മൂലമറ്റം: മൂന്നാഴ്ചയിലേറെ വനത്തിൽ ഒളിച്ചുകഴിഞ്ഞ കമിതാക്കൾ പിടിയിലായി. കോട്ടയം ജില്ലയിലെ മേലുകാവ് വൈലാറ്റിൽ അപ്പുക്കുട്ടൻ എന്നു വിളിക്കുന്ന ജോർജും(21) പതിനേഴുവയസ്സുള്ള പെൺകുട്ടിയുമാണ് 23 ദിവസത്തെ വനവാസത്തിനുശേഷം നാട്ടുകാരുടെ പിടിയിലായത്. പോലീസും നാട്ടുകാരും ഇവർക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചിൽ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ തലയിൽ ചാക്കുകെട്ടുമായി വനത്തിൽനിന്ന് തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുന്നവഴി ഇരുവരും പോലീസിന് മുൻപിൽപെട്ടു. ഇതോടെ രണ്ടുപേരും രണ്ടു ദിക്കിലേക്ക് ഓടി. ഓടിത്തളർന്ന പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിലെത്തി വാതിലിൽ മുട്ടിവിളിച്ച് കുടിവെള്ളം ചോദിച്ചു. തീർത്തും അവശനിലയിലായിരുന്ന കുട്ടിക്ക് വീട്ടുകാർ ഭക്ഷണവും വെള്ളവും നൽകി വിശ്രമിക്കാൻ സൗകര്യം ചെയ്തുകൊടുത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞുനിർത്തി പോലീസിന് കൈമാറി. കുടയത്തൂർവഴി ആനക്കയത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാർ പിന്തുടർന്നു പിടികൂടി പോലീസിനെ ഏല്പിച്ചു. അപ്പുക്കുട്ടൻ മരംകയറ്റത്തൊഴിലാളിയായിരുന്നു. ഏതാനുംമാസം മുമ്പ് കമുക് കയറുന്നതിനായി കുമളിയിലെത്തിയ അപ്പുക്കുട്ടൻ പെൺകുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയിൽപോയ പെൺകുട്ടിയുമായി അപ്പുക്കുട്ടൻ ഒളിച്ചോടുകയായിരുന്നു. കുമളി പോലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടെ അപ്പുക്കുട്ടന്റെ വീടിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ചുകഴിയുന്നതായി പ്രദേശവാസികൾ കണ്ടെത്തി. കട്ടപ്പന ഡിവൈ.എസ്.പി.ക്കു കീഴിലെ സ്റ്റേഷനുകളിൽനിന്ന് വലിയൊരു പോലീസ് സംഘത്തെ, കമിതാക്കളെ തിരയാൻ നിയോഗിച്ചു. ചെങ്കുത്തായ വനപ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് അപ്പുക്കുട്ടൻ. ഇരുവരും കാട്ടുകിഴങ്ങുകളും സമീപത്തെ പുരയിടങ്ങളിൽനിന്നും കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവയും ശേഖരിച്ചു ഭക്ഷിച്ചാണ് വനത്തിൽ കഴിഞ്ഞത്. വീട്ടുകാർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നതിനാൽ പെൺകുട്ടിയെ ഹൈക്കോടതിയിൽ ഹാജരാക്കി. കട്ടപ്പനയിൽനിന്നെത്തിയ പോലീസ് യുവാവിനെ പീരുമേട്ടിലേക്ക് കൊണ്ടുപോയി. Content Highlights:Lovers held from Forrest
from mathrubhumi.latestnews.rssfeed http://bit.ly/2WBr2QW
via
IFTTT
No comments:
Post a Comment