കോട്ടയം: കെവിൻ വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഗാന്ധിനഗർ എ.എസ്.ഐ. ടി.എം.ബിജുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് ഉത്തരവിട്ടത്. സംഭവദിവസം രാത്രിയിൽ എ.എസ്.ഐ.ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ അജയകുമാറിന്റെ മൂന്നു വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി. സംഭവദിവസം ഗാന്ധിനഗർ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്.ഐ. എം.എസ്.ഷിബുവിനെതിരേയും നടപടിയുണ്ടായേക്കും. മൂന്നുപേരും ആറു മാസമായി സസ്പെൻഷനിലാണ്. കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച അന്വേഷിച്ച അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി. വിനോദ്പിള്ള രണ്ടു ദിവസം മുന്പാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് റിപ്പോർട്ട് സമർപ്പിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ക്വട്ടേഷൻ സംഘത്തിൽനിന്ന് ബിജു കൈക്കൂലി വാങ്ങി. ഇതറിഞ്ഞിട്ടും അജയകുമാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസിന് മറുപടി നൽകാൻ മൂന്നാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. എസ്.ഐ. എം.എസ്.ഷിബുവിനെതിരേ കൃത്യവിലോപം അടക്കമുള്ള വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. ഷിബുവിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ഐ.ജി. വിജയ് സാഖറെ തുടർനടപടി സ്വീകരിക്കും. മേയ് 26-നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫിനെ ഭാര്യ നീനുവിന്റെ സഹോദരന്റെയും അച്ഛന്റെയും നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കെവിൻ കേസിൽ കുറ്റവാളികളായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ വി.ഡി.ജോസ്, എം.ഡി.തോമസ്, എം.ജെ.തോമസ് എന്നിവർ ആവശ്യപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Ot2iVH
via
IFTTT
No comments:
Post a Comment