ പോരാട്ടത്തിലാണ്. കഴിഞ്ഞ തവണ ഡിഎം കെയും കോൺഗ്രസ്സും വേർ തിരിഞ്ഞും എഐഎഡിഎംകെ തനിച്ചും മത്സരിച്ചപ്പോൾ പൊൻരാധാകൃഷ്ണന് കാര്യങ്ങൾ എളുപ്പമായിരുന്നു. എന്നിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി വസന്തകുമാർ അവിടെ രണ്ടാം സ്ഥാനത്തെത്തി. ഇത്തവണ ഡിഎംകെയുടെയും ഇടതുകക്ഷികളുടെയും പിന്തുണയുള്ളപ്പോൾ ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നാണ് വസനതകുമാർ പറയുന്നത്. വ്യക്തിപരമായി പൊൻരാധാകൃഷ്ണന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കന്യാകുമാരി. തമിഴകത്ത് ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ പ്രഥമ സ്ഥാനത്താണ് കന്യാകുമാരി. ധർമ്മപുരിയിൽ എഐഎഡിഎംകെ സഖ്യത്തിലാണ് പിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൻപുമണി രാമദാസ് മത്സരിക്കുന്നത്. കഴിഞറ്റഞ തവണ ഡിഎംകെയേയും എഐഎഡിഎംകെയേയും ഒരു പോലെ എതിരിട്ട് അൻപുമണി പിടിച്ച മണ്ഡലമാണിത്. ഇവിടെ അൻപുമണി വീണാൽ അതിനർത്ഥം തമിഴകത്ത് എഐഎഡിഎംകെ മുന്നണിക്ക് ഒരു സീറ്റു പോലും കിട്ടില്ലെന്നാണ്. എന്നാൽ വണ്ണിയർ സമുദായത്തിന് മേൽക്കെയ്യുള്ള ധർമ്മപുരിയിൽ അൻപുമണിയെ തോൽപിക്കുക എളുപ്പമാണെന്ന് അൻപുമണിയുടെ കടുത്ത എതിരാളികൾ പോലും പറയില്ല. കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഇ വി കെ എസ് ഇളങ്കോവൻ മത്സരിക്കുന്ന തേനിയാണ് ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധയാകർഷിക്കുന്ന ഒരു മണ്ഡലം. ടി ടി വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണിത്. ദിനകരന്റെ വലംകൈയ്യെന്ന് വിശേഷിപ്പിക്കപ്പെടുന്ന തങ്കത്തമിഴ്ശെൽവനാണ് ഇവിടെ എ എം എം കെ സ്ഥാനാർത്ഥി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റെ മകൻ രവീന്ദ്രരാജയെയാണ് എഐഎഡിഎംകെ കളത്തിലിറക്കിയിരിക്കുന്നത്.മത്സരം താനും ഇളങ്കോവനുമായിട്ടാണെന്നും രവീന്ദ്രരാജ മൂന്നാംസ്ഥാനത്തിനു വേണ്ടിയാണ് രംഗത്തുള്ളതെന്നും തങ്കത്തമിഴ്ശെൽവൻ ആരോപിക്കുന്നു. തേനിയിൽ ഇളങ്കോവൻ വിജയിച്ചാൽ കോൺഗ്രസിന് ദിനകരനോടുള്ള കടപ്പാട് ചെറുതായിരിക്കില്ല. നീലഗിരിയിൽ ഡിഎംകെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ രാജ മത്സരരംഗത്തുണ്ട്. ചെന്നൈ സെൻട്രലിൽ നിന്നാണ് മുൻ കേന്ദ്ര മന്ത്രി ദയാനിധി മാരൻ ജനവിധി തേടുന്നത്. വിടുതലൈ ചിറുതൈകൾ കച്ചി നേതാവ് തിരുമാവളവനാണ് പോർക്കളത്തിലുള്ള മറ്റൊരു പ്രധാന നേതാവ്. ചിദംബരത്തു നിന്നാണ് തിരുമാവളവന്റെ പോരാട്ടം. പുതുച്ചേരി തിരിച്ചു പിടിക്കാൻ കോൺഗ്രസ് പുതുച്ചേരി കഴിഞ്ഞ തവണ കൈവിട്ടുപോയതിന്റെ ക്ഷീണം ഇക്കുറി തീർക്കുമെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സാമി പറയുന്നത്. 2014 ൽ നാരായണസാമിയെ പരാജയപ്പെടുത്തിയാണ് എൻ ആർ കോൺഗ്രസ് സ്ഥാനാർത്ഥി രാധാകൃഷ്ണൻ മണ്ഡലം പിടിച്ചത്. പിന്നിട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേട്ടമുണ്ടാക്കിയപ്പോൾ നാരായണസാമി മുഖ്യമന്ത്രിയായി. മുൻ മുഖ്യമന്ത്രിയും സ്പീക്കറുമായ വി.വൈതിലിംഗമാണ് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി. നിലവിൽ എം പിയായ രാധാകൃഷ്ണന് എൻ ആർ കോൺഗ്രസ് സീ്റ്റ് കൊടുത്തിട്ടില്ല. പകരം പുതുമുഖമായ കെ .നാരായണസാമിയാണ് എൻ ആർ കോൺഗ്രസ് - ബിജെപി - എഐഎഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർത്ഥി. എൻ ആർ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ രംഗസാമിയുമായി തെറ്റിയതാണ് രാധാകൃഷ്ണന് പ്രശ്നമായത്. പുതുച്ചേരിയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പിന്റെ മേധാവിയായ നാരായണസാമിക്ക് വൈതിലിംഗത്തെ തോൽപിക്കാനാവുമോ എന്ന ചോദ്യം എൻ ആർ കോൺഗ്രസിന്റെ അണികൾക്കിടയിൽ നിന്നു തന്നെ ഉയരുന്നുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രി നാരായണസാമിയും ലഫ്റ്റ്നന്റ് ഗവർണ്ണർ കിരൺബേദിയും തമ്മിലുള്ള കിടമത്സരങ്ങളാണ് അടുത്തിടെയായി പുതുച്ചേരിയെ ദേശീയ ശ്രദ്ധയിൽ നിർത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ കിരൺബേദി കോൺഗ്രസ് സരക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനുള്ള മറുപടി പുതുച്ചേരിയിലെ ജനങ്ങൾ ഏപ്രിൽ 18ന് നൽകുമെന്നും നാരായണസാമി പറയുന്നു. പുതുച്ചേരി , മയ്യഴി, കാരൈക്കൽ , യാനം ജില്ലകളിലായി 9,59, 566 വോട്ടർമാരാണ് പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലുള്ളത്.


from mathrubhumi.latestnews.rssfeed http://bit.ly/2VXDWYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages