ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറെ കേള്‍ക്കുന്ന പേരായി മാറിയിരിക്കുകയാണ് തൃപ്തി ദേശായി എന്നത്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായ തൃപ്തിദേശായിയുടെ നിശ്ചയദാര്‍ഡ്യമാണോ ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന വിശ്വാസ സംരക്ഷകരുടെ നിലപാടുകളാണോ വിജയിക്കാന്‍ പോകുന്നതെന്ന ആകാംഷയിലാണ് കേരളം. ശനിയാഴ്ച മണ്ഡലകാലം തുടങ്ങുന്ന ആദ്യ ദിനം തന്നെ മറ്റ് ആറു യുവതികള്‍ക്ക് ഒപ്പം മലചവിട്ടാനായി എത്തുകയാണ് തൃപ്തി ദേശായി.
ഭര്‍ത്താവ് പ്രശാന്ത് ദേശായിക്കും ആറുവയസ്സുകാരനായ മകനുമൊപ്പം സ്വന്തം ജീവനും ഭീഷണിയുണ്ടെന്ന തിരിച്ചറിവില്‍ തന്നെയാണ് തൃപ്തി സ്ത്രീകളുടെ അവകാശത്തിനായി പോരാട്ടം നടത്തുന്നത്. കേവലം 40 പേരുമായി 2010 ല്‍ അവര്‍ തുടങ്ങിയ ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡ് എന്ന അവരുടെ സംഘടനയില്‍ ഇന്ന് അയ്യായിരം പേരോളം ഉണ്ട്. കര്‍ണാടകയിലെ നിപാന്‍ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനവും ബാല്യകാലവും. തെക്കന്‍ മഹാരാഷ്ട്രയിലെ ആള്‍ദൈവം ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് പിതാവ് ആശ്രമത്തിലേക്ക് പോയപ്പോള്‍ മാതാവിനും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി.
2003 ല്‍ ചേരി നിവാസികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന മണ്ഡലത്തിലേക്ക് ഇറങ്ങിയത്. 22 വയസ്സുള്ളപ്പോള്‍ 2007 ല്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍ നിരയില്‍ നിന്നതോടെ അവര്‍ വാര്‍ത്താപ്രാധാന്യം നേടി. ഈ സംഭവത്തില്‍ 35,000 പേര്‍ക്ക് നിക്ഷേപം ഉണ്ടായിരുന്ന ബാങ്കില്‍ നിന്നും 29,000 പേരുടെ നിക്ഷേപം തിരിച്ചു കൊടുക്കാനായെന്ന് ഇവര്‍ പറയുന്നു. പിന്നീട് അഴിമതി വിരുദ്ധ പോരാട്ടത്തിനിറങ്ങിയ അന്നാ ഹസാരേയ്ക്ക് ഒപ്പമായി തൃപ്തിയുടെ സംഘടന.
ഇതിനെല്ലാം പിന്നാലെയായിരുന്നു ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവരുടെ പേരാട്ടം തുടങ്ങുന്നത്. സ്ത്രീ പ്രവേശനം നിഷേധിക്കപ്പെട്ട മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ഷനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധേയയായത്. 2015 ഡിസംബര്‍ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ടു ദിവസത്തിനകം 400 പേരുമായി വീണ്ടും എത്തുമെന്ന് തൃപ്തി ഭീഷണിപ്പെടുത്തി. ഏപ്രിലില്‍ വീണ്ടും ആള്‍ക്കാരുമായി എത്തിയെങ്കിലും തടയപ്പെട്ടു. തുടര്‍ന്ന് ലിംഗവിവേചനത്തിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിച്ച തൃപ്തി അക്കാര്യത്തില്‍ അനുകൂല വിധി നേടി. ഇതോടെ ക്ഷേത്രത്തില്‍ തൃപ്തി ദേശായിയും കൂട്ടരും പ്രവേശിച്ചു.
അതിന് മുമ്പ് സമാന ആചാരം പിന്തുടര്‍ന്നിരുന്ന കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബകേശ്വര്‍ ശിവക്ഷേത്രത്തിലും പുരുഷ സാന്നിദ്ധ്യം മാത്രമെന്ന പാരമ്പര്യം തെറ്റിച്ച ശേഷമായിരുന്നു തൃപ്തി ഷനി ഷിംഗ്നാപൂരിലേക്ക് എത്തിയത്. കോലാപ്പൂരിലെ ക്ഷേത്രത്തില്‍ തൃപ്തിയ്ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയെങ്കിലും പൂജാരിമാര്‍ പ്രവേശനം തടഞ്ഞുകൊണ്ടു രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവരെല്ലാം അറസ്റ്റിലായെന്നു മാത്രം. പിന്നീട് പോലീസ് അകമ്പടിയോടെയാണ് തൃപ്തി ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ കയറിയത്.
ഹിന്ദുക്ഷേത്രങ്ങളില്‍ മാത്രമായിരുന്നില്ല സ്ത്രീപ്രവേശനം തടഞ്ഞിരുന്ന ഇസ്‌ളാമിക പള്ളികളിലേക്കും തൃപ്തി പ്രതിഷേധം നീട്ടിയിരുന്നു. 2012 ല്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീപ്രവേശനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഇവിടെ കയറാന്‍ 2016 ല്‍ തൃപ്തി ഒരു ശ്രമം നടത്തിയെങ്കിലും തടയപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ നേരത്തേ തന്നെ ഭാരതീയ മുസ്‌ളീം മഹിളാ ആന്ദോളന്‍ 2014 ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്ത്രീപ്രവേശനത്തിന് തങ്ങള്‍ എതിരല്ലെന്ന് സുപ്രീംകോടതിയെ ദര്‍ഗ ട്രസ്റ്റിന് അറിയിക്കേണ്ടി വന്നു. സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2016 മെയ് യില്‍ നൂറിലധികം സ്ത്രീകള്‍ ദര്‍ഗയില്‍ കയറി പ്രാര്‍ത്ഥന നടത്തി. തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയാല്‍ തടയുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2S0Iawr
via IFTTT
No comments:
Post a Comment