തിരുവനന്തപുരം: അവയവദാനം ഇല്ലാതാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അവയവ ദാതാക്കളുടെ എണ്ണം കുറഞ്ഞ് വരുന്നത് തന്നെയാണിതിന് കാരണം. 2017 ഒക്ടോബര്‍ 24 ന് വൃക്കയുടെ വെയിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 1621 രോഗികളായിരുന്നു. 2018 ഓഗസ്റ്റ് 13 ന് അത് 1720 ലേക്ക് ഉയര്‍ന്നു. ഇന്ന് കാത്തിരിക്കുന്നവരുടെ എണ്ണം 1751 ആണ്. എന്നാല്‍ ഈ വര്‍ഷം ദാതാക്കളായത് മൂന്നേ മൂന്ന് പേര്‍ മാത്രമാണ്. ഈ ഗതി തുടര്‍ന്നാല്‍ അവയവ ദാനം എന്നന്നേക്കുമായി ഇല്ലാതാകും. യുവ ഡോക്ടറാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്.
ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഇതൊരു ചരമക്കുറിപ്പാണ്. കേരളത്തിലെ മരണാനന്തര അവയവദാനങ്ങള്‍ക്ക് എഴുതുന്ന ചരമക്കുറിപ്പ്. മൃതസഞ്ജീവനി ലിസ്റ്റില്‍ കാത്തിരിക്കുന്ന 1751 പേര്‍ക്കെഴുതുന്ന ചരമക്കുറിപ്പ്.
പതിവുപോലെ ആരും വായിക്കാതെയും കാണാതെയും ഈ കുറിപ്പും കടന്നുപോയേക്കാം..
(ആര്‍ക്കും കോപ്പി പേസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം. ഇത്തരം കുറിപ്പുകള്‍ സമാന മനസ്‌കര്‍ ഏറ്റെടുക്കാതെ മറ്റാളുകളിലെത്തില്ല. )
2017 ഒക്ടോബര്‍ 24 ന് വൃക്കയുടെ വെയിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 1621 രോഗികളായിരുന്നു. 2018 ഓഗസ്റ്റ് 13 ന് അത് 1720 ലേക്ക് ഉയര്‍ന്നു. ഇന്ന് കാത്തിരിക്കുന്നവരുടെ എണ്ണം 1751 ആണ്. ഇത് ഇനിയും ഉയരും കാരണം കിഡ്‌നിയുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലയ്ക്കാറായ, ഡയാലിസിസ് കുറഞ്ഞത് ആഴ്ചയില്‍ മൂന്നെണ്ണമെങ്കിലും ചെയ്യേണ്ടിവരുന്ന ആളുകള്‍ എത്രയുണ്ടെന്ന് ഏകദേശമൊരു ധാരണയുള്ളതുകൊണ്ടുതന്നെ..
ആ കാത്തിരുന്നവരില്‍ 213 പേര്‍ ഇപ്പൊ നിര്‍ജീവമാണ്.
ഈ വര്‍ഷം കേരളത്തില്‍ ഇതുവരെ നടന്ന മരണാനന്തര അവയവദാനങ്ങളുടെ എണ്ണം KNOS വെബ് സൈറ്റില്‍ 1 ആണ് കാണിച്ചിരിക്കുന്നതെങ്കിലും മൂന്നെണ്ണമുണ്ടെന്നാണ് അറിവ്. എന്നുവച്ച് മറ്റ് അവയവദാനങ്ങള്‍ നടക്കുന്നില്ലെന്ന് കരുതരുത്. ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് തരാതരത്തില്‍ നടക്കുന്നുണ്ട്.
