ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തമ്മില്‍തല്ലുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത ഇടക്ക വിദ്വാന്‍ ഹരിഗോവിന്ദന്റെ മകന്‍ ഞെരളത്തു ഹരിഗോവിന്ദന്‍. ഹൈന്ദവ ആരാധനയങ്ങളില്‍ മാത്രമല്ല കൃസ്ത്യന്‍, മുസ്ലീം തുടങ്ങിയവരുടെ ആരാധനാലയങ്ങളിലും ഉള്ള അവസ്ഥയാണിത്. യുവതികള്‍ കേറുമ്പോള്‍ തടയാന്‍ നിന്ന് കോമാളിയാവുന്നതിനേക്കാള്‍ എത്രയോ എളുപ്പമുള്ള മാര്‍ഗമാണ് യുവതീ പ്രവേശനം നടന്നാല്‍ അതില്‍ എതിര്‍പ്പുള്ള പുരുഷന്‍മാര്‍ പിന്നീട് ശബരിമല കേറില്ല എന്ന് തീരുമാനം എടുക്കുന്നത്.
പാവപ്പെട്ട മലയരയരില്‍ നിന്നും ക്ഷേത്രം തട്ടിയെടുത്ത് അവിടെ തന്ത്രിയായും മേല്‍ശാന്തിയായും കേറിക്കൂടി ലക്ഷങ്ങള്‍ സമ്പാദിച്ച് സുഖിക്കുന്ന, വിശ്വാസികളുടെ വിദ്യാഭ്യാസത്തിനോ, വിവാഹത്തിനോ, വീട് നിര്‍മാണത്തിനോ ആ സമ്പാദ്യത്തില്‍ നിന്നൊരു രൂപ കൊടുത്തിട്ടില്ലാത്ത അത്തരം ബ്രാഹ്മണ്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ആശാരിമാരും തട്ടാരും നായന്മാരും പുലയനും ഈഴവരും മറ്റും തമ്മില്‍ത്തല്ലുന്നതെന്നു മറക്കേണ്ട. ഇത്തരം ചൂഷണകേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് ഒരു ഇടത് പുരോഗമന സമൂഹവും സര്‍ക്കാറും ശ്രമിക്കേണ്ടതെന്ന് ഞെരളത്തു ഹരിഗോവിന്ദന്‍ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ-
ശബരിമലയല്ല, പൌരോഹിത്യത്തിൻറെ
ദുഷ്ടലാക്കുകളാണ് തകർക്കപ്പെടുന്നത് ; മനുഷ്യരെ പൌരോഹിത്യ ചൂഷണ കേന്ദ്രങ്ങളിൽ നിന്നും പരമാവധി പിന്തിരിപ്പിക്കാൻ ബാധ്യതയുള്ള ഇടതു പുരോഗമനവാദികൾ നേർ വിപരീത പ്രോൽസാഹനം നൽകുന്നതിനു പിറകിലെ വങ്കത്തരമാണ് വെളിവാക്കപ്പെടുന്നത്..
ശബരിമലയിൽ മാത്രമല്ല,കേരളത്തിൽ നിലവിൽ നമ്പൂതിരിമാർ പൂജ ചെയ്യുന്ന പല ക്ഷേത്രങ്ങളിലും അല്ലാത്ത ക്ഷേത്രങ്ങളിലും സ്ത്രീകൾക്കോ,വിവിധ സമുദായത്തിൽപ്പെട്ട പുരുഷൻമാർക്കോ,പ്രവേശനം,പൂജ ചെയ്യൽ,ചെണ്ടകൊട്ടൽ,സോപാനസംഗീതം പാടൽ,കലാരൂപങ്ങൾ അവതരിപ്പിക്കൽ തുടങ്ങി പലതിനും പലതിനും വിലക്കുകൾ നിലനിൽക്കുന്നുണ്ട്.അത്തരം പല ആരാധനാലയങ്ങളുടേയും പൂർവ ചരിത്രം പരിശോധിച്ചാൽ അവയൊന്നും ഇപ്പോൾ നിലവിലുള്ളവർക്ക് യാതൊരു അവകാശങ്ങളും ഇല്ലാത്തവയാണെന്നുകാണാം.ഇത് ഹൈന്ദവ ആരാധനാലയങ്ങളിൽ മാത്രമല്ല കൃസ്ത്യൻ,മുസ്ലീം തുടങ്ങിയവരുടെ ആരാധനാലയങ്ങളിലും ഉള്ള അവസ്ഥയാണ്.അത്തരത്തിൽ വിലക്കുകളും വിവേചനങ്ങളും ഉണ്ടായ സന്ദർഭങ്ങളിലൊന്നും വേദനിപ്പിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യപ്പെട്ട മനുഷ്യർക്കു വേണ്ടി വിശ്വാസികളെന്നു അവകാശപ്പെടുന്ന ഒരാളും അനുകൂല ശബ്ദമുയർത്തിയിട്ടില്ല.