ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ നിന്നുള്ള ഐ-ലീഗ് ക്ലബ്ബ് റിയൽ കശ്മീരിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം. ചാവേർ ആക്രമണത്തെ പിന്തുണച്ച് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് പ്രശ്നങ്ങൾക്ക് കാരണം. താഹിർ റഷീദ് എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് വന്നത്. ഇയാൾ റിയൽ കശ്മീരിന്റെ ഗോൾകീപ്പറാണെന്നും ഐ-ലീഗിൽ നിന്ന് കശ്മീർ ടീമിനെ പുറത്താക്കണമെന്നും വാദങ്ങളുയർന്നു. ഐ-ലീഗിലെ മറ്റൊരു ടീമായ മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് ഈ പോസ്റ്റ് ട്വിറ്റർ പങ്കുവെച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. താഹിർ റഷീദ് റിയൽ കശ്മീരിന്റെ താരമാണോ എന്ന് ടീം വ്യക്തമാക്കണമെന്നായിരുന്നു രഞ്ജിത് ബജാജിന്റെ ആവശ്യം. തൊട്ടുപിന്നാലെ ഇതിന് വിശദീകരണവുമായി റിയൽ കശ്മീർ രംഗത്തെത്തി. താഹിർ റഷീദ് റിയൽ കശ്മീർ ടീമംഗമല്ല. 2016-ലാണ് ക്ലബ്ബ് തുടങ്ങിയത്. തുടർന്ന് നൂറോളം താരങ്ങൾ ക്ലബ്ബിന്റെ ഭാഗമായിരുന്നു. അവരിൽ പലരും ക്ലബ്ബ് വിട്ടുവെന്നും അതിൽ ഒരാളായിരിക്കാം ഇതെന്നുമായിരുന്നു റിയൽ കശ്മീരിന്റെ വിശദീകരണം. അതേസമയം തിങ്കളാഴ്ച്ച റിയൽ കശ്മീരിനെതിരേ നടക്കുന്ന മത്സരം മാറ്റിവെയ്ക്കുകയോ റദ്ദു ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് മിനർവ പഞ്ചാബ് അധികൃതർ എ.ഐ.എഫ്.എഫിനെ സമീപിച്ചു. ഇപ്പോഴത്തെ സാചര്യത്തിൽ ശ്രീ നഗറിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. കളി മാറ്റിവെയ്ക്കുന്നില്ലെങ്കിൽ നിഷ്പക്ഷ സ്റ്റേഡിയത്തിൽ നടത്തണമെന്നും മിനർവ ആവശ്യപ്പെട്ടു. എന്നാൽ മത്സരം ശ്രീനഗറിൽ തന്നെ നടത്തണമെന്നാണ് റിയൽ കശ്മീരിന്റെ ആവശ്യം. ഫുട്ബോളിലൂടെ മുറിവുണക്കാൻ കഴിയുമെന്നും അങ്ങനെയൊരു ആവേശത്തോടെ മത്സരത്തെ കാണണെമന്നും റിയൽ കശ്മീർ പറയുന്നു. സെക്കന്റ് ഡിവിഷനിലെ മികച്ച പ്രകടനത്തിലൂടെ ഐ-ലീഗിലെത്തിയ റിയൽ കശ്മീർ ആ ഫോം തുടരുകയാണ്.16 മത്സരങ്ങളിൽ 32 പോയിന്റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് കശ്മീർ ടീം. Content Highlights: Minerva Punjab to forfeit match against Real Kashmir in Srinagar
from mathrubhumi.latestnews.rssfeed http://bit.ly/2TZxC21
via
IFTTT
No comments:
Post a Comment