ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ബാലമാധവിയും കുടുംബവും മലചവിട്ടാനെത്തിയത്. ഇതോടെ പ്രതിഷേധം രൂക്ഷമായി. ഇരുമുടിയുമായി മലകയറുന്ന ഭക്തർക്കിടയിൽ ഇവരെ കണ്ടതോടെ പമ്പയിൽ കൂടിനിന്നവർ തടഞ്ഞു. പ്രായംതെളിയിക്കുന്ന രേഖകൾ ചോദിച്ചതോടെ ഇവർ ആധാർ കാർഡ് നൽകി. ആചാരങ്ങൾ ലംഘിക്കരുതെന്നും തിരികെപ്പോകണമെന്നും ചിലർ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ, മലകയറുമെന്നുറച്ച് ബാലമാധവി മുന്നോട്ട് നടന്നുനീങ്ങി. ഇതോടെ പ്രതിഷേധക്കാർ രണ്ടുസംഘമായി തിരിഞ്ഞ് ഇവരെ തടയുന്നതിനായി നിലയുറപ്പിച്ചു. പോലീസ് ഇവർക്ക് വഴിയൊരുക്കിയെങ്കിലും ഏറെദൂരം മുന്നോട്ടുപോകാനായില്ല. മാധ്യമപ്രവർത്തകർ ചുറ്റുംകൂടി ചോദ്യങ്ങൾ ചോദിച്ചെങ്കിലും മറുപടിപറഞ്ഞില്ല. വനത്തിലൂടെ എത്തിയവർ തടഞ്ഞുനിർത്തി തിരിച്ചുപോകണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെ മലകയറാനുള്ള തീരുമാനം ഉപേക്ഷിച്ച് ബാലമാധവിയും സംഘവും മടങ്ങുകയായിരുന്നു. നിലയ്ക്കൽ മാധ്യമങ്ങൾക്കുനേരെ ആക്രമണം നിലയ്ക്കലിൽ മാധ്യമപ്രവർത്തകർക്കുനേരെ സംഘടിതമായ ആക്രമണമാണ് ഉണ്ടായത്. മാതൃഭൂമി ന്യൂസ് സംഘമുൾപ്പെടെ എട്ടോളം മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. റിപ്പബ്ലിക് ടി.വി.യുടെ മാധ്യമസംഘം വന്ന കാർ ഒരുസംഘം കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. റിപ്പോർട്ടർ പൂജാ പ്രസന്നയ്ക്ക് ചുറ്റുംകൂടിനിന്ന് ആക്രോശിച്ച പ്രതിഷേധക്കാർ, ചില്ലുകൾ അടിച്ചുടച്ചു. ഇതിനിടെ, പൂജാ പ്രസന്ന കാറിൽനിന്ന് ഇറങ്ങി മാറിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർക്ക് മർദനമേറ്റു. ഇതേസംഘം പിന്നീട് വനിതാ മാധ്യമപ്രവർത്തകർക്കുനേരെ തിരിഞ്ഞു. ന്യൂസ് 18-ലെ സാന്ദ്ര, ആജ് തക്കിലെ മൗഷ്മി, റിപ്പോർട്ടർ ടി.വി.യുടെ ക്യാമറാമാൻ ഷഫീഖ്, റിപ്പോർട്ടർ പ്രതീഷ് എന്നിവരെ പ്രതിഷേധക്കാർ കൈയേറ്റംചെയ്തു. ഇവർക്ക് സാരമായി പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതൃഭൂമി ന്യൂസ് സംഘത്തെയും ആക്രമിച്ചു. റിപ്പോർട്ടർ കെ.ബി. ശ്രീധരൻ, ക്യാമറാമാന്മാരായ സുധീഷ് തിരുവല്ല, അഭിലാഷ് എന്നിവർക്ക് പരിക്കേറ്റു. ക്യാമറ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് നശിപ്പിച്ചു. ന്യൂസ് 18 ക്യാമറാമാൻ ലിബിൻ കെ. ഉമ്മനും പരിക്കേറ്റു. ഏഷ്യാനെറ്റ് വാർത്താസംഘത്തിനുനേരെയും ആക്രമണമുണ്ടായി. നിലയ്ക്കലിൽ മാധ്യമപ്രവർത്തകയായ സരിത എസ്. ബാലനെ ബസിൽനിന്ന് ഇറക്കിവിട്ടു. സന്നിധാനം വനിതാ ഉദ്യോഗസ്ഥരെയും തടഞ്ഞു മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ച അവലോകനയോഗം. യോഗത്തിൽ പങ്കെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള രണ്ട് ഉന്നത വനിതാ ഉദ്യോഗസ്ഥരെ ശബരിമലയിലേക്ക് കടത്തിവിട്ടതുപോലും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് രേഖപ്പെടുത്തിയശേഷം. അഡീഷണൽ ഡയറക്ടർ ഡോ. കെ.ജെ. റീന, പ്രാണിജന്യരോഗനിയന്ത്രണ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവരെയാണ് ബുധനാഴ്ച രാവിലെ പമ്പയിൽ ദേവസ്വം ഗാർഡുകൾ രേഖകൾ പരിശോധിച്ച് കടത്തിവിട്ടത്. ഇവരുടെ പേര്, ജനനത്തീയതി, ഒപ്പ് എന്നിവ രേഖപ്പെടുത്തി. ഇവർക്ക് രണ്ടുപേർക്കും 50 വയസ്സിൽക്കൂടുതലുണ്ട്. അയ്യപ്പനെ ദർശിച്ചശേഷമേ മടങ്ങൂവെന്ന് ഡോ. മീനാക്ഷി പറഞ്ഞു. എന്നാൽ, താൻ ദർശനം നടത്തുന്നില്ലെന്ന് ഡോ. റീന പറഞ്ഞു. ശബരിമലയിലേക്ക് കമാൻഡോ സംഘം പമ്പയിലും നിലയ്ക്കലിലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർഥാടകർക്ക് സുരക്ഷ നൽകുന്നതിനുമായി കമാൻഡോ സംഘത്തെ അയക്കുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണിത്. എഴുന്നൂറോളം സായുധ പോലീസുകാരെകൂടി അവിടേക്ക് അയക്കും. ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽകാന്ത്, തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. 100 വനിതാ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കമാൻഡോ സംഘത്തെയും ഉടൻ നിയോഗിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2yIBNFT
via
IFTTT
No comments:
Post a Comment