തൃശ്ശൂർ: ആയിരം കോടി മുതൽമുടക്കുമായി ഇന്റർനെറ്റ് സേവനരംഗത്തേക്ക് കടക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് സർക്കാർ രൂപവത്കരിച്ച 'കെഫോൺ' കമ്പനിയുടെ ഭാവിയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ആശങ്ക പ്രകടിപ്പിച്ചു. കമ്പനിക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിയും ലൈസൻസും ലഭ്യമായിട്ടുണ്ടോയെന്നും ഇന്റർനെറ്റ് സേവനദാതാക്കളെല്ലാം പ്രതിസന്ധിയിലായിരിക്കെ 'കെഫോണിന്' ലാഭത്തിൽ പ്രവർത്തിക്കാനാകുമോയെന്നുമുള്ള സംശയങ്ങൾ കമ്മിഷൻ ഉന്നയിച്ചു. കെ.എസ്.ഇ.ബി.യും കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്തസംരംഭ കമ്പനിയുടെ ഭാവിയെക്കുറിച്ച് കമ്മിഷൻ ഉന്നയിച്ച സംശയങ്ങൾക്ക് ഒരുമാസത്തിനുള്ളിൽ മറുപടി നൽകണം. ഇന്റർനെറ്റ് ഡേറ്റാ സേവനരംഗത്തുള്ള കടുത്തമത്സരത്തിനിടെയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭം വരുന്നത്. പല വൻകിട കോർപ്പറേറ്റ് കമ്പനികളും പിടിച്ചുനിൽക്കാനാവാതെ ലയിക്കുകയോ സേവനം അവസാനിപ്പിക്കുകയോ ചെയ്യുകയാണ്. ഇതാണ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നതും. 2003-ലെ വൈദ്യുതിനിയമത്തിനെതിരാണ് കെ.എസ്.ഇ.ബി.യുടെ സംയുക്തസംരംഭമെന്ന് ചൂണ്ടിക്കാട്ടി കമ്മിഷന് ലഭിച്ച ഹർജി പരിഗണിക്കവേയാണ് ഭാവിയെച്ചൊല്ലി ആശങ്ക ഉയർന്നിരിക്കുന്നത്. കെഫോൺ കമ്പനിയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് വൈദ്യുതി ബോർഡ് അധികൃതർ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതിസംബന്ധമല്ലാത്ത മറ്റൊരു വ്യവസായത്തിനായി കെ.എസ്.ഇ.ബി. മുൻകൂർ അനുമതി വാങ്ങിയിട്ടില്ല. സംയുക്തസംരംഭത്തിൽ കെ.എസ്.ഇ.ബി.ക്ക് അമ്പതുശതമാനത്തിൽ താഴെ മാത്രമാണ് ഓഹരി എന്നതിനാൽ ബോർഡിന്റെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങളെങ്ങനെ സംരക്ഷിക്കുമെന്നും കമ്മിഷൻ ആരായുന്നു. വൈദ്യുതി പോസ്റ്റുകൾ കേബിൾ ഓപ്പറേറ്റർമാർക്ക് ഉൾപ്പെടെ വാടകയ്ക്ക് കൊടുക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് കെ.എസ്.ഇ.ബി.ക്ക് ലഭിക്കുന്നത്. പുതിയ കമ്പനി വരുന്നതോടെ ഈ വാടക ആർക്ക് ലഭിക്കുമെന്നതും ഗൗരവമായ വിഷയമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 വർഷം ഈ ഇനത്തിൽ കിട്ടിയ വാടക എത്രയെന്ന് രേഖാമൂലം വ്യക്തമാക്കാനും കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് കമ്മിഷൻ ഉന്നയിച്ച ആശങ്കകൾക്ക് ഒരുമാസത്തിനുള്ളിൽ തൃപ്തികരമായ മറുപടി ലഭ്യമാക്കിയാൽ മാത്രമേ കെ.എസ്.ഇ.ബി.ക്ക് സംയുക്തസംരംഭവുമായി മുന്നോട്ടുപോകാനുള്ള അനുമതി ലഭിക്കൂ. കെഫോൺ കമ്പനി കേരള ഫൈബർ ഒപ്റ്റിക്സ് നെറ്റ്വർക്ക് പ്രോജക്ട് (കെഫോൺ) എന്നാണ് കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. കെ.എസ്.ഇ.ബി.യും കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്തസംരംഭം. ഇരുകൂട്ടർക്കും 49 ശതമാനം ഓഹരി. രണ്ടുശതമാനം സംസ്ഥാന സർക്കാരിനും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്കും 30,000 സർക്കാർ ഓഫീസുകളിലേക്കും ഇന്റർനെറ്റ് സേവനമെത്തിക്കുക ലക്ഷ്യം. 1,028 കോടി രൂപയുടേതാണ് പദ്ധതി. കെ.എസ്.ഇ.ബി.യുടെ സബ്സ്റ്റേഷനുകളും വൈദ്യുതിവിതരണ ശൃംഖലയുമുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സമാന്തരമായി ഇന്റർനെറ്റ് കണക്ടിവിറ്റിക്കായി ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് സ്ഥാപിക്കുന്നതാണ് പദ്ധതി.
from mathrubhumi.latestnews.rssfeed https://ift.tt/2pRwkbz
via
IFTTT
No comments:
Post a Comment