വനിതാമതിലിന് പണം: സർക്കാർ ഊരാക്കുടുക്കിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

വനിതാമതിലിന് പണം: സർക്കാർ ഊരാക്കുടുക്കിൽ

തിരുവനന്തപുരം: വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുമ്പോഴും നിലപാടുകളിലെ മലക്കംമറിച്ചിൽ സർക്കാരിനെ ഊരാക്കുടുക്കിലാക്കുന്നു. മതിലിന് പണം അനുവദിക്കുമെന്ന സർക്കാർ ഉത്തരവ് വിവാദമായപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അത് തിരുത്തി സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്നു പറഞ്ഞത്. പക്ഷേ, കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം വ്യത്യസ്തമായി. ഇതും വിവാദമായതോടെയാണ് മതിലിന് സർക്കാർ ഫണ്ടിൽനിന്ന് ഒരുപൈസപോലും ചെലവഴിക്കില്ലെന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് വീണ്ടും വിശദീകരിക്കേണ്ടിവന്നത്. സർക്കാർ ചെലവിൽ അല്ല മതിലെന്ന് ധനമന്ത്രി തോമസ് ഐസക്കിനും പറയേണ്ടിവന്നു. ഇരുവരും ഇങ്ങനെ പറയുമ്പോഴും മതിലിന്റെ പ്രചാരണം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾക്ക് ചെലവ് സർക്കാരിന്റേതുതന്നെ. സാമൂഹികസംഘടനകളിൽനിന്ന് സർക്കാർ ഏറ്റെടുത്ത മതിലിന് ഉപയോഗിക്കുന്ന പണത്തെച്ചൊല്ലി മതിൽ ഉയരുന്ന ദിവസം അടുക്കുന്തോറും വിവാദം മുറുകുകയാണ്. നിയമസഭയിൽ മുഖ്യമന്ത്രി കള്ളം പറഞ്ഞെന്നാരോപിച്ച് അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയതോടെ മതിലൊരുക്കം സർക്കാരിനെ കൂടുതൽ വിവാദത്തിലാക്കുകയാണ്. 190 സാമൂഹിക സംഘടകൾചേർന്ന് വനിതാമതിൽ നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ, ദിവസങ്ങൾക്കകം അത് ഇടതുമുന്നണിയും സർക്കാരും ഏറ്റെടുത്തു. പ്രചാരണത്തിനും വീടുകളിൽ സന്ദേശം എത്തിക്കുന്നതിനും വനിത-ശിശു വികസനവകുപ്പിനെ ചുമതലപ്പെടുത്തിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പണം അനുവദിക്കാൻ ധനവകുപ്പിനോട് നിർദേശിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഉത്തരവ് വിവാദമായപ്പോൾ പണം അനുവദിക്കുമെന്ന ഭാഗം ഒഴിവാക്കി. വനിതാമതിൽ സർക്കാർ പരിപാടിയാണെന്നിരിക്കെ സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഉത്തരവ് തിരുത്തുകയും സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറയുകയും ഒരുക്കങ്ങൾക്ക് സർക്കാർ വകുപ്പുകൾ പണം ചെലവിടുന്നതുമാണ് വിവാദങ്ങൾക്കു കാരണമാകുന്നത്. സംഘാടനാച്ചുമതലയുള്ള വനിത-ശിശുവികസന വകുപ്പും പ്രചാരണത്തിന്റെ ചുമതലയുള്ള പബ്ലിക് റിലേഷൻസ് വകുപ്പും ചെലവിടുന്നത് സർക്കാർ പണവും ഉപയോഗിക്കുന്നത് സർക്കാർ സംവിധാനങ്ങളുമാണ്. ജില്ലാതലങ്ങളിൽ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന സംഘാടക സമിതിയുണ്ടാക്കാനുള്ള എല്ലാ ചെലവും സർക്കാരിന്റേതായിരുന്നു. പത്തിന് നടന്ന വനിത-ശിശുവികസന വകുപ്പിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ബഹുവർണ നോട്ടീസിന്റെ പുറംചട്ടയിൽ വനിതാമതിലിന്റെ പരസ്യമുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ വനിത-ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ നേരത്തേത്തുടങ്ങിയെന്നതിന് ഉദാഹരണമാണിത്. ഫലത്തിൽ മുകൾത്തട്ടുമുതൽ അടിത്തട്ടുവരെ ഒരുക്കങ്ങൾക്കെല്ലാം സർക്കാർ ചെലവുതന്നെയെന്നു വ്യക്തം. എന്നാൽ, സ്ത്രീകളുടെ വികസനപ്രവർത്തനങ്ങൾക്ക് അനുവദിച്ച 20 കോടിയിൽ സ്ത്രീശാക്തീകരണത്തിനുള്ള 12 കോടിയിൽ ചെലവാക്കിയത് 2.65 കോടി രൂപ മാത്രമാണെന്ന ആക്ഷേപമുണ്ട്. -------------- വനിതാമതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കില്ല. ആവശ്യമായ പണം സംഘാടകരും പിന്തുണയ്ക്കുന്നവരും ജനങ്ങളിൽനിന്ന് കണ്ടെത്തും -മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിയമസഭയിൽ -------------- സ്ത്രീശാക്തീകരണത്തിനും സ്ത്രീകളോടുള്ള അതിക്രമം തടയുന്നതിനും ബജറ്റിൽ 50 കോടിയുണ്ട്. ആ തുക ലാപ്സാകുംമുമ്പ് ബോധവത്കരണ പദ്ധതികൾക്ക് ഉപയോഗിക്കും. വനിതാമതിൽ അത്തരമൊന്നാണ് -വ്യാഴാഴ്ച സർക്കാർ ഹൈക്കോടതിയിൽ. ---- ബജറ്റ് പണം മതിലിന് ഉപയോഗിക്കില്ല. സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. -തോമസ് ഐസക്, ധനമന്ത്രി ----------- നിയമസഭയിൽ മുഖ്യമന്ത്രി കളവുപറഞ്ഞു. മതിലിന് ആളെക്കൊണ്ടുവരാനും നോട്ടീസ് പതിക്കാനും പാർട്ടിഫണ്ട് ചെലവിടണം -രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് content highlights: women wall,sabarimala, kerala government


from mathrubhumi.latestnews.rssfeed http://bit.ly/2T24g1S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages