ന്യൂഡല്‍ഹി: സി.ബി.ഐയുമായുള്ള ഏറ്റുമുട്ടലില്‍ സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കൊത്ത പോലീസ് കമ്മീഷണര്‍ക്കെതിരെ ഒരു പരാമര്‍ശവും നടത്താത്ത കോടതി വിധി ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് മമത പറഞ്ഞു. കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതില്‍ പ്രതിഷേധിച്ച് മമത നടത്തുന്ന സത്യാഗ്രഹം മൂന്നാം ദിവസവും തുടരുകയാണ്.
'കോടതി ഉത്തരവില്‍ കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ഒരു വിമര്‍ശനവും ഇല്ലെന്നത് ധാര്‍മ്മിക വിജയമാണ്. ഇന്ത്യയിലെ ജനതയുടെ വിജയമാണ്, ജനാധിപത്യത്തിന്റെ വിജയമാണ്, ഈ പോരാട്ടത്തില്‍ തങ്ങളെ പിന്തുണച്ചവരുടെ വിജയമാണ്. നീതിപീഠത്തോടും മറ്റ് എല്ലാ സ്ഥാപനങ്ങളൊടും തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. വിധിയില്‍ അങ്ങേയറ്റം നന്ദിയും കടപ്പാടുമുണ്ട്'-മമത പറഞ്ഞു.
ശാരദ ചിട്ടി കേസിലോ റോസ് വാലി കേസിലോ സി.ബി.ഐയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കമ്മീഷണര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സുപ്രധാന സംവിധാനങ്ങളെയെല്ലാം ദുരുപയോഗിക്കുകയാണ്. രാജീവ് കുമാറിനെ അറസ്റ്റു ചെയ്യാനാണ് സി.ബി.ഐ എത്തിയത്. അവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് നോട്ടീസ് പോലും നല്‍കാതെ രഹസ്യനീക്കത്തിലുടെയാണ്. അറസ്റ്റ് പാടില്ല എന്ന് കോടതി ഉത്തരവിട്ടതില്‍ അങ്ങേയറ്റം കടപ്പാടുണ്ട്. അത് ഉദ്യോഗസ്ഥരുടെ സാദാചാരബോധം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കേന്ദ്രത്തിനെതിരായ സമരവുമായി മുന്നോട്ടുപോകുന്നത് മറ്റ് പ്രതിപക്ഷ നേതാക്കളുമായി ആലോചിച്ചായിരിക്കുമെന്ന് മമത വ്യക്തമാക്കി. തനിച്ച് ഒരു തീരുമാനവുമെടിക്കില്ലെന്നും മമത അറിയിച്ചു.
രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ഹര്‍ജ സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞ കോടതി, സി.ബി.ഐയ്ക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിന് നിര്‍ദേശം നല്‍കി. ഷില്ലോംഗില്‍ എത്താനാണ് നിര്‍ദേശം.
അതേസമയം, ബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചു. ഈ മാസം 18നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ചിട്ടി തട്ടിപ്പ് കേസിലെ തെളവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
from mangalam.com http://bit.ly/2t8beaS
via IFTTT
No comments:
Post a Comment