എന്നാൽ എന്നേപ്പോലൊരാൾ അതിനെ മറികടന്നത്, ''ക്ഷേത്രം എന്ന സ്ഥാപനത്തെ തന്നെ അത്ര മഹത്വപ്പെട്ട ഒരിടമായി കാണുന്നില്ലെന്നും അവിടെത്തന്നെ പാടിയാലെ ദൈവം കേൾക്കൂ എന്നു വിശ്വസിക്കുന്നില്ലെന്നും(ദൈവം കേൾക്കാനല്ല ഞാൻ പാടുന്നത്,എനിക്ക് ദൈവമാകാൻ വേണ്ടിയാണ് എന്നത് മറ്റൊരു വാസ്തവം.) അവിടെപ്പാടിയാലും റോഡിൽ നിന്നു പാടിയാലും എനിക്കൊരേ അനുഭൂതിയാണ്'' എന്നു പറഞ്ഞും അത് പ്രാവർത്തികമാക്കിയുമാണ്...അതുകൊണ്ട് എനിക്കൊരു കേന്ദ്രത്തിലേക്കും ബാലിശമായതും നിസ്സാരപ്പെടതുമായ അവകാശങ്ങൾക്കായി വാദമുന്നയിച്ച് സമരം നയിച്ച് വിഡ്ഢിയാവേണ്ടി വന്നില്ല...ഇപ്പോഴും എൻറെ ആ നിലപാടിൽ യാതൊരു വ്യത്യാസവുമില്ല...ബ്രാഹ്മണശൈലിയിൽ പുലരുന്ന ഇടമായാലും പറയൻറെ പൂജാശൈലിയുള്ള ഇടമായാലും എനിക്കൊരുപോലെയാണ്....ശബരിമലയിലേക്ക് തള്ളിക്കേറാൻ ശ്രമിക്കുന്നവർക്ക് ഇത്തരമൊരു തിരിച്ചറിവുണ്ടാകുമ്പോഴാണ് സനാതന ധർമബോധത്തിലേക്ക് അവർ വളർന്നെന്നു പറയാനാവുക.യുവതികൾ കയറുമ്പോൾ തടയാൻ നിന്ന് കോമാളിയാവുന്നതിനേക്കാൾ എത്രയോ എളുപ്പമുള്ള മാർഗമായിരുന്നു അങ്ങനൊരു യുവതീ പ്രവേശനം നടന്നാൽ അതിൽ എതിർപ്പുള്ള പുരുഷൻമാർ പിന്നീട് ശബരിമല കേറില്ല എന്ന ബഹിഷ്കരണ മാർഗം.അയ്യപ്പനു അത്ര ശക്തിയുണ്ടെങ്കിൽ അയ്യപ്പൻ യുവതികളെ തടയട്ടെ എന്നു വിചാരിക്കാനുള്ള ഭക്തി പ്രകടിപ്പിക്കാനുള്ള ആർജവമായിരുന്നു ഭക്തർ കാണിക്കേണ്ടിയിരുന്നത്.ഒരു തവണ ശബരിമലയിലേക്ക് ചെന്നില്ലെങ്കിൽ ഏതെങ്കിലും ഒരാളെ അയ്യപ്പൻ ഉപദ്രവിച്ച ചരിത്രമുണ്ടോ?പാവപ്പെട്ട മലയരയരിൽ നിന്നും തട്ടിയെടുത്ത് അവിടെ തന്ത്രിയായും മേശാന്തിയായും കേറിക്കൂടി ലക്ഷങ്ങൾ സമ്പാദിച്ച് സുഖിക്കുന്ന,വിശ്വാസികളുടെ വിദ്യാഭ്യാസത്തിനോ,വിവാഹത്തിനോ,വീട് നിർമാണത്തിനോ ആ സമ്പാദ്യത്തിൽ നിന്നൊരു രൂപ കൊടുത്തിട്ടില്ലാത്ത അത്തരം ബ്രാഹ്മണർക്കു വേണ്ടിയാണ് ഇപ്പോൾ ആശാരിമാരും തട്ടാരും നായൻമാരും പുലയനും ഈഴവരും മറ്റും മറ്റും തമ്മിൽത്തല്ലുന്നതെന്നു മറക്കണ്ട.ഇത്തരം ചൂഷണകേന്ദങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് ഒരു ഇടത് പുരോഗമന സമൂഹവും സർക്കാറും ശ്രമിക്കേണ്ടത്.ഒപ്പം സകല മത രാഷ്ട്രീയ പുരോഹിതരുടേയും സാമ്പത്തിക അവസ്ഥയെക്കുറിച്ച് അന്വോഷിച്ച് കള്ളപ്പണം പിടിച്ചെടുക്കുകയും വേണം.അണികളേയോ വിശ്വാസികളേയോ പറ്റിച്ച് പണമുണ്ടാക്കിയ വൈദികരുടേയും
പാർടി നേതാക്കളുടേയും
താന്ത്രികരുടേയും തങ്ങൻമാരുടേയും ആസ്തികൾ കണ്ടുകെട്ടണം....ഇതൊക്കെയാണ്
