ക്രൈസ്റ്റ്ചർച്ച്:ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കൂറ്റൻ വിജയവുമായി ന്യൂസീലൻഡ്. 423 റൺസിനാണ് കിവികൾ ലങ്കയെ തോൽപ്പിച്ചത്. അഞ്ചാം ദിനം 14 പന്തിനുള്ളിൽ ലങ്കയുടെ ശേഷിക്കുന്ന വിക്കറ്റുകൾ വീഴ്ത്തി ന്യൂസീലൻഡ് വിജയതീരത്തെത്തി. ഇതോടെ 1-0ത്തിന് ന്യൂസീലൻഡ് പരമ്പര സ്വന്തമാക്കി. വെല്ലിങ്ടണിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. നേരത്തെ വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, പാകിസ്താൻ എന്നീ ടീമുകൾക്കെതിരേയും ന്യൂസീലൻഡ് പരമ്പര നേടിയിരുന്നു. 88 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസീലൻഡ് തുടർച്ചയായി നാല് പരമ്പര വിജയിക്കുന്നത്. 660 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 236 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് വിക്കറ്റെടുത്ത വാഗ്നെറും മൂന്നു വിക്കറ്റ് വീഴ്ത്തിയ ബൗൾട്ടുമാണ് ന്യൂസീലൻഡിന്റെ വിജയം അനായാസമാക്കിയത്. 67 റൺസെടുത്ത മെൻഡിസിനും 56 റൺസടിച്ച ചണ്ഡിമലിനുമൊഴികെ ലങ്കൻ നിരയിൽ ആർക്കും തിളങ്ങാനായില്ല. രണ്ടിന്നിങ്സിലുമായി ബൗൾട്ട് ഒമ്പത് വിക്കറ്റെടുത്തപ്പോൾ സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി.ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത സൗത്തിയാണ് കളിയിലെ താരം. സ്കോർ ബോർഡ്-ന്യൂസീലൻഡ്: 178, 585/4 ഡിക്ല, ശ്രീലങ്ക:104, 236. ആദ്യ ഇന്നിങ്സിൽ സ്വപ്നസമാനമായ തുടക്കമാണ് ബൗളർമാർ ലങ്കയ്ക്ക് നൽകിയത്. 178 റൺസിന് അവർ ന്യൂസീലൻഡിനെ പുറത്താക്കി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലക്മലും മൂന്നു വിക്കറ്റെടുത്ത കുമാരയുമായിരുന്നു ലങ്കൻ ബൗളിങ്ങിനെ നയിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ബാറ്റിങ് നിര തകർന്നുവീണു. ആറു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗൾട്ടിനും മൂന്നു വിക്കറ്റെടുത്ത ടിം സൗത്തിക്കും മുന്നിൽ കളി മറന്ന ലങ്ക 104 റൺസിന് പുറത്തായി. ഇതോടെ ന്യൂസീലൻഡ് 74 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് നേടി. രണ്ടാമിന്നിങ്സിൽ 162 റൺസുമായി പുറത്താകാതെ നിന്ന് നിക്കോൾസും 176 റൺസടിച്ച ലാഥമും കിവീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചു. ഇതോടെ നാല് വിക്കറ്റിന് 585 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ 660 റൺസിന്റെ വിജയലക്ഷ്യം ലങ്കയ്ക്ക് മുന്നിൽവെച്ചു. എന്നാൽ ഈ ലക്ഷ്യം മറികടക്കാൻ ലങ്കയ്ക്ക് കഴിഞ്ഞില്ല. Content Highlights: New Zealand Crush Sri Lanka by 423 Runs for Record Series Win
from mathrubhumi.latestnews.rssfeed http://bit.ly/2EXCX5L
via
IFTTT
No comments:
Post a Comment