തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പൊടിപാറിച്ചു തുടങ്ങുന്നു. ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പട്ടിക എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഹൈക്കമാന്റിന് സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാകുകയാണ്. എംഎല്‍എമാരുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇത്തവണ ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ സിറ്റിംഗ് എംപിമാര്‍ക്ക് കാര്യം സുരക്ഷിതമായിരിക്കെമെന്ന് തന്നെയാണ് സൂചന.
മത്സരിക്കാനില്ലെന്ന് പറയുമ്പോഴും മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരായ വിഎം സുധീരന്റെയും എംഎം ഹസന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയുമൊക്കെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഐ യുടെ സി എന്‍ ജയദേവന്‍ ജയിച്ച തൃശൂര്‍ സീറ്റിലേക്കാണ് സുധീരന്റെ പേര് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ കോണ്‍ഗ്രസിനായി മത്സരിച്ചത് കെ പി ധനപാലന്‍ ആയിരുന്നു. 2000 മുതല്‍ മാറിമാറി ഇരു പാര്‍ട്ടികളെയും അനുഗ്രഹിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് സുധീരന്റെ പേര് ചര്‍ച്ചയില്‍ വരുന്നത്.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് വന്‍ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ച വയനാടാണ് എംഎം ഹസന്‍ നോട്ടമിട്ടിരിക്കുന്നത്. ഈ സീറ്റില്‍ താല്‍പ്പര്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണ് ഹസന് വെല്ലുവിളി. എറണാകുളത്ത് കെ.വി. തോമസിനും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുണ്ട്.
കാല്‍നൂറ്റാണ്ടായി സിപിഎം കുത്തകയാക്കി വെച്ചിരിക്കുന്ന ചില സീറ്റുകളില്‍ കടന്നു കയറാനുള്ള തന്ത്രങ്ങളാണ് ഇത്തവണ പ്രധാനമായും മെനയുന്നത്. ഇതിനായി നിലവിലെ എംഎല്‍എ മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണിക്കുമെന്ന് മുന്‍പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ ജയിച്ച ആര്‍ക്കും മാറ്റം ഉണ്ടാകാന്‍ ഇടയില്ലെന്ന സൂചനകളുമുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട എട്ടു മണ്ഡലങ്ങളിലും പുതിയ ആള്‍ക്കാര്‍ മത്സരത്തിനിറങ്ങും. കഴിഞ്ഞ തവണ വന്‍ വിജയം നേടിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ പിടിച്ചെടുത്ത വടകര സീറ്റിലേക്കും എംഐ ഷാനവാസിന് പകരക്കാരനായി വയനാട് സീറ്റിലേക്കും പുതിയ ആള്‍ വന്നേക്കാം.
വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടാണ് മുല്ലപ്പള്ളിക്ക്. കഴിഞ്ഞതവണ കോണ്‍ഗ്രസ് പരാജയപ്പെട്ട കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ പുതിയ ആള്‍ വരും. ഇവിടെ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് , മുന്‍ അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍നാടന്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കെല്ലാമാണ് മൂന്‍തൂക്കം.
from mangalam.com http://bit.ly/2DTMppj
via IFTTT
No comments:
Post a Comment