'തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നൊക്കെ പത്രക്കാര്‍ പറയും, വെറുതെയാണ്'; സുരക്ഷിതമായി എങ്ങനെ തെരഞ്ഞെടുപ്പ് നടത്താം; പത്ത് നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

'തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നൊക്കെ പത്രക്കാര്‍ പറയും, വെറുതെയാണ്'; സുരക്ഷിതമായി എങ്ങനെ തെരഞ്ഞെടുപ്പ് നടത്താം; പത്ത് നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എങ്ങനെ സുരക്ഷിതമായി തെരഞ്ഞെടുപ്പ് നടത്താമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യു എന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി. ഇതിനായി പത്ത് നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നൊക്കെ പത്രക്കാര്‍ പറയും, വെറുതെയാണ്. 'മനുഷ്യാ, നീ നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് പാര്‍ലമെന്റില്‍ സീറ്റ് നേടിയിട്ട് എന്ത് കാര്യം' എന്ന് ഞങ്ങളുടെ പുസ്തകത്തിലുണ്ട്. അതുകൊണ്ട് അല്പം സുരക്ഷാചിന്ത ഉള്ളത് നല്ലതാണ്.- മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സുരക്ഷിതമായ തിരഞ്ഞെടുപ്പിന് പത്തു നിര്‍ദ്ദേശങ്ങള്‍

കേരളത്തില്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പൂര്‍ത്തിയായി. ഇനി പ്രചാരണ കാലമാണ്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറയുന്നതിന് മുന്‍പ് ഈ തിരഞ്ഞെടുപ്പ് സുരക്ഷിതമാക്കാനുള്ള പത്തു കല്പനകള്‍ പറയാം. അതാവുന്‌പോള്‍ NOTA ഒഴിച്ച് എല്ലാവര്‍ക്കും ഗുണമുണ്ടാകുമല്ലോ.

തിരഞ്ഞെടുപ്പ് പ്രചാരണ കാലമായ അടുത്ത ഒരു മാസക്കാലം സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും മുഴുവന്‍ സമയം പ്രചാരണ രംഗത്തായിരിക്കും. മിക്കവാറും യാത്രയില്‍, പകല്‍ സമയത്ത് വീട് വീടാന്തരം കയറിയിറങ്ങുക, വൈകീട്ടായാല്‍ ജാഥകള്‍, സമ്മേളനങ്ങള്‍ എന്നിങ്ങനെ പോകും ഇനിയുള്ള ദിനങ്ങള്‍. സ്ഥാനാര്‍ത്ഥികളല്ലാത്ത നേതാക്കളും കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ പാഞ്ഞു നടക്കുകയായിരിക്കും. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നൊക്കെ പത്രക്കാര്‍ പറയും, വെറുതെയാണ്. 'മനുഷ്യാ, നീ നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് പാര്‍ലമെന്റില്‍ സീറ്റ് നേടിയിട്ട് എന്ത് കാര്യം' എന്ന് ഞങ്ങളുടെ പുസ്തകത്തിലുണ്ട്. അതുകൊണ്ട് അല്പം സുരക്ഷാചിന്ത ഉള്ളത് നല്ലതാണ്.

1. ഇലക്ഷന്‍ കാലത്ത് അധികം 'ചൂടാവാതെ' നോക്കണം: കേരളത്തിലെ ചൂട് ഇപ്പോള്‍ സാധാരണയിലും കൂടുതലാണ്. കഴിഞ്ഞ മാസം ശരാശരിയിലും എട്ടു ഡിഗ്രി കൂടിയിരുന്നു. ചൂട് 35 ഡിഗ്രിയില്‍ കൂടുതലാകുന്നത് സാധാരണമായിരിക്കുന്നു. പാലക്കാട്ട് 40 ന് മുകളിലും പോകാം. പുറത്തു ജോലി ചെയ്യുന്നവരോട് ഉച്ചക്ക് പന്ത്രണ്ടിനും വൈകീട്ട് മൂന്നിനും ഇടയില്‍ വെയിലത്ത് ജോലി ചെയ്യരുതെന്ന നിര്‍ദ്ദേശം കണ്ടു. നമ്മുടെ സ്ഥാനാര്‍ത്ഥികളും ഇക്കാര്യം ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഉച്ചയായാല്‍ എവിടെയെങ്കിലും വിശ്രമിക്കുക. ആ സമയത്ത് പ്രവര്‍ത്തകരെ കാണുകയോ തന്ത്രങ്ങള്‍ മെനയുകയോ ആകാമല്ലോ. അല്പം ഉറങ്ങിയാലും കുഴപ്പമില്ല. (പാര്‍ലിമെന്റില്‍ പോകുന്നതിന് മുന്‍പ് അല്പം പ്രാക്ടീസ് നല്ലതാണ്). രാവിലെ മുതല്‍ വൈകീട്ട് വരെ പൊരിവെയിലത്ത് പാഞ്ഞു നടക്കുന്നത് സൂര്യാഘാതം ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം. സൂര്യാഘാതം ആളെക്കൊല്ലിയാണ്.

