ലഖ്നൗ: ദുർബലമായിപ്പോയ ഉത്തർപ്രദേശ് കോൺഗ്രസിന് വീണ്ടെടുപ്പിന്റെ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങി പ്രിയങ്കാഗാന്ധി വദ്രയുടെ റോഡ് ഷോ. പൂർവാഞ്ചൽ മേഖല(കിഴക്കൻ ഉത്തർപ്രദേശ്)യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തശേഷം നടത്തുന്ന ആദ്യ റാലിക്ക് ലഖ്നൗ സാക്ഷ്യംവഹിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ പതിനായിരക്കണക്കിനു പ്രവർത്തകർക്ക് ആവേശം പകർന്നായിരുന്നു പ്രിയങ്കയുടെ റാലി. ലഖ്നൗ വിമാനത്താവളത്തിൽനിന്നും പാർട്ടി ആസ്ഥാനമായ നെഹ്റുഭവൻവരെയുള്ള റോഡിന്റെ ഇരുവശവും കോൺഗ്രസ് പ്രവർത്തകരുടെയും പ്രിയങ്കയെ കാണാനെത്തിയവരുടെയും വലിയ ബാഹുല്യമാണ് അനുഭവപ്പെട്ടത്. പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിയും പടിഞ്ഞാറൻ യു.പി.യുടെ സംഘടനാ ചുമതലയുള്ള നേതാവ് ജോതിരാദിത്യ സിന്ധ്യയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടികൾക്ക് ചോക്കലേറ്റ് നൽകിയും പ്രവർത്തകരെ കൈവീശിക്കാണിച്ചും അവർ ജനങ്ങളെ കൈയിലെടുത്തു. തിരക്കു നിയന്ത്രിക്കാൻ പലയിടത്തും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പാടുപെടേണ്ടിവന്നു. 'ഇന്ദിരാഗാന്ധി തിരിച്ചുവരുന്നു'വെന്ന് പ്രിയങ്കയെ ചൂണ്ടിയും 'കാവൽക്കാരൻ കള്ളനാണ്' എന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മുദ്രാവാക്യം വിളിച്ചാണു പ്രവർത്തകർ ഇരുവശവും കാത്തുനിന്നത്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും മൈക്കിലൂടെ 'കാവൽക്കാരൻ കള്ളനാണ്' എന്ന വാചകം ആവർത്തിച്ചുകൊണ്ടിരുന്നു. പ്രവർത്തകർ ത്രിവർണനിറം പൂശിയും പ്രിയങ്കയുടെയും രാഹുലിന്റേയും മുഖം പതിച്ച ടീഷർട്ട് ഇട്ടുമൊക്കെയാണു റാലിയിൽ പങ്കെടുത്തത്. പലയിടത്തും മോദിയെ പരിഹസിച്ച് റഫാൽ വിമാനങ്ങളുടെ ചിത്രംവെച്ച ബോർഡുകളും സ്ഥാപിച്ചിരുന്നു. 'ഇന്ദിര തിരിച്ചുവരുന്നു'വെന്ന് എഴുതിയ ബോർഡുകൾ നഗരത്തിൽ മിക്കയിടത്തും സ്ഥാപിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ ബസ്സിലും പിന്നീട്, തുറന്ന ജീപ്പിലുമായാണ് രാഹുലും പ്രിയങ്കയും റോഡ് ഷോയിൽ സഞ്ചരിച്ചത്. ബസ്സിലാണ് യാത്ര തുടങ്ങിയതെങ്കിലും വൈദ്യുതകമ്പികൾ തടസ്സം സൃഷ്ടിച്ചതിനാൽ ചിലയിടങ്ങളിൽ തുറന്ന ജീപ്പിലേക്ക് അവർ മാറി. പ്രവർത്തകർ പ്രിയങ്കയ്ക്കുനേരെ പുഷ്പങ്ങൾ എറിഞ്ഞു. പ്രവർത്തകരുടെ തിക്കുംതിരക്കുംമൂലം, മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും പ്രതിമകളിൽ ഹാരാർപ്പണം നടത്താൻ വാഹനത്തിൽനിന്നിറങ്ങിയ പ്രിയങ്കയും രാഹുലും സിന്ധ്യയും തെന്നിവീഴാൻപോയി. നാലുദിവസത്തെ പാർട്ടി പരിപാടികൾക്കായാണ് പ്രിയങ്കാഗാന്ധി വദ്ര യു.പി.യിൽ എത്തിയത്. പ്രധാനമായും പൂർവാഞ്ചൽ മേഖലയിലെ മുപ്പതോളം ലോക്സഭാ മണ്ഡലങ്ങളിലാണ് പ്രിയങ്കയുടെ പര്യടനം നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടങ്ങ് യു.പി.യിലെ മഥുരയിൽ ഉണ്ടായിരുന്നെങ്കിലും ഏറ്റവും വലിയ മാധ്യമശ്രദ്ധ ലഭിച്ചത് പ്രിയങ്കയുടെ റോഡ് ഷോയ്ക്കായിരുന്നു. മോദിയെ കടന്നാക്രമിച്ച് രാഹുൽ ലഖ്നൗവിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധനചെയ്ത എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കടുത്ത വിമർശനമാണു നടത്തിയത്. യു.പി.യിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താനാവില്ലെന്നു പറഞ്ഞ രാഹുൽ, സംസ്ഥാനങ്ങളുടെയും വ്യോമസേനയുടെയും പണം മോഷ്ടിച്ച കാവൽക്കാരനാണ് രാജ്യത്തുള്ളതെന്ന് റഫാൽ കരാറിനെ പരാമർശിച്ച് വിമർശിച്ചു. റഫാൽ കരാറിലെ അഴിമതിവിരുദ്ധവ്യവസ്ഥകൾ മോദി റദ്ദാക്കി. യു.പി. രാജ്യത്തിന്റെ ഹൃദയഭൂമിയാണ്. 2022-ൽ കോൺഗ്രസിന്റെ ആശയം ഉൾക്കൊള്ളുന്ന സർക്കാർ യു.പി. ഭരിക്കും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ആശയങ്ങളുടെ പോരാട്ടമാണെന്നും താൻ ഏറെ ബഹുമാനിക്കുന്നവരാണ് മായാവതിയും അഖിലേഷ് യാദവുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. content highlights:Priyanka's UP roadshow
from mathrubhumi.latestnews.rssfeed http://bit.ly/2IgjtvY
via
IFTTT
No comments:
Post a Comment