ലോക്സഭാ തിരഞ്ഞെടുപ്പുതീയതി ഈയാഴ്ച പ്രഖ്യാപിക്കും. മാർച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഏപ്രിൽ 12-ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മേയ് പകുതിയോടെ പൂർത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമപരിഗണനയിലുള്ളതെന്ന് സൂചനയുണ്ട്. 2014-ലെ തിരഞ്ഞെടുപ്പ് ഏപ്രിൽ ഏഴുമുതൽ മേയ് 12 വരെ ആയിരുന്നു. മേയ് 15-നാണ് വോട്ടെണ്ണിയത്. ഏപ്രിൽ 10-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ചുരുങ്ങിയത് 35 ദിവസത്തെ ഇടവേളയെങ്കിലും വേണം ആദ്യഘട്ട വോട്ടെടുപ്പ് നടത്താൻ. പ്രഖ്യാപനത്തിനുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമർപ്പണം, സൂക്ഷ്മപരിശോധന, പിൻവലിക്കാനുള്ള സമയം എന്നിവയെല്ലാം 21 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പത്രിക പിൻവലിക്കാനുള്ള അവസാനദിവസം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും വോട്ടെടുപ്പ്. രാഷ്ട്രപതിഭരണത്തിലുള്ള ജമ്മുകശ്മീരിൽ പൊതുതിരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നു വ്യക്തമല്ല. ക്രമസമാധാനനില വിലയിരുത്താൻ തിരഞ്ഞെടുപ്പുകമ്മിഷൻ അടുത്തദിവസം സംസ്ഥാനം സന്ദർശിക്കുന്നുണ്ട്. കിഴക്കൻ ഡൽഹിയിൽനിന്ന് യു.പി.യിലെ ഗാസിയാബാദിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം ഈയാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാത മാർച്ച് ആറിന് ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. അതിനുശേഷമേ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാവാനിടയുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2Hcpnfg
via
IFTTT
No comments:
Post a Comment