തിരുവനന്തപുരം: സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങൾ എഎംഎംഎപരിശോധിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. എഎംഎംഎയ്ക്കെതിരെ ശനിയാഴ്ച നടിമാർ പത്രസമ്മേളനത്തിൽ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഡബ്ല്യുസിസിയുടെ ആശങ്കകൾ മോഹൻലാൽ നേതൃത്വം നൽകുന്ന എഎംഎംഎ പരിശോധിച്ച് പരസ്പര വിശ്വാസത്തോടെ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ ഡബ്ല്യുസിസിക്ക് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നമാണിത്. സർക്കാരിനോട് ഇക്കാര്യത്തിൽ സഹായം ഏതെങ്കിലും വിഭാഗം ചോദിച്ചാൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അപ്രായോഗികവും തെറ്റിദ്ധാരണാ ജനകവുമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അമ്മയുടെ ഭാഗത്തുനിന്ന് പരിഹരിക്കണം.അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിക്കുന്ന നടപടിയോട് സർക്കാർ യോജിക്കുന്നില്ലെന്നും മന്ത്രി ബാലൻ പറഞ്ഞു. ഡബ്ല്യൂസിസിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആക്രമിക്കപ്പെട്ട നടിയെ പിൻതുണച്ച് നടിമാരായ രേവതി, പാർവ്വതി, പദ്മ പ്രിയ തുടങ്ങിയവർ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അമ്മയുടെ നേതൃത്വം അലങ്കരിക്കുന്നവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോരാട്ടവുമായി മുൻപോട്ട് തന്നെ പോകുമെന്നും ഡബ്ലൂ.സി.സി വ്യക്തമാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2IW8HaL
via
IFTTT
No comments:
Post a Comment