നാദാപുരം: കല്ലാച്ചി ടൗണിൽ ജൂവലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിത്തുരന്ന് വൻ കവർച്ച. വാണിമേൽ റോഡിൽ പഴങ്കൂട്ടത്തിൽ കേളുവിന്റെ ഉടമസ്ഥതയിലുള്ള റിൻസി ജൂവലറിയിൽനിന്ന് 220 പവൻ സ്വർണാഭരണവും (ഒന്നേമുക്കാൽ കിലോഗ്രാം) മൂന്നരലക്ഷം രൂപയും ആറുകിലോ വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്. ജൂവലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് കരുതുന്നു.ചുമർ തുരക്കാനുപയോഗിച്ച കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങൾ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ചൊവ്വാഴ്ച രാവിലെ ഒൻപതരമണിയോടെ ഉടമ കേളു ജൂവലറി തുറന്നപ്പോഴാണ് കവർച്ചനടന്നതായി അറിയുന്നത് . ജൂവലറിക്കുള്ളിലെ ലോക്കർ, സീലിങ്, ഗ്ലാസ് തുടങ്ങിയവ തകർക്കപ്പെട്ടനിലയിലായിരുന്നു. ലോക്കറിനകത്ത് കയറിയപ്പോഴാണ് രണ്ട് അലമാരകളിലായി സൂക്ഷിച്ച സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടൻതന്നെ നാദാപുരം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് റൂറൽ എസ്.പി. ജി. ജയദേവ്, നാദാപുരം ഡിവൈ.എസ്.പി. ഇ. സുനിൽകുമാർ, സബ് ഇൻസ്പെക്ടർ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. വടകരയിൽനിന്നെത്തിയ വിരലടയാളവിദഗ്ധരും തെളിവുകൾ ശേഖരിച്ചു. ഉച്ചയോടെ ബാലുശ്ശേരിയിൽനിന്ന് എത്തിയ ഡോഗ് സ്ക്വാഡ് ജൂവലറിയിലും പരിസരത്തെ റോഡിലും പറമ്പിലും കുറ്റിക്കാട്ടിലുമെല്ലാം മണംപിടിച്ച് ഓടിയെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല. അന്വേഷണത്തിന് എസ്.പി.യുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചതായും പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിവൈ.എസ്.പി. ഇ. സുനിൽകുമാർ അറിയിച്ചു. രണ്ടു ദിവസം മുമ്പ് വാണിമേൽ പരപ്പുപാറയിലെ വീട്ടിലും ചേലക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരത്തിലും കവർച്ചനടന്നിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കല്ലാച്ചി ടൗണിൽ കവർച്ചനടന്നത്. content highlkights:kallachi jewellery theft
from mathrubhumi.latestnews.rssfeed https://ift.tt/2APm4pE
via
IFTTT
No comments:
Post a Comment