ആകാശത്തു വച്ച് ഒരു അഭിമുഖം. പ്രധാനമന്ത്രിമാർക്കൊപ്പമോ വിദേശകാര്യമന്ത്രിമാർക്കൊപ്പമോ ഉള്ള വിദേശയാത്രകളിൽ വിമാനത്തിനുള്ളിൽ പത്രസമ്മേളനങ്ങൾ നടക്കുകയും അതിൽ പങ്കെടുക്കുകയും വിമാനമിറങ്ങിയ ശേഷം അത് സംബന്ധിച്ച വാർത്തകൾ ഓഫീസിലേക്ക് പലമാർഗ്ഗങ്ങളിലൂടെ അയക്കുകയും ചെയ്ത അനുഭവങ്ങളായിരുന്നു ഇതുവരെ. വാർത്തകൾ അയക്കാൻ ഫാക്സ് മുതൽ മൊബൈൽ ടെലി ഇൻ വരെയുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. എന്നാൽ പറക്കുന്ന വിമാനത്തിൽ വച്ച് അഭിമുഖം നടത്തിയതും ശബ്ദലേഖനം ചെയ്തതും വിമാനം നിലം തൊട്ടതിന് പിന്നാലെ അത് വാർത്തയായി അയച്ചതും ആദ്യമായിട്ടായിരുന്നു. മാതൃഭൂമിക്കായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖം കർണാടകയിലെ ഹുബാളി (പഴയ ഹൂബ്ലി )യിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ചെറുവിമാനത്തിനുള്ളിലായിരുന്നു. ഹുബാളിയിലേക്ക് അടുത്ത ദിവസം രാവിലെ കർണാടകയിലെ ഹുബാളിയിൽ എത്താമോ? എന്ന ചോദ്യവുമായെത്തിയ ടെലിഫോൺ വിളിയിൽ നിന്നായിരുന്നു അഭിമുഖത്തിനുള്ള യാത്രയുടെ പിരിമുറുക്കങ്ങൾ നിറഞ്ഞ മണിക്കൂറുകളുടെ ആരംഭം. അവിടെ എത്തിയാൽ ഹുബാളിയിൽ നിന്ന് തിരുവനന്തപുരം വരെയുള്ള വിമാനയാത്രയിൽ അമിത് ഷായുമായുള്ള അഭിമുഖം കിട്ടും. അഭിമുഖത്തിനായുള്ള ശ്രമങ്ങളുടെ ഫലമെന്ന നിലയിൽ ഏപ്രിൽ 20 ന് രാത്രി പത്ത് മണിയോടെയായിരുന്നു ആ വിളിയെത്തിയത്. ഉടൻ തന്നെ വിവരം സ്ഥാപനത്തെ അറിയിച്ചു. ചെറിയ സമയത്തിനുള്ളിൽ അത്ര ദൂരെ എത്തിച്ചേരുക ദുഷ്കരമെന്നായിരുന്നു മനസ്സിൽ ആദ്യം തോന്നിയത്. കാരണം ഹുബാളി എന്ന ഇടത്തരം നഗരത്തിലേക്ക് ഡൽഹിയിൽ നിന്ന് നേരിട്ട് വിമാന സർവീസില്ല. ബാംഗ്ലൂരിൽ നിന്നാണ് ഹുബാളിയിലേക്ക് സർവീസുള്ളത്. ബാംഗ്ലൂരിൽ നിന്ന് ഒരു മണിക്കൂർ പിന്നെയും പറക്കണം ഹുബാളിയിലെത്താൻ. ബാംഗ്ലൂരിൽ നിന്ന് റോഡ് മാർഗ്ഗം പോയാൽ സമയത്ത് എത്തിച്ചേരില്ല. ഡൽഹി-ബാംഗ്ലൂർ, ബാംഗ്ലൂർ-ഹുബാളി എന്നിങ്ങനെ യാത്രാമാർഗ്ഗം കൃത്യമായി ഒരുങ്ങിയാൽ മാത്രമേ രാവിലെ പത്ത് മണിയോടെ ഹുബാളിയിൽ എത്തിച്ചേരാൻ കഴിയു. ശ്രമിച്ചു നോക്കാമെന്ന ധാരണയിൽ ട്രാവൽ ഏജൻസികളുടെ സൈറ്റുകളിൽ പരതി. പുലർച്ചെ മൂന്ന് മണിക്ക് ഡൽഹി -ബാംഗ്ലൂർ വിമാനമുണ്ട്. അത് അഞ്ചരയാകുമ്പോൾ ബാംഗ്ലൂരിലെത്തും. തുടർന്ന് ബാംഗ്ലൂരിൽ നിന്ന് രാവിലെ എട്ട് മണിക്കും പത്ത് മണിക്കും രണ്ട് വിമാനങ്ങൾ ഹുബാളിയിലേക്കുണ്ട്. ആ വിമാനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഉടൻ തന്നെ ടിക്കറ്റുകൾ എടുത്തു. ഫോൺ വിളിയെത്തിയ വഴിയിലൂടെ തിരികെ വിളിച്ച് വിവരം പറഞ്ഞു : രാവിലെ ഹുബാളിയിൽ എത്തും. മറുതലയ്ക്കൽ ബി.ജെ.പി ഓഫീസിൽ നിന്നുള്ള മറുപടി :എങ്കിൽ, എത്രയും വേഗം പുറപ്പെട്ടോളൂ, ഹുബാളിയിൽ നിന്നുള്ള കാര്യങ്ങൾ ഞങ്ങൾ റെഡിയാക്കാം. ലാപ്ടോപ്പ് ബാഗും വസ്ത്രങ്ങളടങ്ങിയ ചെറുബാഗും തോളിലെടുത്ത് തൊട്ടടുത്തുള്ള ടാക്സി സ്റ്റാൻഡിലേക്ക് പാഞ്ഞു. ഉറക്കം മാറി നിന്ന യാത്രകൾക്ക് ശേഷം ഏപ്രിൽ 21 ന് രാവിലെ 9 മണിയോടെ നേരിയ തണുപ്പിൽ കുതിർന്ന ചൂടണിഞ്ഞ ഹുബാളി വിമാനത്താവളത്തിൽ എത്തി. കരുതിയത് പോലെയല്ല, വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ചെറിയ വിമാനത്താവളമാണ് ഹുബാളിയിലേത്. വ്യവസായ നഗരമായ ഹുബാളിയിലേക്കുള്ള യാത്രകൾ ഏറെയും അതുമായി ബന്ധപ്പെട്ടവരുടേതാണെന്ന് പിന്നീട് മനസ്സിലായി. കുളിയാദികൾ നടത്തി എത്രയും വേഗം ഫ്രഷാകണം. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആദ്യം അന്വേഷിച്ചതും അതായിരുന്നു. അതിനുള്ള സൗകര്യങ്ങൾക്കായി ഒരു ഹോട്ടലോ ലോഡ്ജോ കിട്ടുമോ ?അടുത്തുകൂടിയ ടാക്സി ഡ്രൈവർ യുവാവിനോട് ചോദിച്ചു. ഇവിടെയില്ല, പതിനഞ്ച് മിനുട്ട് പോയാൽ അക്ഷയ് പാർക്ക് എന്ന സ്ഥലമുണ്ട്. ടൗണിന്റെ തുടക്കമാണ്. അവിടെ കിട്ടും-ഉത്സാഹത്തോടെ യുവാവ് പറഞ്ഞു. സതീഷ് എന്ന യുവാവ് സാരഥിയായ ടാക്സിയിൽ കയറി അക്ഷയ് പാർക്കിലെത്തി. ആദ്യം കണ്ട ചെറുഹോട്ടലിൽ നിന്ന് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് വേഷം മാറി വീണ്ടും അതേ ടാക്സിയിൽ തിരികെ വിമാനത്താവളത്തിലേക്ക്.പുറപ്പെടൽ കവാടത്തിലെത്തുമ്പോൾ, പോലീസും സന്നാഹവും വരാനിരിക്കുന്ന വി.ഐ.പിയെ കാത്ത് നിൽക്കുന്നു. കുറച്ച് ബി.ജെ.പി പ്രവർത്തകരുമുണ്ട്. അമിത് ഷാ തലേ ദിവസം തന്നെ ഹൂബ്ലിയിലുണ്ട്, ഇപ്പോൾ ഇവിടേക്ക് എത്തും, എന്നിട്ട് ശിവമോഗ (പഴയ ഷിമോഗ)യിലേക്ക് ഹെലികോപ്ടറിൽ പോകും,അവിടെ റോഡ് ഷോയുണ്ട്.അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അൽപ നിമിഷങ്ങൾക്കുള്ളിൽ അമിത് ഷായുമായി വാഹനമെത്തി. വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന കുറച്ച് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. അവർക്ക് നേരെ കൈവീശി കാണിച്ച ശേഷം അമിത് ഷാ വിമാനത്താവളത്തിലേക്ക് കടന്നു. പുറത്ത് കാത്തിരിപ്പ് കസേരയിൽ ഞാൻ ഇരുന്നു. ഹുബാളിയിൽ എത്തിയാൽ വിളിക്കേണ്ട നമ്പറിൽ വിളിച്ച് സ്ഥലത്തെത്തിയ കാര്യം അറിയിക്കാമെന്ന് കരുതി ശ്രമിച്ചു. എന്നാൽ ഫോൺ കിട്ടുന്നില്ല. റേഞ്ച് പ്രശ്നം. ഈ മൊബൈൽ നമ്പറല്ലാതെ മറ്റൊരു മാർഗ്ഗവും കൈവശമില്ല. വാട്സാപ്പിലൂടെയും എസ്.എം.