മലപ്പുറം: സമൂഹമാധ്യമങ്ങളിലെ ചലഞ്ചുകൾക്ക് പിന്നാലെ കൈകളിൽ സ്വയം മുറിവേൽപ്പിക്കുന്ന ചലഞ്ചുകളുമായി കുട്ടികൾ. മലപ്പുറം ജില്ലയിൽ ഒരു പഞ്ചായത്തിലെ സ്കൂളുകളിലാണ് അമ്പതിലധികം കുട്ടികൾ സ്വന്തം പേര് കോമ്പസും വെള്ളാരംകല്ലുകളും ഉപയോഗിച്ച് ശരീരത്തിൽ രേഖപ്പെടുത്തിയത്. ചലഞ്ചേറ്റെടുത്തവരിൽ പെൺകുട്ടികളാണ് കൂടുതൽ. എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികളുടെ കൈകളിലാണ് ഇത്തരം മുറിവുകൾ ശ്രദ്ധയിൽപ്പെട്ടത്. സ്വന്തം പേരിന്റെ ആദ്യക്ഷരമാണ് കുട്ടികൾ കൈകളിൽ വരച്ചിട്ടുള്ളത്. ഒറ്റയ്ക്കും കൂട്ടമായുമാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. സ്കൂളിലെ ഒഴിവുസമയങ്ങളിലും വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന സമയത്തുമാണ് ഇതു ചെയ്തതെന്ന് കുട്ടികൾ അധ്യാപകരോട് പറഞ്ഞു. കോമ്പസും സ്റ്റീൽ സ്കെയിലുമുപയോഗിച്ച് ശരീരം മുറിവേൽപ്പിച്ചവരുമുണ്ട്. ചിലരുടെ മുറിവുകൾക്ക് പഴുപ്പ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചില മദ്രസാധ്യാപകർ കുട്ടികളുടെ കൈയിൽ മുറിവ് കണ്ടെത്തിയിരുന്നു. രക്ഷിതാക്കളെ വിളിപ്പിച്ച് വിശദമായി ചോദിച്ചപ്പോഴാണ് ഹൈസ്കൂൾതലത്തിലെ പെൺകുട്ടികളിൽനിന്നാണ് ഇതു തുടങ്ങിയതെന്ന സൂചന ലഭിച്ചത്. ആ കുട്ടികൾക്ക് എവിടെനിന്നാണ് ഇതു ലഭിച്ചതെന്ന് വ്യക്തമല്ല. വിവിധ സ്കൂളുകളിൽ ഈ പ്രവണത നിലനിൽക്കുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ജാഗ്രത പുലർത്തണമെന്ന് പി.ടി.എ. കമ്മിറ്റികൾ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിധിവിടുന്നത് ശ്രദ്ധിക്കണം സ്കൂൾ വിദ്യാർഥികളിൽ ഇത്തരം ചലഞ്ച് ഏറ്റെടുക്കൽ പ്രവണത കൂടുതലാണ്. പുതുമ തേടാനും സുഹൃത്തുക്കൾക്കിടയിൽ ഹീറോയാകാനും പല വിദ്യാർഥികളും ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ അവ പരിധിവിടുന്നുണ്ടോയെന്ന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഇത്തരം പ്രവണതകൾ സ്ഥിരമായി കാണിക്കുന്ന കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കണം. ചലഞ്ചിന്റെ ഉറവിടം കണ്ടുപിടിക്കേണ്ടതും അത്യാവശ്യമാണ് (ഡോ. സന്ദീഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവ. മാനസികാരോഗ്യകേന്ദ്രം കോഴിക്കോട്) content highlights:offline challenge,malappuram,students,social mediachallenge
from mathrubhumi.latestnews.rssfeed https://ift.tt/2BJWQdS
via
IFTTT
No comments:
Post a Comment