തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമരം ശക്തമാക്കാന്‍ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കുടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഞായറാഴ്ച ബി.ജെ.പി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന വക്താക്കളുടെ യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി.
ആമുഖ പ്രസംഗത്തിന് ശേഷം പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയാണ് ശബരിമല വിഷയത്തില്‍ അമിത് ഷാ പ്രതികരിച്ചത്. രാജ്യവ്യാപകമായി ബാധിക്കുന്ന വിഷയമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ചാവിഷയമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തില്‍ സമരം ആരംഭിച്ചത്. വന്‍ ജനപങ്കാളിത്തം യോഗങ്ങളിലുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും ഈ സാഹചര്യത്തില്‍ ബി.ജെ.പി ശക്തമായ സാന്നിധ്യം അറിയിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഭക്തരെ പാര്‍ട്ടിക്ക് കീഴില്‍ അണിനിരത്തി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദ്ദേശം നല്‍കി.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തിലുണ്ടായ പ്രത്യേക സാഹചര്യം കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ശബരിമല വിഷയം സജീവമായി നിലനിര്‍ത്തണമെന്നും ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയും വന്‍ ജനപങ്കാളിത്തം ഉണ്ടാകുകയും ചെയ്തിട്ടും ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മെല്ലെപ്പോക്ക് സമീപനം ഉപേക്ഷിക്കണമെന്നും മണ്ഡലം തോറും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മാധ്യമങ്ങളുമായുള്ള ബന്ധം ശക്തമാക്കണമെന്നും സാമൂഹ്യമാധ്യമ ഇടപെടല്‍ ശക്തമാക്കണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ അറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക വിഭാഗം ഓരോ സംസ്ഥാനത്തും ആരംഭിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ വാര്‍ റൂമുകള്‍ ആരംഭിക്കാനും തീരുമാനിച്ചു.
from mangalam.com https://ift.tt/2IIDDLo
via IFTTT
No comments:
Post a Comment