എസായും അതേ നമ്പറിലേക്ക് വിവരങ്ങൾ വിശദീകരിച്ച് സന്ദേശം പാഞ്ഞു. അൽപം കഴിഞ്ഞപ്പോൾ മറുപടിസന്ദേശമെത്തി. വിമാനത്താവളത്തിൽ ബന്ധപ്പെടേണ്ട നമ്പർ സന്ദേശത്തിലുണ്ടായിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോൾ,നിൽക്കുന്ന ഗേറ്റിനടുത്ത് തന്നെ നിന്നോളൂ. ബോർഡിംഗ് പാസ്സുമായി ആളെത്തുമെന്ന് മറുപടി. മിനുട്ടുകൾ കഴിഞ്ഞപ്പോൾ, അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി സഞ്ചരിക്കുന്ന പ്രത്യേക വിമാനത്തിന്റെ കമ്പനി പ്രതിനിധി പുറത്തു വന്നു. ബോർഡിംഗ് പാസ്സുമായി അകത്തേക്ക് കൊണ്ടു പോയി. കാത്തിരിപ്പ് മുറിയിൽ ഇരുത്തി. അപ്പോഴേക്ക് കാത്തിരിപ്പ് മുറിയിലെ ടെലിവിഷനുകളിൽ ശിവമോഗയിൽ അമിത് ഷാ നടത്തുന്ന റാലിയുടെ തൽസമയ ദൃശ്യങ്ങൾ നിറഞ്ഞു തുടങ്ങി. ഉച്ചക്ക് 12.45 നായിരുന്നു ഹുബാളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക വിമാനത്തിൽ അമിത് ഷായുടെ യാത്ര നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം അവിടെ നിന്ന് തന്നെ ഹെലികോപ്ടറിൽ പത്തനംതിട്ടയിലും ആലപ്പുഴയിലും പോയി റോഡ്ഷോകളിൽ പങ്കെടുക്കും. തുടർന്ന് വൈകിട്ട് കൊച്ചിയിൽ എത്തും. അവിടെ നിന്ന് അഹമ്മദാബാദിലേക്ക്. ഇതായിരുന്നു അന്നത്തെ യാത്രാ പദ്ധതി. ദീർഘദൂര യാത്രകൾക്ക് പതിനാല് സീറ്റുകളുള്ള പ്രത്യേക വിമാനവും ചെറുയാത്രകൾക്ക് ഹെലികോപ്ടറും എന്നതാണ് തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ അമിത് ഷായുടെ രീതി. ശിവമോഗയിലെ റാലി അൽപം നീണ്ടു പോയതിനാൽ തിരുവനന്തപുരത്തേക്കുള്ള യാത്രം അൽപം വൈകുമെന്ന് വിമാനക്കമ്പനി ഉദ്യോഗസ്ഥൻ അറിയിച്ചു. 1.30 നാണ് യാത്ര പുറപ്പെടുക. ഒരു മണിയായപ്പോൾ, സുരക്ഷാ പരിശോധനകൾക്ക് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടന്നു. വിമാനക്കമ്പനി പ്രതിനിധികളും സഹായങ്ങൾക്കായി ഒപ്പമുണ്ടായിരുന്നു. കൊടും ചൂടിൽ ചുട്ടു പഴുത്തുകിടന്ന റൺവെയിൽ ക്ലബ് വൺ എയർ എന്ന ചെറു വിമാനം കാത്തു നിൽക്കുന്നു. ഹുബാളിയിൽ മറ്റൊരു പ്രചരണപരിപാടിയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും പേറി ഡൽഹിയിൽ നിന്ന് മറ്റൊരു ചെറുവിമാനം അതിനിടയിൽ വന്നിറങ്ങി. സുഷമാ സ്വരാജ് കാറിൽ കയറി റാലിയിൽ പങ്കെടുക്കാൻ നീങ്ങി. 1.20 ആയപ്പോൾ വിമാനത്തിനുള്ളിലേക്ക് വിമാനക്കമ്പനി ഉദ്യോഗസ്ഥർ നയിച്ചു. പത്ത് മിനുട്ട് വിമാനത്തിനുള്ളിൽ കാത്തിരുന്നു. അമിത് ഷായോടൊപ്പം ലേഖകൻ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ചെറുവിമാനം. അല്പം കഴിഞ്ഞപ്പോൾ, അമിത് ഷായുടെ ഹെലികോപ്ടർ ശിവമോഗയിൽ നിന്ന് പറന്നിറങ്ങി. ഹെലികോപ്ടറിൽ നിന്നിറങ്ങി ഷാ വിമാനത്തിനുള്ളിലെത്തി. നോക്കി ചിരിച്ച ശേഷം ഇരിപ്പിടത്തിലേക്ക്. ക്യാബിൻ ക്രൂ ഉൾപ്പടെ വിമാനത്തിൽ അപ്പോൾ ഏഴു പേർ മാത്രം. വിമാനം പുറപ്പടും മുമ്പ് സെക്രട്ടറി നൽകിയ ഫോണുകളിലൂടെ മാറി മാറി വിവിധ സംസ്ഥാനങ്ങളിലെ വിവിധ നേതാക്കൾക്ക് അമിത് ഷായുടെ നിർദേശങ്ങൾ പായുന്നു. വിമാനം പറന്നു പൊങ്ങിയ ശേഷം നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞിട്ട് വീണ്ടും ഫോണിൽ അൽപ നേരം കൂടി. ഫോൺ വിളികൾ അവസാനിച്ചപ്പോൾ വിമാനം പതുക്കെ പറന്നുയർന്നു. ഞാൻ വോയ്സ് റെക്കോർഡർ പുറത്തെടുത്തു. അമിത് ഷാ തന്നെ ഇരിപ്പിടത്തിന്റെ സൈഡിൽ നിന്ന് വലിച്ച് വച്ച ചെറു മേശയിൽ വോയ്സ് റെക്കോർഡർ വച്ചു. മേശക്കപ്പുറവും ഇപ്പുറവും അഭിമുഖത്തിന് ഇരുന്നു.അപ്പോഴേക്ക് രണ്ട് പേർക്കും ഉച്ചഭക്ഷണമെത്തി. ആകാശ അഭിമുഖത്തിന്റെ മണിക്കൂർ വിപുലമായ വിഭവങ്ങളില്ലാത്ത ഉച്ചഭക്ഷണം കഴിച്ചു കൊണ്ടു തന്നെ അമിത് ഷാ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു തുടങ്ങി. അളന്നു തൂക്കിയുള്ള മറുപടികൾ. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം. വിവാദങ്ങളിൽ തൊടാതെ സമർഥമായുള്ള പ്രതികരണങ്ങൾ. ഇടയ്ക്ക് ഒപ്പമുള്ള സെക്രട്ടറിയോട്, കേരളത്തിന് എൻ.ഡി.എ സർക്കാർ ചെയ്ത സഹായങ്ങളും നേരത്തെ യു.പി.എ സർക്കാർ നൽകിയ സഹായങ്ങളും താരതമ്യം ചെയ്ത് തയ്യാറാക്കിയ രേഖയുടെ പകർപ്പ് നൽകാൻ നിർദേശിക്കുന്നു. സെക്രട്ടറി രേഖയുടെ കോപ്പി എനിക്ക് തന്നു. മുക്കാൽ മണിക്കൂറോളം നീണ്ട അഭിമുഖം റെക്കോർഡറിൽ പതിഞ്ഞു. അഭിമുഖം കഴിഞ്ഞപ്പോൾ,എന്നോട് ഭക്ഷണം കഴിക്കാൻ പറഞ്ഞിട്ട് ഹ്രസ്വമായ കുശലങ്ങൾ. മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തിരക്കുകൾ മൂലം തന്റെ മണ്ഡലമായ ഗാന്ധിനഗറിൽ കാര്യമായി പോകാൻ കഴിഞ്ഞില്ലെന്നും അടുത്ത ദിവസം അവിടെ റോഡ് ഷോകളിൽ പങ്കെടുക്കുമെന്നും പറഞ്ഞു. അഭിമുഖത്തിന് ഇടയിൽ സെക്രട്ടറി ഇരുവരുടെയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി നൽകി. 2.40 ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. വിമാനം നിലം തൊടുമ്പോഴേക്ക് സെക്രട്ടറി വീണ്ടും ഫോൺ അമിത് ഷായ്ക്ക് നീട്ടി. വീണ്ടും വിളികൾ. മറുപടികൾ. യാത്ര പറഞ്ഞ് ഞാൻ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി. അമിത് ഷായെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്ടർ പത്തനംതിട്ടയിലേക്കും. വിമാനത്താവളത്തിന് പുറത്തുള്ള ഹോട്ടൽ മുറിയിൽ ചേക്കേറി അഭിമുഖം പകർത്തിയെഴുതാനുള്ള തിരക്കിലേക്ക് മുങ്ങിയതോടെ ആകാശ അഭിമുഖത്തിന്റെ അവസാനഘട്ടമായി.
from mathrubhumi.latestnews.rssfeed http://bit.ly/2UEd3Yn
via
IFTTT
No comments:
Post a Comment