കാഞ്ഞങ്ങാട്: രാവിലെ മുതൽ മോർച്ചറിക്കു മുമ്പിൽ അവർ കാത്തിരുന്നു. വൈകിവന്ന മൃതദേഹങ്ങളും പരിശോധന നടത്തി. ഇതെന്തേ ആദ്യം മരിച്ചയാളുടെ മൃതദേഹമല്ലേ ആദ്യം പരിശോധിക്കേണ്ടതെന്ന് കൂട്ടത്തിലൊരാൾ ചോദിച്ചപ്പോൾ, അധികൃതരിൽനിന്ന് അവഗണന നിറഞ്ഞ മറുപടിയും. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലാണ് ആദിവാസികുടുംബത്തിന് വേദനാജനകമായ അനുഭവമുണ്ടായത്. വെള്ളരിക്കുണ്ട് ജാതിമൂപ്പിലെ പാട്ടത്തിൽ കണ്ണന്റെ ഭാര്യ വെള്ളച്ചി(67)യെ ഞായറാഴ്ചയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ഞായറാഴ്ച വൈകുന്നേരം മൂന്നോടെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. ഉച്ചയ്ക്കുശേഷം വന്ന മൃതദേഹങ്ങളുടെ പരിശോധന പിറ്റേന്നാൾ രാവിലെയാണ് നടത്താറുള്ളത്. അതിനാൽ ബന്ധുക്കൾ ആസ്പത്രിക്ക് പുറത്ത് ഉറക്കമൊഴിഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ മൃതദേഹവുമായി വെള്ളരിക്കുണ്ടിലെത്തി ശവസംസ്‌കാരച്ചടങ്ങ് നടത്തുന്ന കാര്യവും തീരുമാനിച്ചു.എന്നാൽ രാവിലെ ജില്ലാ ആസ്പത്രിയിലെ മൃതദേഹപരിശോധനാ മുറിയിലേക്ക് മറ്റൊരു മൃതദേഹമെത്തിക്കുന്നതാണ് ഇവർ കണ്ടത്. വെള്ളച്ചിയുടെ മൃതദേഹം ജില്ലാ ആസ്പത്രിയിലെത്തിക്കുമ്പോൾ മോർച്ചറിയിൽ മൃതദേഹമൊന്നുമുണ്ടായിരുന്നില്ല. ഏതായാലും മുറിയിലേക്ക് കയറ്റിയതല്ലേ, പരിശോധന കഴിയട്ടെയെന്ന് സമാധാനിച്ച് വെള്ളച്ചിയുടെ ബന്ധുക്കൾ ക്ഷമിച്ചിരുന്നു. അതു കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരു മൃതദേഹമെത്തിച്ചു. സഹികെട്ട വെള്ളച്ചിയുടെ ബന്ധുക്കൾ കാഞ്ഞങ്ങാട്ട് അറിയാവുന്നവരെയെല്ലാം വിളിച്ച് സങ്കടം പറഞ്ഞു.മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം കാര്യങ്ങൾ വിളിച്ച് ചോദിച്ചപ്പോഴാണ് സംഭവം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ഉടൻ ആസ്പത്രി സൂപ്രണ്ടുൾപ്പെടെയുള്ളവരെ വിളിക്കുകയും ഉടൻ മൃതദേഹപരിശോധന നടത്താൻ നിർദേശം നൽകുകയും ചെയ്തു. വിഷയം ജില്ലാ കളക്ടറുടെ മുമ്പിലുമെത്തി. പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം 3.30-ന് വെള്ളച്ചിയുടെ മൃതദേഹം പരിശോധിച്ചു. വെള്ളച്ചിയുടെ മൃതദേഹം കിടത്താൻ വാങ്ങിയ പായ മറ്റൊരു മൃതദേഹം കിടത്താൻ എടുത്തുകൊണ്ടുപോയത് ഇതിനിടെ വാക്കുതർക്കത്തിനിടയാക്കി. പരിശോധന കഴിഞ്ഞപ്പോൾ നേരം ഏറെ വൈകി. സന്ധ്യയായതിനാൽ മൃതദേഹം ഉൾപ്രദേശത്തുള്ള വീട്ടിലെത്തിക്കാനും ബുദ്ധിമുട്ടി. ഈ സമയം കനത്ത മഴ പെയ്തതും ശവസംസ്‌കാരച്ചടങ്ങുകളെ ബാധിച്ചു.മോർച്ചറിയിൽ രണ്ട് മൃതദേഹങ്ങൾ നേരത്തേയുണ്ടായിരുന്നതിനാലാണ് വെള്ളച്ചിയുടെ മൃതദേഹപരിശോധന വൈകിയതെന്ന് ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Rdt723
via
IFTTT
No comments:
Post a Comment