തൊടുപുഴ: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നും പി.ജെ. ജോസഫ് അവകാശം ഉന്നയിച്ചു വന്നതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെ ഇടുക്കി യുഡിഎഫില്‍ ഹോട്ട് സീറ്റായി മാറുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സീറ്റിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ആയിട്ടില്ല എന്നിരിക്കെ ഇടുക്കി ആവശ്യപ്പെട്ട് ജേക്കബ് വിഭാഗം യുഡിഎഫിന് കത്തു നല്‍കിയെന്ന് പാര്‍ട്ടി ചെയര്‍മാന്‍, ജോണി നെല്ലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാണിഗ്രൂപ്പിന്റെ കുത്തകസീറ്റായ കോട്ടയം ഉമ്മന്‍ചാണ്ടിക്ക് വിട്ടുകൊടുത്ത് ഇടുക്കി നേടണമെന്ന് ജോസഫ് ആവശ്യപ്പെടുമ്പോള്‍ രണ്ടു സീറ്റിനായി പിടിക്കുന്ന മാണിക്ക് ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി എന്നതാണ് ലക്ഷ്യം. ഒറ്റ സീറ്റേ കിട്ടുകയുള്ളെങ്കില്‍ കോട്ടയത്ത് ശ്രദ്ധകേന്ദ്രീകരിച്ച് ജോസഫിന്റെ എതിര്‍പ്പ് മറികടന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫ് യോഗം മുതല്‍ ഇടുക്കി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ജോസഫിന് അവിടെ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ട്. കേരളാ കോണ്‍ഗ്രസി(എം)ല്‍ ലയിച്ചതു മുതല്‍ ജോസഫ് ആവശ്യപ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ സീറ്റ്.
ഓരോ തവണയും മാണി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് തങ്ങളെ ചതിക്കുന്നുവെന്നാണു ജോസഫിന്റെ പരാതി. ഉമ്മന്‍ ചാണ്ടിക്കു മത്സരിക്കണമെങ്കില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കണമെന്നാണു ജോസഫിന്റെ നിലപാട്. പകരം ഇടുക്കിയും ചാലക്കുടിയും കിട്ടണം. ഇടുക്കി സീറ്റ് കൂടി കേരളാ കോണ്‍ഗ്രസി(എം)നു ലഭിച്ചാല്‍ ജോസഫ് തന്നെയാകും സ്ഥാനാര്‍ഥി. എന്നാല്‍ ഇടുക്കി സീറ്റു കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും പാര്‍ട്ടി എന്ന നിലയില്‍, ആവശ്യപ്പെട്ട സീറ്റ് തരാന്‍ കഴിയില്ലെങ്കില്‍ അതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്നും ജേക്കബ് വിഭാഗത്തിന്റെ മുതിര്‍ന്ന നേതാവ് ജോണി നെല്ലൂര്‍ പറയുന്നു.
അതേസമയം നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തന്നെ മത്സരിച്ചാല്‍ സംസ്ഥാനത്തെ ജനപ്രീതിയുള്ള നേതാവായ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മത്സരിക്കാന്‍ എത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിന് നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതിന് ഉമ്മന്‍ചാണ്ടി തയാറല്ല എന്നതരത്തിലുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ്, പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരുടെ പേരുകളും മണ്ഡലത്തില്‍ സജീവമാണ്.
എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസ്. ആകും ഇടുക്കിയില്‍ മത്സരിക്കുക എന്നറിയുന്നു. ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ 11,57,419 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 8,19,882 പേര്‍ വോട്ടുചെയ്തു. ജോയ്സ് ജോര്‍ജ് എം.പി. 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ജോയ്സ് ജോര്‍ജ്-3,82,019, ഡീന്‍ കുര്യാക്കോസ്-3,31,477, സാബു വര്‍ഗീസ്-50,438 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി ജോയ്സ് ജോര്‍ജ് തന്നെ ഒരുവട്ടംകൂടി മത്സരിക്കുമെന്ന് കരുതുമ്പോഴും യു.ഡി.എഫില്‍ ചിത്രം വ്യക്തമല്ല. 2014-ല്‍ കസ്തൂരിരംഗന്‍ വിഷയം കത്തിനിന്നപ്പോഴാണ് െഹെറേഞ്ച് സംരക്ഷണസമിതിയുടെ പിന്തുണയുള്ള സ്വതന്ത്രനായി ജോയ്സ് ജോര്‍ജ് ഇടതുമുന്നണിയില്‍ മത്സരിച്ച് വിജയിക്കുന്നത്. നിലവില്‍ തീരുമാനം ആയിട്ടില്ലെങ്കിലും ജോയ്സ് ജോര്‍ജ് തന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. ഇടതുമുന്നണിയുമായുള്ള നല്ല ബന്ധവും ജോയ്സ് ജോര്‍ജിനുതന്നെ ഒരവസരംകൂടി നല്‍കാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. അനൗദ്യോഗികമായി പ്രചരണം ആരംഭിക്കാന്‍ മുന്നണി നേതൃത്വം മൗനസമ്മതം നല്‍കിയതായും സൂചനയുണ്ട്.
from mangalam.com http://bit.ly/2DIqMb6
via IFTTT
No comments:
Post a Comment