ഒരു ഇടതു സർക്കാർ അടിയന്തിരമായി ചെയ്യേണ്ടത്...അല്ലാതെ കൂടുതൽ വിശ്വസക്കച്ചവടക്കാർക്ക് കറുപ്പ് ചുരിദാറും പാൻറീസും മറ്റും മറ്റും വിറ്റ് പണമുണ്ടാക്കാൻ വഴിയൊരുക്കുകയല്ല...പൊതു ഇടങ്ങളിലാണ് സമത്വത്തിനായി പോരാട്ടം നടത്തേണ്ടത്....പാർടിക്കകത്തുപോലും ഒരു സ്ത്രീക്ക് ഈ സമത്വം ഉറപ്പുവരുത്താൻ കഴിയാത്തതുകൊണ്ടാണ് പി.ക.ശശിയേപ്പോലുള്ളവരാൽ ദ്രോഹിക്കപ്പെട്ട സ്ത്രീയേപ്പോലുള്ളവർക്ക് നീതി വൈകിച്ചുകൊണ്ടേയിരിക്കുന്നത്...
എന്തായാലും ശബരിമല റിവ്യൂ ഹർജിയുമായി മലയരയരും പോകാൻ തീരുമാനിച്ചാൽ തന്ത്രിമാരുടെ ആധികാരികതയിൽ ഒരു തീരുമാനമാകും...അതിനെങ്കിലും ഇടത് പാർടികൾ സഹായിക്കുക...മലയർക്ക് അമ്പലം വിട്ടുകൊടുക്കാൻ കോടതി വിധി വരണം..എന്നിട്ട് അവിടേക്ക് എത്ര സ്വാമി ഭക്തർ പോകുമെന്നു നോക്കാം..അങ്ങനെ മലയർക്കു കിട്ടിയാൽ ദേവസ്വം ബോർഡും അധികാരമൊഴിഞ്ഞ് കൊടുക്കണം...അല്ലെങ്കിൽ ഇപ്പോൾ തന്ത്രിമാരുടെ സ്ഥാനത്ത് ദേവസ്വംബോർഡ് ആവും കുറ്റവാളികൾ...വിട്ടുകൊടുക്കുക..ഒരുപാട് കച്ചവടക്കാർ കുറെ ഉണ്ടാക്കിയില്ലേ..മതി..ഇനിയെങ്കിലും അവിടം ആൾത്തിരക്കില്ലാതെ സ്വച്ഛമാവട്ടെ..
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നു ക്ഷേത്രത്തിലെ മലയരാജാവെന്നറിയപ്പെടുന്ന പാണകുടുംബത്തിനുള്ള സർവ അധികാരങ്ങളും പോയി അവിടെ വള്ളുവനാട് രാജാവിൻറെ പ്രതിനിധികൾ എന്നപേരിൽ പലരും കേറിക്കൂടി ധനസമ്പാദനം നടത്തിവന്നിരുന്ന കാര്യം പോലെയാണ് ഇതും.ആ ധനസമ്പാദനത്തിനുള്ള അവകാശത്തിൽ എല്ലാ ഹിന്ദു സമുദായങ്ങൾക്കും ഒരിക്കലും പങ്കു വെക്കലോ ഊഴമിട്ട് നൽകലോ ഉണ്ടാവില്ല.പകരം അപ്രകാരം ധനം സമ്പാദിക്കുന്നോരുടെ സുരക്ഷക്കായി എല്ലാ സമുദായക്കാരും തെരുവിലിറങ്ങണം....നല്ല കോമാളിക്കൂട്ടങ്ങളാവുകയാണ് ഇപ്പോഴത്തെ പ്രതിഷേധക്കാരും അതിനവസരം നൽകിയ സർക്കാറും സർക്കാറിൻറെ ന്യായീകരണത്തൊഴിലാളികളും..വാസ്തവത്തിൽ ശബരിമലയല്ല തകർക്കപ്പെടുന്നത്.. അവിടെ അടയിരുന്നു കുമാർഗത്തിൽ കോടികളുണ്ടാക്കുന്ന തന്ത്രിമാരും മേൽശാന്തിമാരുമാണ് പടിപടിയായി തകർക്കപ്പെടുന്നത്.അത് ഈ വിധി വന്നില്ലായിരുന്നെങ്കിൽ കേരളത്തിലെ ഇടതുപുരോഗമന നാട്യക്കാർക്കുപോലും സാധിക്കാതെപോയ ഒരു പൊളിച്ചെഴുത്താണ്.കാരണം ഈ ബ്രാഹ്മണപൌരോഹിത്യം ഇപ്രകാരം ധനം സമ്പാദിച്ച് വർണവിവേചനം കാണിക്കുന്ന പലയിടങ്ങളിലും അവരെ ചോദ്യം ചെയ്യാതെ കൂട്ടുനിൽക്കുന്ന ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ,മാനേജർമാർ,ദേവസ്വം ബോർഡ് ഭാരവാഹികൾ എന്നിവരിൽ നല്ലൊരു ശതമാനം ആളുകളും കമ്യൂണിസ്റ്റ് ''പാർടി''ക്കാരാണല്ലോ.അവരും കൂടി കൂട്ടുനിന്നാണ്/നോക്കിനിന്നാണ് ഈവക സകല അഴിമതികളും നടന്നുവരുന്നത്...
