ചെന്നൈ: റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും വൈകാതെ അവ പ്രതീക്ഷിക്കാമെന്നും 'ഹിന്ദു' ദിനപത്രത്തിന്റെ ചെയർമാനും മുൻ ചീഫ് എഡിറ്ററുമായ എൻ. റാം. ചെന്നൈയിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാലിനുപിന്നിൽ ഒട്ടേറെ അഴിമതികൾ നടന്നിട്ടുണ്ട്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. പണം കൊടുത്ത് വാങ്ങിയതൊന്നുമല്ല അവ; രഹസ്യസ്രോതസ്സിൽനിന്ന് ലഭിച്ചതാണ്. രേഖകൾ ആരുനൽകി എന്ന് ആരോടും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് രഹസ്യമാക്കിത്തന്നെ സൂക്ഷിക്കും. രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ് റഫാൽ ഇടപാടിനുപിന്നിലെ അഴിമതികൾ പുറത്തുവിട്ടതെന്നും റാം പറഞ്ഞു. റഫാൽ രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷ്ടിച്ചെന്ന ആരോപണത്തെക്കുറിച്ച് എന്തുപറയുന്നു യഥാർഥരേഖകളുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്ന് സർക്കാർതന്നെ സുപ്രീംകോടതിയിൽ സമ്മതിച്ചിരിക്കുകയാണ്. അതിൽ സന്തോഷമുണ്ട്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന വേളയിൽ ബൊഫോഴ്സ് ഇടപാടിലും ഇതേ രീതിയിൽ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തിയിട്ടുണ്ട്. അന്ന് ആരും രേഖകൾ മോഷ്ടിച്ചതാണെന്ന് ആരോപണമുന്നയിച്ചിട്ടില്ല. സുപ്രീംകോടതിവരെ രേഖകൾ ശരിവെച്ചതുമാണ്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുവരുന്ന വാർത്തകൾക്ക് പിന്നിലെ രേഖകൾ മോഷ്ടിച്ചതാണെന്നുപറയുന്നത് അംഗീകരിക്കാനാവില്ല. റഫാൽ ഇടപാടിലെ ക്രമക്കേടുകൾ വിശദമാക്കി അഞ്ചുദിവസങ്ങളിൽ തുടർച്ചയായി വാർത്ത നൽകി. ഇതിൽ ക്രമക്കേടുകളെക്കുറിച്ചുള്ള ഏകദേശ രൂപം വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെയാണ് ഇടപാടിലെ ക്രമക്കേടുകൾ ക്രമക്കേടുകൾ ഒട്ടേറെയുണ്ട്. റഫാലിലെ പല സുപ്രധാന വിവരങ്ങളും കേന്ദ്രസർക്കാർ മറച്ചുവെച്ചു. പാർലമെന്റിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾപോലും സത്യാവസ്ഥ പുറത്തുപറയാൻ വിസമ്മതിച്ചു. പഴയ കരാറിനെക്കാൾ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കുന്നതാണ് പുതിയ കരാർ. രണ്ടാമത്തെ കരാറിൽ കൂടിയവിലയാണുള്ളത്. ബാങ്ക് ഗാരന്റി ഒഴിവാക്കിയത് വലിയ നഷ്ടമുണ്ടാക്കി. രാജ്യസുരക്ഷ സംബന്ധിച്ച ഇടപാടുകൾ നടത്തുമ്പോഴുള്ള സൂക്ഷ്മമായ നടപടിക്രമങ്ങൾപോലും പാലിച്ചിട്ടില്ല. അഴിമതി, സ്വാധീനം ചെലുത്തൽ, കമ്മിഷൻ പറ്റൽ തുടങ്ങിയ കാര്യങ്ങളുണ്ടായി. കാബിനറ്റിൽ വേണ്ടവിധത്തിൽ ഇത് അവതരിപ്പിച്ചില്ല. 2015 ഏപ്രിൽ പത്തിന് പാരീസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിടുക്കപ്പെട്ടാണ് പ്രഖ്യാപനം നടത്തിയത്. റഫാൽ രാജ്യത്തിന് മികവുറ്റ വിമാനമാണെന്നതിൽ തർക്കമില്ല. പക്ഷേ, ഇത്രയധികം ചെലവുവരുന്ന