2. ജയിച്ചാലും തോറ്റാലും പ്രചാരണകാലത്ത് 'വെള്ളം കുടിച്ചു' പോകുന്നതില്‍ തെറ്റില്ല: രാവിലെ മുതല്‍ വൈകീട്ട് വരെ വലിയവരെ കെട്ടിപ്പിടിച്ചും കുട്ടികളെ മുത്തിയും ഓടി നടക്കുന്‌പോള്‍ ഞങ്ങള്‍ സുരക്ഷക്കാര്‍ എപ്പോഴും പറയുന്ന 'ആവശ്യത്തിന് വെള്ളം കുടിക്കണം' എന്ന കാര്യം സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധിക്കാറില്ല. സ്ഥാനാര്‍ത്ഥികളുടെ കൂടെയുള്ളവരെങ്കിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചൂടുകാലത്ത് ഡീഹൈഡ്രേഷന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മുടെ സ്ഥാനാര്‍ത്ഥി ജയിച്ചാലും ആരോഗ്യത്തോടെ നിന്നാലേ നമ്മള്‍ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ. സ്ഥാനാര്‍ത്ഥികളുടെ ആരോഗ്യം നോക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

3. പച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്, സൂക്ഷിക്കണം: വെള്ളം ധാരാളം കുടിക്കണമെന്ന് പറഞ്ഞെങ്കിലും എവിടുന്ന് കിട്ടുന്ന വെള്ളവും കുടിക്കരുത്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും, പരിസ്ഥിതിയെ അറിയാതെയുള്ള കഴിഞ്ഞ അന്പതു വര്‍ഷത്തെ വികസനം കാരണം കേരളത്തിലെ തൊണ്ണൂറു ശതമാനം കിണറുകളിലേയും വെള്ളത്തില്‍ ഇ കോളി ഉണ്ട്. അതായത് മലം കൊണ്ടുള്ള മലിനീകരണം. പച്ചവെള്ളം നേരിട്ട് കുടിക്കാന്‍ പാടില്ല. കടയില്‍ കിട്ടുന്ന ജ്യൂസുകള്‍, ലസ്സി, സംഭാരം എല്ലാം പൊതുവെ കുഴപ്പം പിടിച്ചതാണ്. പ്രത്യേകിച്ചും ഐസിട്ട് കിട്ടുന്നത്. എത്ര സ്‌നേഹത്തോടെ തന്നാലും കുടിക്കാതിരിക്കുന്നതാണ് ബുദ്ധി. വേണ്ട എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഒരു വോട്ട് പോയേക്കാം. വയറിളകി രണ്ടു ദിവസം കിടപ്പിലായാല്‍ വോട്ടെത്ര പോകും? പറ്റുമെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളം കൈയില്‍ കരുതാന്‍ അനുയായികളോട് പറയുക. (ദാസേട്ടന്‍ ഒക്കെ അങ്ങനെ ആണെന്ന് സല്ലാപത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ). വെള്ളം ചൂടാക്കുന്‌പോള്‍ ചുക്കിന് പകരം കടുക്ക ഇട്ടാലും ഒരു ചുക്കും സംഭവിക്കില്ല എന്ന് യുവ ശാസ്ത്രജ്ഞനായ സുരേഷ് പിള്ള പറഞ്ഞിട്ടുണ്ട്. വെള്ളം കുടി സുരക്ഷിതമാകാന്‍ എപ്പോഴും കുപ്പിവെള്ളം വാങ്ങേണ്ട കാര്യമില്ല. കുപ്പിവെള്ളം സത്യത്തില്‍ കൂടുതല്‍ സുരക്ഷിതം ഒന്നുമല്ല. അത് വാങ്ങിക്കുടിക്കുന്‌പോള്‍ നിങ്ങള്‍ക്ക് മനസ്സമാധാനവും വെള്ളക്കന്പനിക്ക് കൂടുതല്‍ പണവും കിട്ടുമെന്നേ ഉള്ളൂ.