കേരളത്തിൽ ഈ പൌരോഹിത്യ ചൂഷണം ഏറ്റവുമധികമുള്ളത് കൃസ്ത്യൻ,ഇസ്ലാം മതങ്ങളിലാണെന്നും കാണാം.വിശ്വാസികളെ പറ്റിച്ച് സുഖലോലുപരായി ജീവിക്കുന്ന ഇവരുടെ വരുമാനത്തിനോ ആർഭാട ജീവിതത്തിനോ നിയന്ത്രണം വരുത്താൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടികൾ യാതൊരു പ്രബല സമരങ്ങളും കഴിഞ്ഞ 30 വർഷത്തിനുള്ളിൽ നടത്തിയിട്ടില്ല.മറ്റു രണ്ടു ''പ്രമുഖ''പാർടിക്കാരുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ.
ഒരു മത കേന്ദ്രത്തിൻറെയും പേരിൽ ഒരു പാവപ്പെട്ട വിശ്വാസികളും ചൂഷണം ചെയ്യപ്പെടാതെ നോക്കാൻ ജാഗ്രത കാണിക്കലാവണം ഒരു സർക്കാറിൻറെ ''മത''ത്തോടുള്ള ആദ്യസമീപനം.അതോടെ പൌരോഹിത്യത്തിൻറെ അടിവേരറുക്കപ്പെട്ട് ആ പദവിക്ക് ആകർഷണം കുറയുകയും ആ പദവിയോട് ആദരവ് അടിമത്തം എന്നിവ ഇല്ലാതാവുകയും ചെയ്യും.അപ്പോൾ സമൂഹം പതുക്കെ വിശ്വാസത്തിൻറെ ലഹരിക്കപ്പുറം യാഥാർഥ്യത്തിൻറെ പുലരിക്ക് കണ്ണോർക്കും...ഇത്തരം കേന്ദ്രങ്ങൾക്ക് പറഞ്ഞു പരത്തപ്പെട്ട പരിപാവനതയില്ലെന്നും സ്വന്തം ഹൃദയത്തെ അതിനേക്കാൾ ദിവ്യത്വമുള്ള ശ്രീകോവിലാക്കാൻ ഇവിടെ മാനവീകതയുടെ മഹാകാശമുണ്ടെന്നു തിരിച്ചറിയുകയും ചെയ്യും.മതവിശ്വാസംപോലെ തെരഞ്ഞെടുപ്പിനായി മാത്രം നിലകൊള്ളുന്ന രാഷ്ട്രീയ പാർടികളിലുള്ള അന്ധവിശ്വാസങ്ങളും തൂത്തെറിയപ്പെടണം..അതിനായും പുരോഗമനപ്രസ്ഥാനങ്ങൾ സുതാര്യരാവണം...അപ്പോൾ ഇത്തരം കോടതിവിധികൾക്കോ,പ്രവേശനവാദങ്ങൾക്കോ ഒന്നും യാതൊരു പ്രസക്തിയുമുണ്ടാവില്ല.വിശ്വാസികളെ സംരക്ഷിച്ചുപോന്ന നിലപാടിൽ നിന്നും മാറി അവരെ മാനവീക ബോധത്തിലേക്കു വളർത്തിക്കൊണ്ടുവരാനുള്ള നിലപാടുകളിൽ ഉറച്ചു നിൽക്കാൻ കഴിയാത്തിടത്തോളം സർക്കാറും പാർടികളും മതങ്ങളും തമ്മിലടിച്ച് ചത്തൊടുങ്ങുന്ന വൻ പരാജയങ്ങൾ മാത്രമായിരിക്കും.
ഞെരളത്ത് ഹരിഗോവിന്ദൻ
from mangalam.com https://ift.tt/2An69Q8
via IFTTT
No comments:
Post a Comment