കാത്തിരിപ്പ് പട്ടിക സോണ്‍ തിരിച്ച് ലഭ്യമാണ്. സൗത്ത് സോണിന്റെ ലിസ്റ്റ് എടുത്തുനോക്കി. ആ വെയ്റ്റിങ്ങ് ലിസ്റ്റിലെ അഞ്ഞൂറ് വരെയുള്ളവരില്‍ 318 പേര്‍ ഉള്ളത് സ്വകാര്യ ആശുപത്രിയില്‍ നിന്നല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ്. അതായത് ആ സോണില്‍ 63%ല്‍ കൂടുതല്‍ ആളുകള്‍ വെറും സാധാരണക്കാരായ, അവയവമാറ്റത്തിനു മെഡിക്കല്‍ കോളജിനെ ആശ്രയിച്ച, ജീവനുള്ള ദാതാക്കളെ കിട്ടാത്തവരാണ്. അവയവമാറ്റത്തിനു കാത്തിരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ മറ്റ് സ്വകാര്യ ആശുപത്രികളോടൊപ്പം തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്.മറ്റ് സോണുകളില്‍ സ്വകാര്യ ആശുപത്രികളിലാണു കൂടുതല്‍ പേര്‍ കാത്തിരിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം മാഫിയ ആണെന്നല്ല. അവിടത്തെ സര്‍ക്കാരാശുപത്രികള്‍ പുരോഗമിക്കാനുണ്ടെന്നാണ്
ഇനി അവര്‍ രജിസ്റ്റര്‍ ചെയ്ത കാലം നോക്കി. ആദ്യ 12 പേര്‍ രജിസ്റ്റര്‍ ചെയ്തത് 2012ലാണ്. അതായത് ആറ് വര്‍ഷമായി അവയവത്തിനായി കാത്തിരിക്കുന്നവര്‍. 13 തൊട്ട് 66 വരെയുള്ള റാങ്കുകാര്‍ രജിസ്റ്റര്‍ ചെയ്തത് 2013ല്‍. അതായത് കാത്തിരിപ്പ് അഞ്ച് വര്‍ഷം. 67 തുടങ്ങി 189 വരെയുള്ള റാങ്കുകാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് വര്‍ഷത്തിലേറെയായി. ഇപ്പൊഴത്തെ നിരക്കിലാണ് അവയവദാനമെങ്കില്‍ ഈ ലിസ്റ്റില്‍ നിന്ന് അവയവം കിട്ടാന്‍ അവര്‍ മുപ്പത് വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. എന്നുവച്ചാല്‍ അതിനു മുന്‍പ് അവര്‍ മണ്ണോടു മണ്ണായിട്ടുണ്ടാവുമെന്ന് സാരം.
കേരളത്തില്‍ നിന്നുള്ള അവയവദാതാക്കളുടെ എണ്ണം താഴെ നല്‍കുന്നു. രഹസ്യമായുള്ള കണക്കുകളല്ല. കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് തന്നെ.
2012 - 9 ദാതാക്കള്‍ 22 പേര്‍ക്ക് അവയവങ്ങള്‍ നല്‍കി
2013 - 36 ദാതാക്കള്‍ 88 പേര്‍ക്ക് അവയവങ്ങള്‍ നല്‍കി
2014 - 58 ദാതാക്കള്‍ 156 പേര്‍ക്ക് അവയവങ്ങള്‍ നല്‍കി
2015 - 76 ദാതാക്കള്‍ 218 പേര്‍ക്ക് അവയവങ്ങള്‍ നല്‍കി
2016 - 71 ദാതാക്കള്‍ 199 പേര്‍ക്ക് അവയവങ്ങള്‍ നല്‍കി
2017 - 18 ദാതാക്കള്‍ 60 പേര്‍ക്ക് അവയവങ്ങള്‍ നല്‍കി
2018 - 3 ദാതാക്കള്‍ 16 പേര്‍ക്ക് അവയവങ്ങള്‍ നല്‍കി
ഇതാണു ട്രെന്‍ഡെങ്കില്‍ അടുത്ത വര്‍ഷം കൊണ്ട് കേരളത്തിലെ മരണാനന്തര അവയവദാനം സമ്പൂര്‍ണമായി നിലയ്ക്കും. അതിനെക്കുറിച്ച് പിന്നീട് നമുക്ക് സംസാരിക്കേണ്ടി വരില്ല. ഈ 1700 പേര്‍ക്ക് മുഖമില്ലാത്തതുകൊണ്ട് അവരോട് മറുപടിയും പറയേണ്ടിവരില്ല.