ഇടപാട് എന്തിനാണ് തിടുക്കപ്പെട്ട് പ്രഖ്യാപിച്ചതെന്നത് മനസ്സിലാകുന്നില്ല. ഹാർഡ്വേർ ഉൾപ്പെടെയുള്ള സാമഗ്രികൾക്കല്ല, പകരം വിമാനത്തിന്റെ രൂപകൽപ്പനയ്ക്കായിരുന്നു അധിക തുക എന്നത് സംശയമുളവാക്കുന്ന കാര്യമാണ്. ഇടപാടിൽ നേരിട്ട് പണക്കൈമാറ്റം നടന്നതിന് തെളിവുകളുണ്ടോ നേരിട്ട് പണം കൈമാറിയതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ബൊഫോഴ്സിൽ ഇതായിരുന്നില്ല അവസ്ഥ. നേരിട്ടുള്ള പണമിടപാട് ആദ്യമേ നടത്തുകയും അത് പുറത്തുവരുകയും ചെയ്തു. പ്രതിരോധമേഖലയിൽ ഇത്തരം അഴിമതികൾ സർവസാധാരണമാണ്. പൂർണമായും ഇത് ദൂരീകരിക്കാനും സാധിക്കില്ല. ഈ മേഖലയിൽ കമ്മിഷൻ പറ്റുന്നവരും ഏജന്റുമാരും ധാരാളമായുണ്ട്. ടു ജി സ്പെക്ട്രം അഴിമതിക്കേസിൽ പണമിടപാട് നടന്നിട്ടില്ലെന്നാണ് അന്നത്തെ ടെലികോം മന്ത്രി എ. രാജ വ്യക്തമാക്കിയിരുന്നത്. പിന്നീട് എന്തൊക്കെയാണ് നടന്നത് എന്നത് അറിയാമല്ലോ. കൈക്കൂലി വാങ്ങുന്നതും കമ്മിഷൻ പറ്റുന്നതും മാത്രമല്ല അഴിമതി. തീരുമാനം രൂപപ്പെടുത്തുന്ന ഘട്ടത്തിൽത്തന്നെ അഴിമതി കടന്നുകൂടുമ്പോഴാണ് അപകടം വർധിക്കുന്നത്. പ്രതിരോധമന്ത്രി നിർമലാ സീതാരാമന് റഫാൽ ഇടപാടിൽ പങ്കുണ്ടോ നിർമലാ സീതാരാമൻ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. അവർക്ക് പലകാര്യങ്ങളും അറിയില്ല. രേഖകൾ ഞാൻ മോഷ്ടിച്ചുവെന്ന് അവർ ഇതുവരെ പറഞ്ഞിട്ടില്ല. ഏതെങ്കിലും കോണിൽനിന്ന് ഭീഷണി നിലവിലുണ്ടോ ഇതുവരെ ഇല്ല. ബൊഫോഴ്സ് അഴിമതി റിപ്പോർട്ട് ചെയ്ത സമയത്ത് പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നത്തെ പ്രതിരോധ മന്ത്രി കെ.സി. പന്തിനെ സൗഹാർദ ചർച്ചയ്ക്കായി ചെന്നൈയിലേക്ക് അയച്ചിരുന്നു. അന്ന് അത്താഴസത്കാരത്തിനുവരെ ശ്രമിച്ചിരുന്നു. റഫാൽ ഇടപാടിനെക്കുറിച്ച് എഴുതിയപ്പോൾ പ്രധാനമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ആളെവിട്ട് കാണാൻ ശ്രമിച്ചിട്ടുമില്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശത്തിൽ അടിയുറച്ചുനിൽക്കുന്നു. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ റഫാൽ ഇടപാട് എൻ.ഡി.എ.യ്ക്ക് തിരിച്ചടിയാകുമോ? കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതുന്നില്ല. ജനങ്ങളെ നേരിട്ടുബാധിക്കുന്ന പ്രശ്നങ്ങളാണ് അവർ ഉയർത്തിക്കാട്ടുക. ഏത് പൊതുതിരഞ്ഞെടുപ്പ് എടുത്തുനോക്കിയാലും ഇതാണ് സ്ഥിതി. റഫാൽ തിരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ വിഷയമാകുമെങ്കിലും വോട്ടിന്റെ കാര്യത്തിലെത്തുമ്പോൾ തൊഴിലില്ലായ്മ, ഉപജീവനപ്രശ്നം, നോട്ട് അസാധുവാക്കൽ തുടങ്ങിയ ജനകീയപ്രശ്നങ്ങൾക്കായിരിക്കും വോട്ടർമാർ മുൻതൂക്കം നൽകുക. Content Highlights:Rafael deal, N Ram
from mathrubhumi.latestnews.rssfeed https://ift.tt/2UrtTdw
via
IFTTT
No comments:
Post a Comment