ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനി. യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറും എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി പി.വി. അൻവറും തമ്മിലാണ് പ്രധാനമത്സരം. മുസ്ലീംലീഗിന്റെ ഉറച്ച മണ്ഡലമായ പൊന്നാനിയിൽ ഇത്തവണ അട്ടിമറി വിജയം നേടാമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. നിലമ്പൂർ എം.എൽ.എ.യായ അൻവറിനെ രംഗത്തിറക്കിയതിലൂടെ അട്ടിമറി ഉറപ്പാണെന്നാണ് ഇടതമുന്നണി പറയുന്നത്. നിലമ്പൂരിൽ കോൺഗ്രസിനെതിരെ അട്ടിമറി വിജയം നേടി ശ്രദ്ധനേടിയ പി.വി. അൻവർ പൊന്നാനിയിലും ചരിത്രം ആവർത്തിക്കുമോ. പി.വി. അൻവർ തന്നെ പറയുന്നു. നിലമ്പൂരിൽനിന്ന് പൊന്നാനിയിലേക്ക് നിലമ്പൂരിൽ എന്നെ എം.എൽ.എയാക്കിയത് ഇടതുപക്ഷമാണ്. അവർ പൊന്നാനിയിലെ സ്ഥാനാർഥിയാകാൻ ആവശ്യപ്പെടുമ്പോൾ അത് ഏറ്റെടുക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഇടതുപക്ഷം എന്നോട് സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടു. ഞാൻ അത് ഏറ്റെടുത്തു, മത്സരംഗത്തിറങ്ങി. ലീഗ് കോട്ടയായ പൊന്നാനിയിൽ വിജയിക്കുമെന്ന ആത്മവിശ്വാസം... പൊന്നാനിയിൽ വിജയിക്കുമെന്ന് നൂറുശതമാനം ആത്മവിശ്വാസമുണ്ട്. ഉറച്ചകോട്ടകളാണല്ലോ ഇളകുക. ഉറച്ചകോട്ടകൾ ഇളകുമ്പോൾ വലിയ ശബ്ദമുണ്ടാകും. ആ ശബ്ദം ഇത്തവണ കേൾക്കാം ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയ മണ്ഡലമാണ് പൊന്നാനി. മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടോ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ കോൺഗ്രസിൽനിന്ന് മാത്രമല്ല മുസ്ലീം ലീഗിൽനിന്നുപോലും എതിർപ്പുകളുണ്ട്. ഏതൊരു നാട്ടിലും ബഹുജന സമൂഹമുണ്ടാകും. അവരും ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ യു.ഡി.എഫിനോട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇ.ടി. ഒരു വികസനവിരോധിയാണ്, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്തയാളാണ് തുടങ്ങിയ പരാതികൾ സമൂഹത്തിലെ പല സംഘടനകളും മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ എതിർപ്പുകളെയെല്ലാം അവഗണിച്ചാണ് ഇ.ടി. മുഹമ്മദ് ബഷീർ വീണ്ടും പൊന്നാനിയിൽ സ്ഥാനാർഥിയായിരിക്കുന്നത്. ഭൂമി കയ്യേറ്റ വിവാദങ്ങളും ആരോപണങ്ങളും... എല്ലാ ആരോപണങ്ങളെയും ഇതുവരെ എങ്ങനെ അതിജീവിച്ചോ അതുപോലെ തന്നെ ഇനിയും അതിജീവിക്കും. ഞാൻ കയ്യേറിയത് മനുഷ്യരുടെ മനസുകളാണ്. മനുഷ്യരുടെ മനസുകളുടെ പുറത്തുനിൽക്കുന്നവർക്ക് ഞാൻ ജനമനസുകളിലൂടെ യാത്രചെയ്യുന്നത് സഹിക്കാനാകില്ല. ആ കയ്യേറ്റം ഞാൻ നിലമ്പൂരിലും നടത്തിയിട്ടുണ്ട്. പൊന്നാനിയിലും ജനഹൃദയങ്ങളാണ് ഞാൻ കയ്യേറുന്നത്. പൊന്നാനിയും നിലമ്പൂരും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ ദൂരംമാത്രമേയുള്ളു. അതിനാൽ ഇവിടെയുള്ളവർക്ക് നിലമ്പൂരിലുള്ളവരുമായി ബന്ധപ്പെട്ടാൽ അതിന്റെ വാസ്തവം അറിയാനാകും. വർഷങ്ങൾക്ക് മുൻപേ ആരംഭിച്ച സ്ഥാപനങ്ങളെ സംബന്ധിച്ചാണ് പല ആരോപണങ്ങളും ഉയർന്നുവന്നത്. ഇതൊന്നും എം.എൽ.എ ആയതിനുശേഷം ഉണ്ടാക്കിയതല്ല. പൊതുജനങ്ങൾക്ക് ഒന്നും കൊടുക്കാതെ പൊതുമുതൽ എടുത്തുശീലിച്ചവരാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ അവർ പതറിപ്പോകുന്നു. അതിനാൽ അവർക്ക് മറ്റുമാർഗങ്ങളില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. പി.