ഇതിനര്‍ഥം കേരളത്തില്‍ മസ്തിഷ്‌കമരണങ്ങള്‍ നടക്കുന്നില്ല എന്നല്ല. കേരളത്തില്‍ വണ്ടിയിടിച്ച് മാത്രം ഒരുവര്‍ഷം മരിക്കുന്നത് 4000 ന് മുകളില്‍ ആളുകളാണ്. 2015 , 16 വര്‍ഷങ്ങളില്‍ ഇത് 4196 ഉം 4287ഉം ആയിരുന്നു. 2017ല്‍ അപകടമരണം കുത്തനെ കുറഞ്ഞിട്ടൊന്നുമല്ല അവയവദാനം കുറഞ്ഞത്. 4131 അപകടമരണങ്ങള്‍ ആ വര്‍ഷവുമുണ്ടായിരുന്നു. ..പക്ഷേ അവയവദാനം കൂടുമ്പൊ അപകടമരണം കൂടുമെന്ന് നുണക്കഥയുണ്ടാക്കുന്നവര്‍ക്ക് അതറിയണ്ടല്ലോ.
ഈ വര്‍ഷവും ജൂണ്‍ മാസം വരെ 2200 നു മുകളില്‍ മരണങ്ങളുണ്ടായിട്ടുണ്ട്. എന്നുവച്ചാല്‍ 4000 കടക്കുമെന്ന് ചുരുക്കം. മസ്തിഷ്‌കമരണങ്ങളുമുണ്ടാവാം. പക്ഷേ റിപ്പോര്‍ട്ട് ചെയ്തത് ആകെ 3 പേര്‍. അവരില്‍ ഒരാള്‍ക്കുണ്ടായത് അപകടമരണമല്ല താനും...ബാക്കിയുള്ള 2200 പേരുടെയും വൃക്കയും കരളും ഹൃദയവുമൊക്കെ കത്തിച്ചോ മണ്ണില്‍ അഴുകിച്ചേര്‍ന്നോ പോയപ്പോള്‍ നഷ്ടം ആര്‍ക്കായിരുന്നു?
അവയവം മാറ്റിവയ്ക്കുന്നതും മസ്തിഷ്‌കമരണം നിര്‍ണയിച്ചതിനു ശേഷം അതുവരെ ദാതാവിന്റെ അവയവങ്ങള്‍ക്ക് കേടുപാടുണ്ടാവാതെ കാത്തുവയ്ക്കുന്നതും അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതും തുടര്‍ന്നുള്ള ചികില്‍സകളും സങ്കീര്‍ണതകളുള്ളത് തന്നെയാണ്. അത് രോഗിയെയും കൂടെയുള്ളവരെയും ബോദ്ധ്യപ്പെടുത്തിത്തന്നെയാണ് നടത്തുന്നതും.
അവയവം സ്വീകരിച്ചവരെല്ലാം മോശമായ അവസ്ഥയിലാണ് ജീവിതം നയിക്കുന്നതെന്ന രീതിയില്‍ പ്രചരണം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അത് പൊളിക്കാന്‍ സ്വീകര്‍ത്താക്കള്‍ തന്നെ മുന്നോട്ട് വന്നതുമാണ്. വൃക്ക സ്വീകരിച്ച ശേഷം പ്രസവിച്ച് കുഞ്ഞിനെ വളര്‍ത്തിയ രണ്ട് അമ്മമാരെ നേരിട്ട് പരിചയവുമുള്ളതാണ്.അവയവദാനം നടന്നില്ലായിരുന്നെങ്കില്‍ അവരൊട്ട് ജീവിക്കുകയുമില്ല. ആ രണ്ട് കുഞ്ഞുങ്ങള്‍ ജനിക്കുകയുമില്ല.
മരണാനന്തരമല്ലാത്ത, ബന്ധുക്കള്‍ തമ്മിലല്ലാത്ത അവയവദാനത്തിലാണ് പ്രധാനമായും കച്ചവടത്തിനും കബളിപ്പിക്കലിനുമുള്ള സാധ്യത കൂടുതല്‍ ഉള്ളത്..മരണാനന്തര അവയവദാനത്തിന്റെ കൂമ്പടയ്ക്കുന്നത് അത്തരം തട്ടിപ്പുകള്‍ക്ക് വളമാവുകയും ചെയ്യും..
ആരോട് പറയാന്‍...
from mangalam.com https://ift.tt/2zhahAf
via IFTTT
No comments:
Post a Comment