ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധ്യാപികയെ ക്വട്ടേഷന്‍ സംഘം വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിലേക്കും കാമുകിയിലേക്കും പോലീസിനെ എത്തിച്ചത് അധ്യാപിക സ്ഥിരമായി എഴുതിയിരുന്ന ഡയറിക്കുറിപ്പുകള്‍. ഭര്‍ത്താവ് മന്‍ജീതിന് മോഡലായ എയ്ഞ്ചല്‍ ഗുപ്തയുമായുള്ള പ്രണയം തന്നെ വിഷാദത്തിലേക്ക് നയിച്ചതായും വിവാഹമോചനം നല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ ജീവന് ഭീഷണി ഉണ്ടെന്നും അവര്‍ കൃത്യമായി ഡയറിയില്‍ കുറിച്ചിട്ട വരികളാണ് പോലീസിന് കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണോ എന്ന സംശയം ഉണര്‍ത്തിവിട്ടത്.
സംഭവത്തില്‍ ഏറ്റവും അവസാനമായി നടന്നിരിക്കുന്നത് ഏഞ്ചല്‍ ഗുപ്തയുടെ വളര്‍ത്തച്ഛന്‍ രാജീവിന്റെ ഡ്രൈവര്‍ ദീപകിന്റെ അറസ്റ്റാണ്. ഇയാളായിരുന്നു വാടകകൊലയാളികളെ ഏഞ്ചലിനും മന്‍ജീതിനും പരിചയപ്പെടുത്തിക്കൊടുത്തത്. കൊലപാതകം നടത്താന്‍ 18 ലക്ഷമായിരുന്നു ക്വട്ടേഷന്‍ സംഘം ശശിപ്രഭ എന്ന ഏഞ്ചല്‍ ഗുപ്തയോട് ചോദിച്ചത്. എന്നാല്‍ 10 ലക്ഷത്തിന് ഇത് ഉറപ്പിക്കുകയും രണ്ടര ലക്ഷം വീതം രണ്ടു ഗഡുക്കളായി നല്‍കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൊലപാതകത്തിന്റെ പദ്ധതി തയ്യാറാക്കപ്പെട്ടിരുന്നു.
എല്ലാം ഉറപ്പിച്ചത് ഒക്‌ടോബര്‍ 23 നും. സംഭവത്തില്‍ ഓരോരുത്തര്‍ക്കും ഓരോ റോളായിരുന്നു. ഭാര്യയുടെ ദൈനംദിന കാര്യങ്ങള്‍ ക്വട്ടേഷന്‍ സംഘത്തെ അറിയിക്കുക എന്നതായിരുന്നു ഭര്‍ത്താവ് മന്‍ജീതിന്റെ ജോലി. പിതാവിന് 2012 മുതല്‍ മോഡല്‍ ഏഞ്ചല്‍ ഗുപ്തയുമായി ബന്ധം ഉണ്ടായിരുന്നതായി സുനിതയുടെ കുട്ടികളും കുടുംബാംഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഏഞ്ചല്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മന്‍ജീത് പോലീസിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരം മന്‍ജീത് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെടുകയും നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തിരുന്നു.
ചില മ്യൂസിക് വീഡിയോകളിലും മറ്റും പ്രവര്‍ത്തിച്ച് ഏഞ്ചല്‍ നന്നായി സമ്പാദിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ മന്‍ജീതിനെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍കാര്‍ക്ക് പണം നല്‍കിയതും ഏഞ്ചല്‍ തന്നെയാണ്. ആറു മാസം മുമ്പ് മന്‍ജീതിനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുനിതയുടെ സഹോദരന്‍ ഏഞ്ചലിന്റെ വീട്ടില്‍ എത്തി ആവശ്യപ്പെട്ടതോടെയാണ് സുനിതയെ കൊല്ലാന്‍ മന്‍ജീതും ഏഞ്ചലും രാജീവും ചേര്‍ന്ന് തീരുമാനം എടുത്തത്. സോണീപഥിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപികയായ സുനിതയെ തിങ്കളാഴ്ച രാവിലെ ഭാവന തെരുവില്‍ വെച്ചാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇവരുടെ ശരീരത്ത് മൂന്ന് ബുള്ളറ്റുകളാണ് തുളഞ്ഞുകയറിയത്.
from mangalam.com https://ift.tt/2CXrmCa
via IFTTT
No comments:
Post a Comment