ദസ്വ: ജലന്ധറിലെ ദസ്വ സെന്റ് പോള്‍സ് കത്തോലിക്കാ പള്ളിയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയാല്‍ മതിയെന്ന കേരള പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടികള്‍ ഇന്നത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഏറ്റവും ശക്തമായി മൊഴി നല്‍കിയ വൈദികനായിരുന്നു ഫാ.കുര്യാക്കോസ്.
പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഹോഷിയാപുര്‍ എസ്.പി ജെ.ഇലഞ്ചേഴിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുക്കളുടെ മൊഴി എടുത്തശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുകയെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കാത്തപക്ഷം പോലീസിന്റെ നിര്‍ദേശം കിട്ടിയാലുടന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി.
അതിനിടെ, വൈദികന്റെ ബന്ധുക്കള്‍ കേരളത്തില്‍ നിന്നും രാവിലെ പതിനൊന്ന് മണിയോടെ ദസ്‌വ സിവില്‍ ഹോസ്പിറ്റലില്‍ എത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണ്ണമായും കാമറയില്‍ പകര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
വൈദികന്റെ ബന്ധുക്കളില്‍ ചിലര്‍ രാവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രൂപതയുടെ ഭാഗത്തുനിന്ന് എല്ലാസഹായവും നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം ബന്ധുക്കള്‍ പറഞ്ഞു. ഇവരെ സഹായിക്കാന്‍ ചാന്‍സലര്‍ ഫാ.ജോസ് തെക്കുംചേരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കത്തീഡ്രല്‍ പള്ളിയില്‍ കൊണ്ടുവന്ന് കുര്‍ബാന നടത്തും തുടര്‍ന്ന് ലുധിയാന മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. എംബാം ചെയ്തശേഷമായിരിക്കും മൃതദേഹം നാട്ടില്‍ എത്തിക്കുന്നതില്‍ തീരുമാനമുണ്ടാകുക.
ജലന്ധര്‍, ദസ്‌വ പോലീസിന്റെ നിലപാടില്‍ സംശയമുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കേരളത്തില്‍ വേണമെന്നാണ് വീട്ടുകാര്‍ ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്.
from mangalam.com https://ift.tt/2yxmEI2
via IFTTT
No comments:
Post a Comment