ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്ങിനെതിരേ നടപടിക്കു സാധ്യത. രാഷ്ട്രീയപ്രസ്താവന നടത്തി സിങ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുകാട്ടിയുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ കത്ത് രാഷ്ട്രപതി രാംനാഥ് കോവിങ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി. മോദിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ സിങ് അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. സിങ്ങിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് കമ്മിഷൻ രാഷ്ട്രപതിക്ക് കത്തയച്ചത്. 'ആവശ്യമായ നടപടി' യെടുക്കണമെന്ന് നിർദേശിച്ച് രാഷ്ട്രപതി ബുധനാഴ്ച കത്ത് ആഭ്യന്തരമന്ത്രാലത്തിനു കൈമാറി. ഇതു സാധാരണ നടപടിക്രമമാണെന്നും കത്തുകിട്ടിയ ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. നടപടിയുണ്ടായാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാഷ്ട്രപതിയുടെ ശുപാർശപ്രകാരം നടപടി നേരിടുന്ന ആദ്യ ഗവർണറാവും സിങ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് പ്രധാനമന്ത്രിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി ഗവർണർ പെരുമാറ്റച്ചട്ടം ലംഘിച്ചത്. കഴിഞ്ഞമാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലവിൽവന്ന പെരുമാറ്റച്ചട്ടം ഗവർണറുടേതുപോലുള്ള ഭരണഘടനാപദവി വാഹിക്കുന്നവർക്ക് ബാധകമല്ല. എങ്കിലും 'ഭരണഘടനാപദവി വഹിക്കുന്ന ആർക്കും പ്രചാരണം നടത്താൻ അനുവാദമില്ലെ'ന്ന് രാഷ്ട്രപതിയുടെ ഓഫീസ് പറഞ്ഞിരുന്നു. ഗവർണർ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുകാട്ടി തിരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രപതിക്കു കത്തയക്കുന്നതും അപൂർവമാണ്. രാജ്യത്തിന്റെ നന്മയ്ക്കായി മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് കഴിഞ്ഞമാസമാണ് സിങ് ആഹ്വാനം ചെയ്തത്. മാർച്ച് 23-ന് സ്വദേശമായ ഉത്തർപ്രദേശിലെ അലിഗഢിലുള്ള വീട്ടിൽ പാർട്ടിപ്രവർത്തകരെ കാണുമ്പോഴായിരുന്നു ഇത്. “നാമെല്ലാം ബി.ജെ.പി. പ്രവർത്തകരാണ്. അതിനാൽ, ബി.ജെ.പി. ജയിക്കണമെന്നാണ് നാം തീർച്ചയായും ആഗ്രഹിക്കുന്നത്. മോദിജി ഒരിക്കൽക്കൂടി പ്രധാനമന്ത്രികണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അത് രാജ്യത്തിനും സമൂഹത്തിനും ആവശ്യമാണ്” -എന്നായിരുന്നു സിങ്ങിന്റെ വാക്കുകൾ. ബി.ജെ.പി.ക്കാരനായ സിങ് 2014-ലാണ് ഗവർണറായത്. 1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1999-ൽ ബി.ജെ.പി. വിട്ട അദ്ദേഹം 2004-ൽ തിരിച്ചെത്തി. 1990-കളിൽ മകനുേവണ്ടി പ്രചാരണത്തിനിറങ്ങിയ ഹിമാചൽപ്രദേശ് ഗവർണർ ഗുൽഷർ അഹമ്മദിന് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെപേരിൽ രാജിവെക്കേണ്ടിവന്നിരുന്നു. content highlights: President Forwards EC Complaint File to Centre on Rajasthan Governor Kalyan Singh
from mathrubhumi.latestnews.rssfeed http://bit.ly/2TXVS3E
via
IFTTT
No comments:
Post a Comment