തൃശ്ശൂർ: തീവണ്ടിവൈകിയോട്ടം ഈ മാസവും അവസാനിക്കില്ല. പുതിയ പണികൾക്ക് അനുമതി ചോദിച്ച് തിരുവനന്തപുരം ഡിവിഷൻ ചെന്നൈയിലേക്ക് കത്തയച്ചു. ഏപ്രിൽ 14 വരെ എറണാകുളത്തിനും അങ്കമാലിക്കും ഇടയ്ക്ക് രാത്രി മൂന്നരമണിക്കൂർ ഗതാഗതം നിർത്തിവെയ്ക്കണമെന്നാണ് കത്തിലുള്ള ആവശ്യം. വെള്ളിയാഴ്‌ച ഒഴികെ എല്ലാ ദിവസവും ഈ സമയത്ത് പണികൾ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്തുനിന്ന് രാത്രി 10-ന് പുറപ്പെടുന്ന അമൃത എക്സ്‌പ്രസ് ഒരുമണിക്കൂർ നേരത്തേയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലിക്കും എറണാകുളത്തിനും ഇടയിലുള്ള ഡൗൺലൈനിലെ (തെക്കോട്ടുള്ള വണ്ടികൾ പോകുന്ന പാളം) പണികൾ കഴിഞ്ഞ ദിവസം അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ പണിക്ക് അനുമതി തേടിയത്. എറണാകുളത്തിനും അങ്കമാലിക്കും ഇടയിലുള്ള അപ്പ് ലൈനിലാണ് (വടക്കോട്ടുള്ള പാളം) ഇനിയുള്ള പണികൾ. 33 ദിവസം ഇതിനു വേണ്ടിവരും. ഈ പാതയിലെ റെയിലും സ്ലീപ്പറും മുമ്പ് മാറ്റിയതാണ്. പാളത്തിലെ മെറ്റൽ വാരി പൊടിയും അഴുക്കും മാറ്റുന്ന സ്‌ക്രീനിങ് ജോലിയാണ് നടക്കുക. ആദ്യ എട്ടുദിനം എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയിലും മാർച്ച് 18 മുതൽ 25 വരെ ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലും മാർച്ച് 26 മുതൽ ഏപ്രിൽ നാലുവരെ കളമശ്ശേരിക്കും ആലുവയ്ക്കും ഇടയിലും ഏപ്രിൽ നാലുമുതൽ 14 വരെ ആലുവയ്ക്കും അങ്കമാലിക്കും ഇടയിലുമാണ് പണികൾ ഉണ്ടാവുക. രാത്രി 2.10 മുതൽ രാവിലെ 5.45 വരെയാണ് ഗതാഗതം നിർത്തിവെയ്ക്കുക. അമൃത നേരത്തേയാക്കും; ബാധിക്കുക എഗ്‌മോറിനെ ചെന്നൈ എഗ്‌മോറിൽനിന്ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസിന്റെ ഓട്ടത്തെയാണ് പണികൾ ബാധിക്കുക. ഈ വണ്ടി എറണാകുളം ജങ്ഷനിൽ രണ്ടുമണിക്കൂർ പിടിച്ചിടും. പുലർച്ചെ നാലിന് ഈ സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ രാവിലെ ആറിനു മാത്രമേ ഗുരുവായൂരിലേക്ക് പുറപ്പെടൂ. രാവിലെ ആറിന് ഗുരുവായൂരിലേക്ക് പുറപ്പെടുന്ന 56370-ാം നമ്പർ പാസഞ്ചർ റദ്ദാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്കു പോകുന്ന പാസഞ്ചറും ഉണ്ടാവില്ല. അമൃത എക്സ്‌പ്രസ് ഒരുമണിക്കൂർ നേരത്തേയാക്കുന്നതിലൂടെ പണികൾ തുടങ്ങുന്ന സമയത്തിനുമുമ്പ് ഈ വണ്ടിക്ക് അങ്കമാലി കടക്കാനാവും. ഈ ദിവസങ്ങളിൽ അമൃതയ്ക്ക് ബുക്ക് ചെയ്ത യാത്രക്കാർ സമയമാറ്റം ശ്രദ്ധിക്കണമെന്ന അറിയിപ്പ് എസ്.എം.എസായി റെയിൽവേ നൽകും. എറണാകുളത്തുനിന്ന് പുണെയ്ക്കുള്ള എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്ന് നിസാമുദീൻ, ലോകമാന്യതിലക് എന്നിവിടങ്ങളിലേക്കുള്ള രാത്രി എക്സ്‌പ്രസുകൾ എന്നിവ അരമണിക്കൂർ വീതം പല സ്റ്റേഷനുകളിലായി പിടിച്ചിടും. രാത്രിയിൽ ട്രാഫിക്ക് കുറഞ്ഞ സമയം നോക്കിയാണ് പണികൾക്ക് റെയിൽവേ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ, മാർച്ചിൽ സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ ചരക്കുനീക്കത്തെ ബാധിക്കരുതെന്ന നിർദേശവുമുണ്ട്. അതിനാൽ, ചരക്കുവണ്ടികൾ പിടിച്ചിടാൻ സാധ്യത കുറവാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2EY1IgY
via
IFTTT
No comments:
Post a Comment