തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ്. തലപ്പത്ത് അഴിച്ചുപണി. തൊഴിലാളി യൂണിയനുകളുടെ കണ്ണിലെ കരടായ കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റുന്നതിനായാണു സര്‍ക്കാര്‍ പ്രധാനമായും ഐ.പി.എസ്. തലപ്പത്ത് അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. തച്ചങ്കരിയെ മാറ്റി ഡി.ജി.പി: എ. ഹേമചന്ദ്രനെ വീണ്ടും കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നിയോഗിക്കാനാണു നീക്കം.
സി.പി.എം. നേതാക്കളുടെയും സി.ഐ.ടി.യുവിന്റെയും ശക്തമായ സമ്മര്‍ദമാണു തച്ചങ്കരിയുടെ കസേര ഇളക്കുന്നത്. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായ ഡി.ജി.പി: ഹേമചന്ദ്രനെ ഹൈക്കോടതി ശബരിമല നിരീക്ഷണ സമിതി അംഗമായി നിയോഗിച്ചിരുന്നു. സമിതി അംഗമെന്ന നിലയില്‍ ശബരിമല യുവതീ പ്രവേശന കാര്യത്തില്‍ സര്‍ക്കാരിനു പ്രതികൂലമായ നിലപാട് സ്വകീരിച്ചതും ഹേമചന്ദ്രന്റെ സ്ഥാനചലനത്തിനു കാരണമാകും.
ഫയര്‍ഫോഴ്‌സ് മേധാവിയുടേത് ഡി.ജി.പി. കേഡര്‍ തസ്തികയാണ്. അതിനാല്‍ ഹേമചന്ദ്രനെ നിയമിക്കുന്നതിനു മുന്നോടിയായി കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ പദവി ഡി.ജി.പി. റാങ്കായി ഉയര്‍ത്താനാണ് ആലോചന. മുമ്പ് എ.ഡി.ജി.പി. ആയിരിക്കേ ഹേമചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറായിരുന്നു. അഴിച്ചുപണിയുടെ ഭാഗമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, റോഡ് സുരക്ഷാ കമ്മിഷണര്‍ എന്‍. ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്കും മാറ്റമുണ്ടാകും.
യൂണിയന്‍ നേതൃത്വങ്ങള്‍ ചേര്‍ന്ന് ഒതുക്കിയെങ്കിലും, ഇന്നലെ തച്ചങ്കരിക്കു പരോക്ഷപിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്‌ബുക്കില്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വെട്ടിലായതു മന്ത്രി എ.കെ. ശശീന്ദ്രനും ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും യൂണിയന്‍ നേതാക്കളുമാണ്. എന്നാല്‍, മുതിര്‍ന്ന സി.പി.എം. നേതാക്കളായ വൈക്കം വിശ്വനും ആനത്തലവട്ടം ആനന്ദനും തച്ചങ്കരിക്കെതിരേ നിലയുറപ്പിച്ചിട്ടുള്ളതിനാല്‍ മുഖ്യമന്ത്രി വിചാരിച്ചാലും തച്ചങ്കരിയെ സംരക്ഷിക്കാനാവില്ല. സി.ഐ.ടി.യുവിന്റെയും എ.ഐ.ടി.യു.സിയുടെയും നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
കഴിഞ്ഞദിവസം പ്രഖ്യാപിച്ച പണിമുടക്കിനോടു പൊതുവേ തണുപ്പന്‍ പ്രതികരണമായിരുന്നു ജീവനക്കാര്‍ക്ക്. ജീവനക്കാരുടെ വിവിധ വാട്‌സ്‌ആപ് ഗ്രൂപ്പുകളില്‍ സമരത്തിനെതിരേ രോഷമുയര്‍ന്നിരുന്നു. അതിനിടെയാണു യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഇരട്ടപ്രഹരമായി സമരം ഹൈക്കോടതി വിലക്കിയത്.
ജീവനക്കാര്‍ക്കിടയില്‍ പ്രതിഛായ കൂടുതല്‍ വഷളാകുമെന്നു ഭയന്നാണ് കോടതിയെ വെല്ലുവിളിച്ച് സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു യൂണിയന്‍ നേതാക്കള്‍ ആദ്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിക്കാതെ കെ.എസ്.ആര്‍.ടി.സിയില്‍ തച്ചങ്കരി ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല. എന്നാല്‍, ഗതാഗതമന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പിന്തുണ ഉറപ്പാക്കാന്‍ യൂണിയനുകള്‍ക്കായി.
പേരു പരാമര്‍ശിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ വിശദീകരിച്ചത് തച്ചങ്കരിയുടെ നടപടികളോടുള്ള ഐക്യദാര്‍ഢ്യമാണ്. ഇതോടെ യൂണിയന്‍ നേതാക്കള്‍ രാജിഭീഷണി മുഴക്കി. മുതിര്‍ന്ന സി.പി.എം. നേതാക്കള്‍ അവരെ പിന്തുണയ്‌ക്കുകയും ചെയ്‌തതോടെ മുഖ്യമന്ത്രി വെട്ടിലായി. എതിര്‍പ്പുകള്‍ മറികടന്ന്, തച്ചങ്കരി അവതരിപ്പിച്ച ശബരിമല ഇലക്‌ടിക് ബസ് സര്‍വീസിനെ പിന്തുണച്ചാണു മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ടത്. ഇതേത്തുടര്‍ന്ന് വരുമാനത്തിലുണ്ടായ ലാഭവും മുഖ്യമന്ത്രി പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.
from mangalam.com http://bit.ly/2szuCx6
via IFTTT
No comments:
Post a Comment