വയനാട്: കേരളത്തിലെ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷി ആദിവാസി മധു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 2018 ഫെബ്രുവരി 22ന് പട്ടാപ്പകലായിരുന്നു മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. 27 കാരനായ മധുവിനെ ഒരു സംഘം ആളുകൾ പിടികൂടി കയ്യും കാലും കെട്ടി മർദ്ദിച്ച് പോലീസിന് കൈമാറുകയായിരുന്നു.
കടുത്ത മര്‍ദ്ദനത്തിന് ഇരയായ യുവാവ് പിന്നീട് പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ മരണത്തിന് കീഴടങ്ങി. ചെറിയൊരു പൊതിയില്‍ കൊള്ളുന്ന ഭക്ഷ്യവസ്‌തുക്കള്‍ മോഷ്‌ടിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു ജനക്കൂട്ടത്തിന്റെ വധശിക്ഷ. മധു മാനസിക അസ്വാസ്ഥ്യം ഉള്ള ആളായിരുന്നെന്നും കാടിനുള്ളില്‍ ഇയാള്‍ പട്ടിണിയിലായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേരള മനസ്സാക്ഷി ഞെട്ടി.
മോഷണക്കുറ്റം ആരോപിച്ച് സംഘടിച്ചെത്തിയവര്‍ ഓട്ടോറിക്ഷയിലായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുവന്നത്. മധുവിന്റെ പക്കലുണ്ടായിരുന്ന അരിയും മറ്റും അവര്‍ തൊണ്ടിമുതലായി പ്രദര്‍ശിപ്പിച്ചു. ഉടുത്തിരുന്ന ലുങ്കിമുണ്ട് ഉപയോഗിച്ചായിരുന്നു ബന്ധിച്ചത്. തുടര്‍ന്ന് മുക്കാലി ടൗണിലെത്തിച്ച് പരസ്യവിചാരണ നടത്തി മര്‍ദിച്ചു. മധുവിന്റെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശം ഉണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
സ്‌ഥലത്തെത്തിയ അഗളി പോലീസിന് വലിയൊരു ക്രിമിനല്‍ എന്ന രീതിയിലായിരുന്നു മധുവിനെ കൈമാറിയത്. പോലീസ് ജീപ്പില്‍ കയറ്റി വൈദ്യപരിശോധനയ്‌ക്കു കൊണ്ടുപോകുന്നതിനിടെ താവളത്തെത്തിയപ്പോള്‍ മധു ഛര്‍ദിക്കണമെന്നു പറഞ്ഞു. ജീപ്പ് നിര്‍ത്തിയിറങ്ങി ഛര്‍ദിച്ചതോടെ അവശനായി വണ്ടിയില്‍ കിടന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ ഡോക്‌ടര്‍ മരണം സ്‌ഥിരീകരിച്ചു.
ഇന്‍ക്വസ്‌റ്റില്‍ ശരീരത്തിനു പുറത്ത് മുറിവുകളൊന്നും കണ്ടിരുന്നില്ല. മാതാവ് മല്ലിയും സഹോദരി സരസയും മറ്റു ബന്ധുക്കളും വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവരും ആശുപത്രിക്കും അഗളി പോലീസ് സ്‌റ്റേഷനും മുന്നില്‍ വലിയ പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി. എല്ലാ പ്രതികളെയും പിടികൂടിയശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു നിലപാട്. എന്നാല്‍ കസ്‌റ്റഡിയിലുള്ള രണ്ടുപേരെ കാണിച്ച് പോലീസ് എല്ലാ പ്രതിഷേധങ്ങള്‍ തണുപ്പിച്ചു. അഗളി ഡിവൈഎസ്പിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 16 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി. മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (34), കൽകണ്ടി കുന്നത്ത് അനീഷ് (30), മുക്കാലി താഴ്ശ്ശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ എന്ന ബക്കർ (31), മുക്കാലി പടിഞ്ഞാറേപള്ള കുരിക്കൾ സിദ്ദീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജയ്ജുമോൻ (44), മുക്കാലി ചെരിവിൽ ഹരീഷ് (34), ചെരിവിൽ ബിജു (41), മുക്കാലി വിരുത്തിയിൽ മുനീർ (28) എന്നിവരായിരുന്നു പ്രതികള്‍.
എന്നാല്‍ സംഭവം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കേസിന്റെ വിചാരണയോ മറ്റോ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള മണ്ണാര്‍കാട്ടെ കോടതിയില്‍ സ്ഥിരംജഡ്ജി ഇല്ലാത്തതും കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതുമാണ് വിചാരണ താമസിക്കുന്നത്. കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒരു കേസിന് വേണ്ടി മാത്രം പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നാണ് മന്ത്രി എകെ ബാലന്റെ വാദം.
അതേസമയം മധു കൊല്ലപ്പെട്ട ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി മൃതദേഹം കണ്ട ശേഷം ശക്‌തമായ നടപടിയുണ്ടാകുമെന്നും മധുവിന്റെ കുടുംബത്തിന് സഹായവും സംരക്ഷണവും ഉറപ്പാക്കുമെന്നും ഉറപ്പു നല്‍കിയയാളാണ് മന്ത്രി എ കെ ബാലന്‍. വിചാരണ തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയത്. എന്നാല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി.ഗോപിനാഥ് പറയുന്നത് ഫീസ് എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല എന്നാണ്. താന്‍ പാലക്കാട് താമസിക്കുന്നയാളായതിനാല്‍ കേസിന്റെ ആവശ്യത്തിനു മണ്ണാര്‍ക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തത്.
എന്നാല്‍ നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് ഗോപിനാഥിന് കിട്ടിയത്. സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നെന്നും ഫീസിന്റെ കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് നൽകണം, പാലക്കാട് ജില്ലാ വിട്ടു പോവരുത്, മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ.
എന്നാല്‍, ഇതുവരെ നടന്ന അന്വേഷണത്തില്‍ മധുവിന്റെ കുടുംബം ഒട്ടും തൃപ്തരല്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ക്കൂടിയാണ് മധുവിനെ പിടികൂടാന്‍ ആള്‍ക്കൂട്ടം കിലോമീറ്ററുകള്‍ വനത്തിനുളളിലേക്ക് പോയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവര്‍ എങ്ങനെ ഉള്‍വനത്തില്‍ പ്രവേശിച്ചെന്നും കുടുംബം ചോദിക്കുന്നു.
from mangalam.com https://ift.tt/2tyej4g
via IFTTT
No comments:
Post a Comment