നഡിയാദ്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിന്റെ രണ്ടാം ദിനം കേരളത്തിന്റേത് മാത്രമായിരുന്നു. നഡിയാദിലെ സി.എ.ജി. സ്പോർട്സ് കോംപ്ലക്സിൽ തിങ്കളാഴ്ച നടന്ന ഏഴ് ഫൈനലുകളിൽ മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായി കേരളത്തിന്റെ പെൺപട മിന്നിത്തിളങ്ങി. 64-ാമത് ദേശീയ സീനിയർ സ്കൂൾ പെൺകുട്ടികളുടെ മീറ്റിൽ കേരളം കിരീടത്തിലേക്ക്. തിങ്കളാഴ്ച 100 മീറ്റർ ഹർഡിൽസിൽ പുതിയ സമയം കുറിച്ച് അപർണ റോയിയും ലോങ്ജമ്പിൽ സാന്ദ്ര ബാബുവും 4x100 റിലേ ടീമും സ്വർണം നേടി. 1500 മീറ്റർ ഓട്ടത്തിൽ മിന്നു പി. റോയി വെള്ളി നേടിയപ്പോൾ 3000 മീറ്റർ നടത്തത്തിൽ സി.കെ. ശ്രീജയും ഷോട്ട്പുട്ടിൽ മേഘ മറിയം മാത്യുവും വെങ്കലം സ്വന്തമാക്കി. ആകെ നാലുസ്വർണവും നാലുവെള്ളിയും രണ്ടുവെങ്കലവുമായി 65 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 41 പോയന്റുമായി തമിഴ്നാട് രണ്ടാമതും മഹാരാഷ്ട്ര (34) മൂന്നാമതുമാണ്. കടംവീട്ടി ശ്രീജ കഴിഞ്ഞവർഷം റോഹ്തകിൽ സംഘാടകരുടെ പിഴവ് കാരണം 3000 മീറ്റർ നടത്തത്തിൽ ശ്രീജയെ വെങ്കലമെഡൽ ജേതാവായി പ്രഖ്യാപിച്ചിരുന്നു. നടക്കാൻ ഒരു റൗണ്ടുകൂടി ബാക്കിയുണ്ടായിരുന്ന ശ്രീജയെ സംഘാടകർ മത്സരം പൂർത്തിയായെന്നനിലയിൽ പിടിച്ചുനിർത്തി വെങ്കലം നേടിയതായി പ്രഖ്യാപിച്ചു. പിഴവ് മനസ്സിലായതോടെ ശ്രീജ മെഡൽ തിരിച്ചുകൊടുത്തു. ഇത്തവണ വെങ്കലം നേടി കടംവീട്ടി. മുണ്ടൂർ എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥിനിയായ ശ്രീജ 14 മിനിറ്റ് 51.97 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഈയിനത്തിൽ ആതിഥേയരുടെ ലഖ്നോട്ടറ ജ്യോതി (14 മിനിറ്റ് 50.01 സെ.) സ്വർണവും പഞ്ചാബിന്റെ ഗുർപ്രീത് കൗർ (14 മിനിറ്റ് 50.01 സെ.) വെള്ളിയും നേടി. മിന്നി മിന്നു 1500 മീറ്റർ ഓട്ടത്തിൽ മിന്നു പി. റോയ് വെള്ളി (നാലു മിനിറ്റ് 45. 08 സെ.) നേടി. തിരുവനന്തപുരം സായിയിൽ പരിശീലിക്കുന്ന മിന്നു തുണ്ടത്തിൽ മാധവവിലാസം സ്കൂളിൽ പ്ലസ് വൺ കൊമേഴ്സിന് പഠിക്കുന്നു. ഈയിനത്തിൽ ഉത്തരാഖണ്ഡിന്റെ അങ്കിത (4 മിനിറ്റ് 42 സെ.) സ്വർണം നേടി. ബൈ ബൈ സാന്ദ്ര തന്റെ അവസാന സ്കൂൾ മീറ്റിനിറങ്ങിയ സാന്ദ്ര ബാബു ലോങ്ജമ്പിൽ 5.97 മീറ്റർ ദൂരം താണ്ടി ഒന്നാമതെത്തി. തമിഴ്നാടിന്റെ ബബിഷ (5.61 മീ.) വെള്ളി നേടി. എം.എ. കോളേജ് അക്കാദമിയിൽ ടി.പി. ഔസേപ്പിനുകീഴിൽ പരിശീലിക്കുന്ന സാന്ദ്ര മാതിരപ്പള്ളി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. കണ്ണൂർ കേളകം തയ്യുള്ളത്തിൽ വീട്ടിൽ ബാബുവിന്റെയും മിശ്രയുടെയും മകൾ. ഈയിനത്തിൽ പി.എസ്. പ്രഭാവതി (5.27 മീ.) ആറാമതായി. പരിക്കിലായിരുന്ന പ്രഭാവതി അഞ്ചാം ചാട്ടത്തിനിടെ പിറ്റിൽ വീണു. പ്രഭാവതിയെ എടുത്തുകൊണ്ടാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. എറിഞ്ഞുനേടി മേഘ ഷോട്ട്പുട്ടിന്റെ തൂക്കം നാലു കിലോഗ്രാമിൽനിന്ന് മൂന്നായി ചുരുക്കിയശേഷമുള്ള ആദ്യ ദേശീയ സ്കൂൾ മീറ്റിൽ 13.63 മീറ്റർ എറിഞ്ഞ മേഘ മറിയം മാത്യു വെങ്കലം നേടി. തിരുവനന്തപുരം സായിയിൽ പരിശീലിക്കുന്ന മേഘ എം.വി.എച്ച്.എസ്.എസ്. തുണ്ടത്തിലിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. മഹാരാഷ്ട്രയുടെ ആർ. പൂർണ (15.76) സ്വർണം നേടി. ആധിപത്യം ഉറപ്പിച്ച് റിലേ 4x100 റിലേയിൽ അലീന വർഗീസ്, അപർണ റോയി, പി.ഡി. അഞ്ജലി, ആൻസി സോജൻ എന്നിവരടങ്ങിയ ടീം 47.58 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി സ്വർണം നേടി. തമിഴ്നാട് വെള്ളിയും മഹാരാഷ്ട്ര വെങ്കലവും നേടി. ഇന്ന് ഏഴു ഫൈനൽ അവസാനദിനമായ ചൊവ്വാഴ്ച ക്രോസ് കൺട്രി, ജാവലിൻ ത്രോ, ട്രിപ്പിൾ ജമ്പ്, 400 മീറ്റർ ഹർഡിൽസ്, 800 മീറ്റർ, 200 മീറ്റർ, 4x400 റിലേ എന്നിവയിൽ ഫൈനലുണ്ട്. Content Highlights:national senior school athletics meet kerala on top
from mathrubhumi.latestnews.rssfeed http://bit.ly/2IhmYBY
via
IFTTT
No comments:
Post a Comment