കണ്ണൂർ : ബീഡിയോ സിഗരറ്റോ വാങ്ങാൻ കുട്ടികളെ അയക്കുന്നവരും കുട്ടികളുടെ കൈയിൽ അത് കൊടുത്തയക്കുന്നവരും അവർക്കത് വിൽക്കുന്നവരും ജാഗ്രതൈ. ഏഴുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണത്. ബാലനീതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനത്തും പ്രയോഗത്തിൽ വരുന്നതോടെയാണിത്. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവ കുട്ടികൾക്ക് വിൽക്കുന്നതും കുട്ടികളെ ഉപയോഗിച്ച് കൈമാറുകയോ വിൽപ്പനനടത്തുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതും തടയുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ ഭേദഗതിവരുത്തിയ ബാലനീതിനിയമത്തിലെ 77, 78 വകുപ്പുകളാണ് ഏഴുവർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയിടാവുന്നതുമായ കുറ്റമാണിതെന്ന് വ്യക്തമാക്കുന്നത്. ഈ വകുപ്പുകൾ പ്രകാരം കേസെടുക്കാനും നടപടി സ്വീകരിക്കാനും എക്സൈസ് വകുപ്പ് സർക്കാരിന്റെ അനുമതിതേടി. ഇതനുസരിച്ച് കേസെടുത്താൽ കുട്ടികളെ ഉപയോഗിച്ചുള്ള ലഹരികടത്തും കുട്ടികളുടെ ലഹരി ഉപയോഗവും വലിയൊരളവോളം തടയാനാകുമെന്നാണ് കരുതുന്നത്. കേന്ദ്രനിയമം സംസ്ഥാനങ്ങൾക്കെല്ലാം ബാധകമായതിനാൽ ഇവിടെ പ്രത്യേക ചട്ടം ഉണ്ടാക്കാതെ ഇത് പ്രയോഗിക്കാനാവും. കേരളത്തിലെ ബാലാവകാശനിയമത്തിന്റെ ഭാഗമായി കേന്ദ്ര നിയമത്തിനനുസൃതമായ ചട്ടങ്ങൾ തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുമുണ്ട്. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയിലെ ഉത്പന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാണെങ്കിലും ശിക്ഷ നിസ്സാരമാണ്. 200 രൂപ പിഴചുമത്തി വിടുന്നതിനാൽ സ്കൂൾ പരിസരങ്ങളിലും പുകയില ഉത്പന്നങ്ങളുടെ വിൽപ്പന വ്യാപകമാണ്. ഒരു കിലോ കഞ്ചാവ് കൈവശംവെക്കുന്ന കേസുകളിൽപ്പോലും ജാമ്യം ലഭിക്കുന്ന സ്ഥിതിയാണിന്ന്. മയക്കുമരുന്ന് വിൽപ്പനയ്ക്ക് വിദ്യാർഥികളെ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങൾ വ്യാപകമാണെന്നാണ് എക്സൈസ് വകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട്. നിർഭയ കേസിന്റെ സാഹചര്യത്തിലാണ് 2015-ൽ ബാലനീതി നിയമം കർശന വ്യവസ്ഥകൾ ചേർത്ത് ഭേദഗതിചെയ്തത്. കർശന നടപടിയെടുക്കും കുട്ടികളെ പ്രലോഭിപ്പിച്ച് മയക്കുമരുന്നിന്റെ അടിമകളാക്കുന്നതും അവരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തും വിൽപ്പനയും നടത്തുന്നതും വ്യാപകമായിരിക്കുകയാണ്. ഇത് കർശനമായി തടയാൻ ബാലനീതി നിയമത്തിലെ 77, 78 വകുപ്പുകൾ ഉപയോഗപ്പെടുത്താൻ ബാലാവകാശ കമ്മിഷൻ ആവശ്യപ്പെടും. കമ്മിഷൻ സ്വന്തംനിലയ്ക്ക് ഇക്കാര്യത്തിൽ സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കും. -പി. സുരേഷ്, സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ content highlights:selling drugs to a minor, beedi
from mathrubhumi.latestnews.rssfeed https://ift.tt/2LpBhCJ
via
IFTTT
No comments:
Post a Comment