വി. അൻവർ എന്ന സ്ഥാനാർഥിയെ എതിരാളികൾ ഭയക്കുന്നുണ്ടോ അത് എനിക്കാൻ പറയാൻ പറ്റില്ലല്ലോ, ഞാനൊരു സാധാരണക്കാരനാണ്. ഒരു റോഡിനെ അരികുപ്പറ്റി നടക്കാൻ ഇഷ്ടപ്പെടുന്നയാൾ. ഞാനൊരു കൊമ്പുവച്ച് നടക്കാറില്ല. ഖുർആനിൽ ഒരു വാചകമുണ്ട്- നിങ്ങൾ ഭൂമിയിലൂടെ അഹങ്കാരത്തോടെ നടക്കരുത്, നിങ്ങൾക്ക് ഭൂമിയെ പിളർത്താനാകില്ല. അഹങ്കാരികളായി നടക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ സാധാരണക്കാർക്കൊപ്പം ഇടപഴകുകയും അവരോടൊപ്പം സമയം ചിലവിടുകയും ചെയ്യുന്നയാളാണ്. നിലമ്പൂരിലെ എം.എൽ.എയായിട്ടും അങ്ങനെതന്നെയാണ് രീതി. ഇതെല്ലാം കാണുമ്പോൾ ജനങ്ങൾക്ക് അത്ഭുതമാണ്. എന്നാൽ ചിലരുടെ ധാരണ എം.എൽ.എ.യോ എം.പിയോ ആയാൽ കിരീടം വെയ്ക്കാത്ത രാജാവിനെപ്പോലെ ബലംപിടിച്ച് നടക്കണമെന്നാണ്. പക്ഷേ, ഒരു എം.എൽ.എയാണെന്ന് എനിക്കുതന്നെ ഓർമ്മയുണ്ടാകാറില്ല. ജീവിതത്തിൽ പല മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ടയാളാണ് ഞാൻ. എന്നും മന്ത്രിയും എം.പി.യുമായി നടക്കുന്നവർക്ക് അവരുടെ അഹങ്കാരം കൊണ്ട് ഇത്തരം സ്ഥാനമില്ലാത്ത ഘട്ടവും വരും. അതിനാൽ സ്ഥാനങ്ങളൊന്നും ഇല്ലാത്ത ഘട്ടത്തിൽ എങ്ങനെ ജീവിക്കുന്നുവോ അതുപോലെതന്നെ എല്ലാസമയത്തും ജീവിക്കുന്നയാളാണ് ഞാൻ. അതിനാൽ ജനങ്ങൾ എല്ലാസമയത്തും നമ്മളോടൊപ്പമുണ്ടാവും. മുസ്ലീം ലീഗ് എസ്ഡിപിഐ രഹസ്യ കൂടിക്കാഴ്ച, വെൽഫയർ പാർട്ടിയുടെ യു.ഡി.എഫ്. പിന്തുണ... കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് പ്രധാനമത്സരം. പൊന്നാനിയിലും അങ്ങനെയായിരുന്നു. എന്നാൽ പൊന്നാനിയിലെ ചിത്രം ഇപ്പോൾ മാറി. പൊന്നാനിയിൽ യു.ഡി.എഫും ജനങ്ങളും തമ്മിലാണ് മത്സരം. മണ്ഡലത്തിലെ ജനങ്ങളാകെ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമ്പോൾ അങ്കലാപ്പിലായ യു.ഡി.എഫ്. വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിക്കുന്നു. ഏത് വർഗീയകക്ഷികളായാലും വോട്ട് പെട്ടിയാകണമെന്നേ അവർക്കുള്ളു. അതുപോലെ തന്നെയാണ് വെൽഫയർ പാർട്ടിയുടെ പിന്തുണയും. ഇതൊന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ല. കേന്ദ്രത്തിൽ ബി.ജെ.പി. സ്വീകരിക്കുന്ന അതേ വർഗീയ ധ്രുവീകരണമാണ് ഇവിടെ മുസ്ലീം ലീഗും ചെയ്യുന്നത്. അത് എതിർക്കപ്പെടേണ്ടതാണ്. ഇതെല്ലാം പൊന്നാനിയിലെ ജനങ്ങൾ തിരിച്ചറിയും. എം.പി. പരാജയമാണെന്ന എൽ.ഡി.എഫ്. പ്രചാരണം... പൊന്നാനിയിലെ നിലവിലെ എം.പി. പരാജയമാണെന്ന് പൊന്നാനിയിലെ ജനങ്ങളാണ് പറയുന്നത്. ജനങ്ങളുമായി സംസാരിക്കുമ്പോൾ എം.പിയെക്കുറിച്ചുള്ള പരാതികൾ മാത്രമാണ് കേൾക്കുന്നത്. എന്തിനെയെങ്കിലുംകുറിച്ച് പറയണമെങ്കിൽ അതിനുവേണ്ടി ഈ മണ്ഡലത്തിൽ അദ്ദേഹം ഒരുകാര്യവും ചെയ്തിട്ടില്ലല്ലോ. എന്തെങ്കിലും ചെയ്താൽ അല്ലേ അതിനെക്കുറിച്ച് പറയാനാകൂ. മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ ഒരു കത്ത് പോലും അദ്ദേഹം നൽകിയിട്ടില്ല. കേന്ദ്രീയ വിദ്യാലയമില്ലാത്ത ഏക മണ്ഡലമാണ് പൊന്നാനി. ആദ്യതവണ എം.പിയായതിന് ശേഷം രണ്ടാംതവണ മത്സരിക്കുമ്പോൾ ജനങ്ങളുടെ കൈയും കാലും പിടിച്ച് ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് മത്സരിച്ചത്. ആ അഞ്ചുവർഷവും ഒന്നുംചെയ്തില്ല. അദ്ദേഹം അദ്ദേഹത്തിന്റെയും മകന്റെയും സാമ്രാജ്യം വളർത്തുന്നതിലാണ് ശ്രദ്ധിച്ചത്. ഇതെല്ലാം മണ്ഡലത്തിലെ ജനങ്ങൾ കാണുന്നുണ്ട്. പ്രത്യേകിച്ചും യുവവോട്ടർമാർ. അവർ ഇക്കാര്യങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ്. നിലമ്പൂരിൽ മൂന്നുവർഷം കൊണ്ട് ഞാൻ 450 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പിലാക്കി. എന്നാൽ ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനിയിൽ എന്താണ് നടപ്പാക്കാൻ കഴിഞ്ഞത്? കോണിയും സ്വർഗവുമെല്ലാം പറഞ്ഞ് ഇനി ജനങ്ങളെ കബളിപ്പിക്കാനാകില്ല. ആ കാലമെല്ലാം കഴിഞ്ഞു. അതെല്ലാം വിശ്വസിക്കുന്ന തലമുറ മാറിക്കൊണ്ടിരിക്കുകയാണ്. പൊന്നാനിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്... മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രധാന്യം നൽകേണ്ടത്. കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഇടപെടൽ ആവശ്യമാണ്. ആരോഗ്യ, വിദ്യാഭ്യാസ, ഐടി, മേഖലകളിലും ഇടപെടണം. ഏറെ പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യശാല ഉൾപ്പെടെ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് പൊന്നാനി. ആര്യവൈദ്യശാലയുമായി ബന്ധിപ്പിച്ച് ഒട്ടേറെ വികസനപദ്ധതികൾ നടപ്പിലാക്കാം. ഇതുവരെ സ്വന്തം നട്ടെല്ലിൽ നിൽക്കുന്ന ആര്യവൈദ്യശാലയെ പരിപോഷിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ പദ്ധതികൾ ആവിഷ്കരിച്ചാൽ ഒരുപാട് സാധ്യതകളുണ്ട്. ഇതുപോലെ എന്തെല്ലാമാണ് മണ്ഡലത്തിൽ മുൻഗണന നൽകി നടപ്പാക്കേണ്ടതെന്ന് ഇവിടത്തെ ജനങ്ങളുമായി സംവദിച്ച് നടപ്പിൽ വരുത്തും. പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്, വോട്ടർമാരിൽനിന്നുള്ള പ്രതികരണം... ജനങ്ങൾക്ക് എന്നോട് വളരേയേറെ സ്നേഹമുണ്ടെന്ന് മനസിലായി. അതോടൊപ്പം മറുപക്ഷത്തിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ വികാരവും നിലനിൽക്കുന്നു. കോൺഗ്രസിൽനിന്ന് വോട്ടുകൾ പ്രതീക്ഷിക്കുന്നുവോ... കോൺഗ്രസിൽനിന്ന് മാത്രമല്ല, യു.ഡി.എഫിൽനിന്നും വോട്ട് കിട്ടും. യു.ഡി.എഫ് എന്നുപറഞ്ഞാൽ ആരെല്ലാമാണെന്ന് അറിയാമല്ലോ. ഇതിനെല്ലാം പുറമേ ജനങ്ങളിൽനിന്നുള്ള വോട്ടും ലഭിക്കും. ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ ഏറ്റവുമധികം എതിർപ്പുള്ളത് ലീഗിൽനിന്നാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യവും ഇ.ടി. മുഹമ്മദ് ബഷീർ തോൽക്കണമെന്നാണ്. ലീഗ് തന്നെയാണ് ഇ.ടിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നത്. രണ്ട് എം.പിമാർ തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ സ്വാധീനം നഷ്ടപ്പെടുമോ എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും അനുയായികളുടെയും ഭയം. പ്രതീക്ഷകൾ... ഇത് പ്രതീക്ഷയുടെ പ്രശ്നമല്ല. ഇവിടുത്തെ ജനങ്ങൾ ആ കാര്യം തീരുമാനിച്ചുകഴിഞ്ഞു. പൊന്നാനിയിൽ മാറ്റം ആവശ്യമാണെന്നാണ് അവരുടെ തീരുമാനം. അത് നടക്കും. അതിൽ യാതൊരു തർക്കവും ആവശ്യമില്ല. Content Highlights:ponnani loksabha election; interview with ldf candidate pv anvar
from mathrubhumi.latestnews.rssfeed https://ift.tt/2HGA5vr
via
IFTTT
No comments:
Post a Comment