പാറശ്ശാല: നൂറ്റിത്തൊണ്ണൂറ്റിനാല് വർഷക്കാലമായി തുടർച്ചയായി നടത്തിവരുന്ന അപൂർവമായ വനഭോജനപൂജയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം പാറശ്ശാല ദളവാപുരം ഗ്രാമത്തിൽ മാത്രമാണ് കേരളത്തിൽ തുടർച്ചയായി നടത്തിവരുന്നത്. ഭാരതത്തിൽത്തന്നെ വളരെ അപൂർവമായാണ് വനഭോജന ചടങ്ങുകൾ ആചരിച്ചുവരുന്നത്. വൃശ്ചികമാസത്തിലെ അവസാന തിങ്കളാഴ്ചയ്ക്കുമുൻപുള്ള ഞായറാഴ്ചയാണ് വനഭോജനം എന്ന ധാത്രിമാധവ പൂജ നടത്തിവരുന്നത്. വിഷ്ണുസങ്കല്പത്തിൽ നെല്ലിമരച്ചുവട്ടിലാണ് നാലുദിവസത്തോളം നീളുന്ന വനഭോജന പൂജകൾക്ക് തുടക്കം കുറിക്കുന്നത്. മണ്ണിലും മരത്തിലും കല്ലിലും ദൈവത്തെക്കണ്ട് പ്രകൃതിയെ ആരാധിക്കുന്ന ഭാരതീയ രീതിയുടെ തുടർച്ചയാണ് വനഭോജനപൂജ. മഹാഭാരതകഥയിലെ ഒരു മുഹൂർത്തവുമായി ബന്ധപ്പെട്ട ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് വനഭോജന ചടങ്ങുകൾ നടത്തി വരുന്നത്. ദളവാപുരം ഗ്രാമത്തിൽ മക്കളില്ലാതെ മരിച്ചവരുടെ മോക്ഷത്തിനായാണ് വനഭോജനം നടത്തിവരുന്നത്. ഇതിൽ പങ്കെടുക്കുവാനായി പാറശ്ശാല ഗ്രാമവുമായി ബന്ധമുള്ള ഇവിടെ വേരുകളുള്ള ബ്രാഹ്മണസമുദായത്തിൽപ്പെട്ടവർ ദളവാപുരം ഗ്രാമത്തിൽ എത്തിച്ചേരും. ആയിരക്കണക്കിന് ബ്രാഹ്മണർക്ക് അന്നദാനവും നടത്തും. ക്ഷേത്രപ്രവേശന വിളംബരത്തിനു മുൻപ് പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലായിരുന്നു വനഭോജനപൂജകൾ നടത്തിയിരുന്നത്. ഇപ്പോൾ ദളവാപുരം ഗ്രാമത്തിലെ സമുദായ ക്ഷേത്രത്തിലാണ് പൂജകൾ നടക്കുന്നത്. രണ്ടാംദിവസം പാറശ്ശാല മഹാദേവർ ക്ഷേത്രത്തിൽ രുദ്രമന്ത്രത്തോടെ അഭിഷേകവും സോമവാര ചിറപ്പും നടക്കും. ചൊവ്വാഴ്ച ഗ്രാമത്തിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ ലളിതാസഹസ്രനാമാർച്ചനയും കുംഭാഭിഷേകവും നടക്കും. ബുധനാഴ്ച ശാസ്താപ്രീതിയോടെയുള്ള പ്രത്യേക പൂജകളോടെ വനഭോജന ചടങ്ങുകൾ പൂർത്തിയാകും. Content Highlights: Dhalavapuram Village Ready For Special Vanabhojana Pooja Parashshala
from mathrubhumi.latestnews.rssfeed https://ift.tt/2RDrk6Y
via
IFTTT
No comments:
Post a Comment