4. പണി പാലുംവെള്ളത്തിലും കിട്ടാം: തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു റിസ്‌ക്കാണ് ആളുകളുടെ സല്‍ക്കാരം. ആയിരക്കണക്കിന് ആളുകളെ ദിവസവും കാണുന്നു. അവര്‍ പലപ്പോഴും ചായ കുടിക്കാന്‍ ക്ഷണിക്കുന്നു. വേണ്ട എന്ന് പറഞ്ഞു മുഷിപ്പിക്കാതിരിക്കാന്‍ സ്ഥാനാര്‍ത്ഥി ദിവസവും പത്തോ പതിനഞ്ചോ ചായ കുടിക്കുന്നു. എന്നാല്‍ ഞാനൊരു സത്യം പറയട്ടെ. ഇന്ത്യക്കാരുടെ പാല്‍ച്ചായ, ചായയോടും ആരോഗ്യത്തോടും ഒരേ സമയം ചെയ്യുന്ന അനീതിയാണ്. പാലും പഞ്ചസാരയും ഇട്ടുണ്ടാക്കുന്ന ദ്രാവകം ചായയുടെ സ്വാദിനെയും ഗുണത്തേയും ഇല്ലാതാക്കുന്നു. ചായസഞ്ചിക്ക് പകരം പഴയ സോക്‌സില്‍ കൂടി പാലുംവെള്ളം ഒഴിച്ച് പഞ്ചസാര ഇട്ടിളക്കി കിട്ടുന്ന ദ്രാവകവും ഏതാണ്ട് അതുപോലെ തന്നെ ടേസ്റ്റി ആയിരിക്കും. ദിവസം പത്തു ചായ കുടിക്കുന്നവര്‍ ഒരു ദിവസം എത്ര മാത്രം പഞ്ചസാര അകത്തെത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച് നോക്കണം. ഇക്കാര്യത്തില്‍ കട്ടന്‍ ചായ ജീവാത്മാവും പരമാത്മാവും ആയ പാര്‍ട്ടിയെ അനുകരിക്കുന്നതാണ് നല്ലത്. (പഞ്ചസാര വേണ്ട).

5. ഇയാള്‍ക്ക് മാത്രം ഇത്രമാത്രം മൂത്രം?: രാവിലെ തന്നെ അനുയായികളോടൊപ്പം വീടിന് പുറത്തിറങ്ങുന്ന സ്ഥാനാര്‍ത്ഥിക്ക് നിന്നു തിരിയാന്‍ സമയം കിട്ടില്ല. ഇടക്ക് പോയി ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ ചുറ്റും പുരുഷാരം തന്നെ. സ്ത്രീകളാണ് സ്ഥാനാര്‍ത്ഥികളെങ്കില്‍ സ്ഥിതി പറയുകയും വേണ്ട. സ്ഥാനാര്‍ത്ഥിയുടെ ചുറ്റുമുള്ളവര്‍, സ്ഥാനാര്‍ത്ഥികളും മനുഷ്യരാണെന്നും പ്രകൃതിയുടെ വിളി അവര്‍ക്കും ഉണ്ടാകുമെന്നും അറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍. മൂന്നോ നാലോ മണിക്കൂറില്‍ വൃത്തിയായ ടോയ്ലറ്റ് ഉള്ള ഒരു 'ടെക്‌നിക്കല്‍ സ്റ്റോപ്പ്' എങ്ങനെയും യാത്രയുടെ പ്ലാനിലുണ്ടാക്കണം.

6. അഥവാ ബിരിയാണി കിട്ടിയാലോ?: ജനാധിപത്യത്തിന്റെ ഒരു പ്രത്യേകത എത്ര വന്പനും തിരഞ്ഞെടുപ്പായാല്‍ നാട്ടിലിറങ്ങും എന്നതാണ്. ചിലര്‍ കിണറിലും ഇറങ്ങും, അത് കാര്യമാക്കേണ്ട. വലിയ നേതാക്കളെ തൊട്ടടുത്ത് കിട്ടിയാല്‍ സല്‍ക്കരിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, മലബാറില്‍ പ്രത്യേകിച്ചും. ഇലക്ഷന്‍ സമയത്ത് സ്ഥാനാര്‍ത്ഥിക്ക് ബിരിയാണി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓസിനു കിട്ടുന്നതാണെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് അമിത ഭക്ഷണം ഒഴിവാക്കുന്നത് തന്നെയാണ് ബുദ്ധി. അത് ബിരിയാണി തന്നെ ആകണമെന്നില്ല, നമ്മുടെ നാടന്‍ ഊണും ആരോഗ്യത്തിന് പണി തരുന്നതില്‍ ഒട്ടും പുറകിലല്ല. പ്രത്യേകിച്ച് പായസം കൂടിയുണ്ടെങ്കില്‍. ഉച്ചക്ക് തൊണ്ടുള്ള പഴങ്ങള്‍ (നേന്ത്രപ്പഴം, ഓറഞ്ച്) കഴിക്കുന്നതാണ് ബുദ്ധി. ഒരു കാരണവശാലും സാലഡുകള്‍ കഴിക്കുകയും അരുത്.

