ടൊറോന്റോ: ക്രിപ്‌റ്റോ കറന്‍സിയുടെ കനേഡിയന്‍ ഫ്‌ളാറ്റ്‌ഫോം ആയ ക്വാഡ്രിഗയുടെ സി.ഇ.ഒ ഗെറാള്‍ഡ് കോട്ടണ്‍ (30) ഇന്ത്യയില്‍ മരണപ്പെട്ടു. ആയിരക്കണക്കിന് നിക്ഷേപകരുടെ അക്കൗണ്ട് പാസ്‌വേര്‍ഡ് കൈവശം വച്ചിരിക്കുന്ന കോട്ടണ്‍ അകാലത്തില്‍ മരണമടഞ്ഞതോടെ തുറക്കാന്‍ കഴിയാതെ അക്കൗണ്ടില്‍ കിടക്കുന്നത് 180മില്യണ്‍ കനേഡിയന്‍ ഡോളര്‍( 137.21 മില്യണ്‍ യു.എസ് ഡോളര്‍). ഇന്ത്യന്‍ നിരക്കില്‍ ഏകദേശം 9,82,97,93,005 രൂപ വരുമിത്.
നിക്ഷേപകരുടെ അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് കൈവശമിരുന്ന ഏക വ്യക്തിയാണ് ഗെറാള്‍ഡ് കോട്ടണ്‍. ഡിസംബറില്‍ ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ സന്നദ്ധസേവനത്തിനിടെയാണ് ഗെറാള്‍ഡ് മരണമടഞ്ഞത്. കുടലിനെ ബാധിച്ച ക്രോണ്‍സ് രോഗത്തെ (Crohn's disease) തുടര്‍ന്നാണ് മരണം. വയറ്റില്‍ കടുത്ത എരിച്ചിലും സ്തംഭനവും അനുഭവപ്പെട്ട ഗെറാള്‍ഡ് ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഗെറാള്‍ഡിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ക്വാഡ്രിഗ സി.എക്‌സ് (Quadriga CX) ജനുവരി 14ന് ഫേസ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കിയിരുന്നു.
ബിറ്റ്‌കോയിന്‍, ലിറ്റെകോയിന്‍, എത്തേറിയം എന്നിവയുടെ വ്യാപാരം നടത്തുന്ന ഇടമാണ് ക്വാഡ്രിഗ. ഇതില്‍ 363,000 രജിസ്‌റ്റേര്‍ഡ് ഇടപാടുകാരാണുള്ളത്. 250 മില്യണ്‍ കനേഡിയന്‍ ഡോളറാണ് ഇവരുടെ നിക്ഷേപം. ഇവരില്‍ 115,000 ഇടപാടുകളുടെ നിക്ഷേപമാണ് അക്കൗണ്ട് തുറക്കാനാവാതെ കുടുങ്ങിപ്പോയതെന്ന് കമ്പനി നോവ സ്‌കോട്ടിയ സുപ്രീം കോടതിയില്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കമ്പനിക്കുവേണ്ടി ഗെറാള്‍ഡ് കോട്ടന്റെ ഭാര്യ ജെന്നിഫര്‍ റോബര്‍ട്ട്‌സണ്‍ ആണ് കോടതിയെ സമീപിച്ചത്.
ഗെറാള്‍ഡ് കോട്ടന്റെ പ്രധാന കമ്പ്യുട്ടറിലാണ് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന്റെ പാസ്‌വേര്‍ഡ് സൂക്ഷിച്ചിരുന്നത്. അതിലേക്കുള്ള പ്രവേശനം ഭൗതികമാണെന്നും ഓണ്‍ലൈനില്‍ കഴിയില്ലെന്നും അതിനാല്‍ ഗെറാള്‍ഡിന്റെ മരണത്തോടെ ഈ നിക്ഷേപം പിന്‍വലിക്കാനാവുന്നില്ലെന്നും ജന്നിഫര്‍ അറിയിച്ചു. പാസ്‌വേര്‍ഡ് എവിടെയെങ്കിലും എഴുതി സൂക്ഷിച്ചതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഒരു വിദഗ്ധന്റെ സഹായത്തോടെ ഗെറാള്‍ഡ് കോട്ടന്റെ കമ്പ്യൂട്ടറില്‍ നിന്നും ശസല്‍ഫോണുകളില്‍ നിന്നും ചില വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും കുറച്ചുനിക്ഷേപം മാത്രമേ പിന്‍വലിക്കാന്‍ കഴിഞ്ഞുള്ളുവെന്നും ഭൂരിഭാഗവും പിന്‍വലിക്കാനാവാതെ പ്രധാന കമ്പ്യുട്ടറില്‍ കിടക്കുകയാണെന്നും അവര്‍ അറിയിച്ചു.
ഓണ്‍ലൈനില്‍ തനിക്കു നേരെ ഭീഷണിയും അപകീര്‍ത്തിപരമായ അഭിപ്രായങ്ങളും ഉയരുന്നുണ്ടെന്നും ഗെറാള്‍ഡ് കോട്ടന്റെ മരണത്തില്‍ വരെ സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും ഗെറാള്‍ഡ് ശരിക്കും മരണമടഞ്ഞതു തന്നെയാണോ എന്നും പലരും ചോദിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ആവശ്യമാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ബിറ്റ്‌ബൈ.സിഎ വൈസ് പ്രസിഡന്റ് ഡീണ്‍ സ്‌കുര്‍ക്ക പ്രതികരിച്ചു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഗെറാള്‍ഡിന്റെ പ്രശ്‌നത്തിലൂടെ വരാന്‍ പോകുന്നതെന്നും അദ്ദേഹം കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോട് പ്രതികരിച്ചു.
from mangalam.com http://bit.ly/2ULj4Th
via IFTTT
No comments:
Post a Comment