ന്യൂഡൽഹി: വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി കള്ളംപറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിനകത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് കോൺഗ്രസ് നേതാവ് പി.എൽ.പുനിയ സാക്ഷിയാണെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലർത്തിയതെന്നും എന്താണ് ചർച്ച ചെയ്തതെന്നും ധനകാര്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കോൺഗ്രസ് രാജ്യസഭാ എംപിയായ പി.എൽ.പുനിയയും രാഹുലിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2016- മാർച്ചിൽ പാർലമെന്റ് സെൻട്രൽ ഹാളിലെ ഒരു മൂലയിൽ വിജയ് മല്യയും അരുൺ ജെയ്റ്റ്ലിയും കൂടിക്കാഴ്ച നടത്തുന്നത് ഞാൻ കണ്ടതാണ്. കൂടിക്കാഴ്ച ഏഴു മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ് സംസാരിച്ചത്. ജെയ്റ്റ്ലിയുടെ അടുത്തേക്ക് മല്യ വരികയായിരുന്നുവെന്നും പുനിയ പറഞ്ഞു. മല്യ ലണ്ടനിലേക്ക് കടക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പുനിയ കൂട്ടിച്ചേർത്തു. 2014-നു ശേഷം മല്യക്ക് തന്നെ കാണാൻ അനുവാദം നൽകിയിട്ടില്ലെന്ന് അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം വിജയ് മല്യ വ്യാജ വാഗ്ദാനങ്ങളുമായി ഒരിക്കൽ തന്നെ സമീപിച്ചിരുന്നെന്നും മല്യയുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നും വെളിപ്പെടുത്തലിന് ശേഷം ജെയ്റ്റ്ലി വ്യക്തമാക്കിരുന്നു. രാജ്യസഭാംഗമായതിനുശേഷം ഒരിക്കൽ ആ അധികാരം മല്യ ദുർവിനിയോഗം ചെയ്തെന്നും അന്ന് ഞാൻ സഭയിൽനിന്നിറങ്ങി എന്റെ മുറിയിൽപ്പോയി. പക്ഷേ, അയാൾ എന്റെ പിറകേവരികയും ബാധ്യതകൾ തീർക്കാമെന്ന് അറിയിക്കുകയും ചെയ്തു. അയാൾ മുമ്പുപറഞ്ഞ വ്യാജവാഗ്ദാനങ്ങളൊക്കെയും എന്റെയടുത്തും ആവർത്തിച്ചു. ആ സംഭാഷണം തുടരാൻ ഞാൻ അനുവദിച്ചില്ല. ബാങ്കുകളോട് സംസാരിക്കാനാണ് ഞാൻ പറഞ്ഞത്. അയാളുടെ പക്കലുണ്ടായിരുന്ന കടലാസുകളും ഞാൻ വാങ്ങിയില്ല. -ജെയ്റ്റ്ലി വിശദീകരിച്ചു. പിന്നീടൊരിക്കലും തന്നെ കാണാൻ മല്യക്ക് അനുവാദം നൽകിയിട്ടില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു. എന്നാൽ മല്യ രാജ്യം വിടുന്നതിന് മുമ്പ് ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളും സാക്ഷികളുമുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിലെ കോടതിയിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജെയ്റ്റ്ലിയുമായി താൻ സംസാരിച്ച കാര്യം മല്യ വെളിപ്പെടുത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2CRfTFM
via
IFTTT
No comments:
Post a Comment