പിന്നെ നാട്ടുകാരോട് ഒരു വാക്ക്. നമ്മുടെ സ്ഥാനാര്‍ത്ഥി വിജയിച്ച് എംപി ആയാല്‍ പിന്നെ അവരുടെ ചികിത്സാ ചിലവുകള്‍ മുഴുവന്‍ നമ്മുടെ നികുതിപ്പണം കൊണ്ടാണ്. ആയതിനാല്‍ നമ്മുടെ നേതാക്കളുടെ ആരോഗ്യം നമുക്ക് പ്രധാനമാണ്. സ്‌നേഹം കൊണ്ട് ബിരിയാണി കൊടുത്ത് നേതാവിന് കൊളസ്ട്രോള്‍ ഉണ്ടാക്കുന്നത്, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെ തന്നെയാണ്.

7. അപ്പുക്കുട്ടാ, ഓവര്‍ ആക്കരുത്: തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയുടെ വാഹന വ്യൂഹത്തിന്റെ കാര്യത്തില്‍ പോലീസ് കണ്ണടച്ചേക്കും, നേതാവ് നാളെ ജയിച്ചു മന്ത്രി ആയാല്‍ സല്യൂട്ട് അടയ്ക്കേണ്ടി വന്നാലോ എന്നുകരുതി. അദ്ദേഹത്തിന്റെ വാഹനം ഓടിക്കുന്നവരോ ചുറ്റുമുള്ളവരോ റോഡ് നിയമങ്ങള്‍ ലംഘിക്കരുത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുക, ബൈക്കിന് പുറകില്‍ എഴുന്നേറ്റ് നില്‍ക്കുക, ബൈക്കിലും കാറിലും ഓവര്‍ ലോഡ് ഉണ്ടാക്കുക, ബൈക്കിന്റെ പുറകിലിരുന്നും കാറിന്റെ ജനലില്‍ കൂടി കൈയിട്ടും കൊടിയോ ബാനറോ പറത്തുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, സ്പീഡില്‍ പോവുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യരുത്. പോലീസിന്റെ നിയമങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നില്‍ വളയൂ, പ്രകൃതി നിയമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്തും ബാധകമാണ്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ നിന്നും തലകുത്തി വീണാല്‍ സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷം ആശുപത്രിയില്‍ കിടന്ന് ടി വിയില്‍ കാണേണ്ടി വരും, അതും ഭാഗ്യമുണ്ടെങ്കില്‍ മാത്രം. ഇല്ലെങ്കില്‍ ജയിച്ചതിന് ശേഷം നേതാവിന്റെ ആദ്യ പരിപാടി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മരിച്ച പ്രവര്‍ത്തകന്റെ ഭവനസന്ദര്‍ശനം ആയിരിക്കും. അതെന്തായാലും വേണ്ട...

8. ധീരന്മാര്‍ ഒരു വട്ടം മരിക്കുന്നു, മണ്ടന്മാര്‍ നേരത്തേയും: കേരളത്തില്‍ വഴിയിലൂടെ ജാഥ നടത്തുന്നതും, വഴിയരികില്‍ സമ്മേളനം നടത്തുന്നതും, ലക്കും ലഗാനും ഇല്ലാതെ വണ്ടി ഓടിക്കുന്നതും നാട്ടുനടപ്പാണ്. രാഷ്ട്രീയ പ്രവര്‍ത്തനവുമായി റോഡിലിറങ്ങിയാല്‍ ഇത്തരം അപകട സാധ്യത മുന്നില്‍ കാണണം. മണ്ടന്മാര്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ടല്ലോ. അവര്‍ റോഡില്‍ കയറി മുദ്രാവാക്യം വിളിക്കട്ടെ, നിങ്ങള്‍ സുരക്ഷിതമായി അരികു ചേര്‍ന്ന് പോയാല്‍ മതി. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മരിക്കുന്നവര്‍ക്ക് വീര സ്വര്‍ഗ്ഗം ഒന്നും കിട്ടില്ല.

