ന്യൂഡൽഹി: സ്മാർട് കാർ നിർമാണത്തിനായി മുൻനിര ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനി ടാറ്റാ മോട്ടോർസും സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എൻ.എലും കൈകോർക്കുന്നു. സ്മാർട്കാറിന് വേണ്ട ആശയവിനിമയ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എൻഎലിന്റെ ചുമതല. ഇതിനായി ബിഎസ്എൻഎലിന്റെ എംബഡഡ് സിം കാർഡുകൾ ടാറ്റാ മോട്ടോഴ്സിന് ലഭ്യമാക്കും. എംബഡഡ് സിംകാർഡുകൾക്കായി നിലവിൽ ടാറ്റാ മോട്ടോർസുമായി ബിഎസ്എൻഎൽ സഹകരിച്ചുവരുന്നുണ്ട്. അഞ്ച് ലക്ഷം സിംകാർഡുകൾ ഇതിനോടകം നൽകിക്കഴിഞ്ഞുവെന്നും പത്ത് ലക്ഷം കാർഡുകൾ കൂടി നൽകാനുണ്ടെന്നും ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു. സ്മാർട് കാറുകൾക്ക് വേണ്ടിയാണ് ഈ സിംകാർഡുകൾ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമോബൈൽ, ഹോം ഓട്ടോമേഷൻ മേഖലകൾക്ക് വേണ്ടി 5ജി സാങ്കേതിക വിദ്യയോടുകൂടിയുള്ള മെഷീൻ റ്റു മെഷീൻ സിംകാർഡുകൾ അടുത്തവർഷത്തോടെയെത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ബിഎസ്എൻഎലുമായുള്ള സഹകരണം ടാറ്റാ മോട്ടോർസിന്റെ ടിയാഗോ, ഹെക്സ അതുപോലെ അടുത്തിടെ പുറത്തിറക്കിയ എസ്യുവി ഹാരിയർ കാറുകളെ സ്മാർട്കാറുകളാക്കി മാറ്റും. മെഷീൻ റ്റു മെഷീൻ സിംകാർഡുകളിലൂടെ 1200 കോടിയുടെ വാർഷിക ലാഭമാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു. മെഷീൻ റ്റു മെഷീൻ സാങ്കേതിക വിദ്യ (എം റ്റു എം) സെൻസറുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വയർ ബന്ധിത ഉപകരണങ്ങളും വയർലെസ് ഉപകരണങ്ങളും തമ്മിൽ ആശ്യവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് എംറ്റുഎം. സ്മാർട് ഗതാഗതം, സ്മാർട് സിറ്റി, സ്മാർട്ട് ഹോം, സ്മാർട് ഹെൽത്ത് കെയർ എന്നിവയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവും. ഇന്റർനെറ്റ് ഓഫ് തിങ്സ് സംവിധാനത്തിന് സഹായകരമാവുന്നതാണ് എം റ്റു എം സാങ്കേതിക വിദ്യ. കാറുകളും, യന്ത്രങ്ങളും വീട്ടുപകരണങ്ങളും ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ അത് സഹായിക്കുന്നു. 5ജി സാങ്കേതിക വിദ്യകൾക്ക് പ്രചോദനം നൽകുന്നു. ഇന്റർനെറ്റ് ഓഫ് തിങ്സ് സാങ്കേതിക വിദ്യകളുടെ വളർച്ചയിൽ ഓട്ടോമോട്ടീവ്, ഗതാഗത രംഗങ്ങൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്. സ്മാർട് കാറുകൾ രംഗപ്രവേശം ചെയ്യുന്നതോടെ ആ മേഖലയിൽ അതിനനുസൃതമായ സമൂലമാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്മാർട് സാങ്കേതിക വിദ്യകളിലൂന്നിയ ഭാവി വിപണിയാണ് വാഹനിർമാതാക്കൾ മുന്നിൽ കാണുന്നത്. വരാനിരിക്കുന്ന 5ജി സാങ്കേതിക വിദ്യയെ അവർ ഉറ്റുനോക്കുകയാണ്. ടെലികോം സേവനദാതാക്കളും അതിനായുള്ള അണിയറ നീക്കങ്ങളിലാണ്. Content Highlights:BSNL Tata Motors team up for smartcar
from mathrubhumi.latestnews.rssfeed http://bit.ly/2B5M0y2
via
IFTTT
No comments:
Post a Comment