9. കാമറയും വെള്ളത്തിലേക്ക് ചാടട്ടെ: കേരളത്തില്‍ മഴക്കാലത്തും വേനല്‍ക്കാലത്തും വള്ളത്തില്‍ എത്തേണ്ട സ്ഥലങ്ങളുണ്ട്. സ്ഥാനാര്‍ത്ഥി പോകുന്‌പോള്‍ കൂടെ പോകാന്‍ ആളുകള്‍ ഏറെ ഉണ്ടാകും. തട്ടേക്കാട്ടിലും കുട്ടനാട്ടിലും അഞ്ചു പേര്‍ കയറേണ്ട വള്ളത്തില്‍ പത്തു പേര്‍ കയറിയാല്‍ അത് മുങ്ങും. വള്ളത്തിന്റെ ഒരു രീതിയാണത്, ആര്‍ക്കിമിഡീസ് അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഇനി അവരോടൊന്നും വാദിക്കാന്‍ നില്‍ക്കണ്ട. ചുരുക്കിപ്പറഞ്ഞാല്‍ കാമറയും കാമറാമാനും സ്ഥാനാര്‍ത്ഥിയുടെ വള്ളത്തില്‍ കയറാതിരിക്കുന്നതാണ് ബുദ്ധി. അടുത്ത വള്ളത്തില്‍ കയറാമല്ലോ.

10. കൂകിപ്പായും തീവണ്ടി: കേരളത്തില്‍ അങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓടി നടക്കേണ്ട നേതാക്കളുണ്ട്. അത്രയും ഓടാന്‍ അവര്‍ മറഡോണയുടെ സുഹൃത്തുക്കള്‍ ഒന്നുമല്ലല്ലോ. അവരുടെ യാത്ര കാറിലോ ഹെലികോപ്റ്ററിലോ ട്രെയിനിലോ ആക്കുന്നതാണ് ഉചിതം. ഹെലികോപ്റ്ററില്‍ ധാരാളം കയറിയിട്ടുള്ള ഒരാളാണെന്നതിനാല്‍ ഒരു കാര്യം ഞാന്‍ ആദ്യമേ പറയാം. ഈ ഹെലികോപ്റ്റര്‍ യാത്രക്ക് ഒടുക്കത്തെ ഗ്ലാമറാണ്. അതിലേക്ക് കയറുന്‌പോഴും ഇറങ്ങുന്‌പോഴും നമുക്കൊരു ഗമയൊക്കെ തോന്നും. ഈ വിഷയത്തിലെ അറിവും രാഷ്ട്രീയക്കാരോടുള്ള സ്‌നേഹവും വെച്ച് പറയാം, തിരഞ്ഞെടുപ്പ് കാലത്തെ ഹെലികോപ്റ്റര്‍ കന്പനികള്‍ എവിടെ നിന്ന് വരുന്നു എന്ന് നമുക്ക് അറിവൊന്നുമില്ല. അവരുടെ സുരക്ഷാ റെക്കോര്‍ഡും നമുക്കറിയില്ല. അധികം ഗ്ലാമറിന് പോകാതിരിക്കുന്നതാണ് ബുദ്ധി. പിന്നെ കാറിന്റെ കാര്യം. ദീര്‍ഘദൂര യാത്രക്ക് ട്രെയിന്‍ ഉപയോഗിക്കൂ. എന്നിട്ട് ഓരോ പ്രദേശത്തും ചെല്ലുന്‌പോള്‍ പ്രവര്‍ത്തകരോട് അവിടെ കാറ് റെഡിയാക്കാന്‍ പറഞ്ഞാല്‍ മതിയല്ലോ. ഒരു കാരണവശാലും രാത്രി പത്തു മണിക്ക് ശേഷം ജാഥ കഴിഞ്ഞ് തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കോ, പാലക്കാട് നിന്നു കണ്ണൂര്‍ക്കോ കാറില്‍ പോകരുത്. ഇലക്ഷന്‍ ജനാധിപത്യത്തിലെ ഉത്സവമാണ്, അത് ഒഴിവാക്കരുത്. എന്നാല്‍ രാത്രിയാത്ര ഒഴിവാക്കണം. വിലാപയാത്ര ഒഴിവാക്കാന്‍ അത് സഹായിക്കും.

എന്റെ എല്ലാ സ്ഥാനാര്‍ത്ഥി സുഹൃത്തുക്കളും, നേതാക്കളും, പ്രവര്‍ത്തകരും ഈ തിരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തോടെ,

മുരളി തുമ്മാരുകുടി



from mangalam.com https://ift.tt/2Y9LsRG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages