അധ്യാപകര്‍ മാത്രം കാണുന്ന ചില കണ്ണീരുണ്ട്. ഉറക്കം പോലും കെടുത്തുന്ന ചില നോട്ടങ്ങള്‍- അറവിന് കൊടുക്കുന്ന മിണ്ടാപ്രാണിയുടേത് പോലെ വേദനയും നിസ്സഹായതയുമൊളിപ്പിച്ച കണ്ണുകള്‍. ക്ലാസിലെ പെണ്‍കുട്ടികളെ ക്ലാസ് മുഴുവനാക്കാതെ വിവാഹം കഴിപ്പിച്ചയക്കുന്നതിനെ കുറിച്ച് അധ്യാപികയായ ലിഖിത ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണിത്. ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനികളിലൊരാള്‍ സ്വന്തം വിവാഹം ക്ഷണിക്കാനെത്തിയതിനെ കുറിച്ചും അവളുടെ ദുഖത്തെ കുറിച്ചുമാണ് അധ്യാപികയുടെ കുറിപ്പ്.
മുങ്ങിത്താണുപോവും മുന്‍പെ അവള്‍ പിടിക്കുന്ന അവസാനത്തെ പ്രതീക്ഷയായിരുന്നു എന്റെ വിരലുകള്‍. ഇങ്ങനെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പ്രതീക്ഷ പോലും ബാക്കി തരാതെ വീട്ടുകാര്‍ തള്ളിക്കളയുന്ന നൂറുനൂറപേക്ഷകള്‍ അഞ്ചുവര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
ക്ലാസിലെ ഏറ്റവും മിടുക്കിയായ അവളുടെ വിവാഹത്തിന് പോകേണ്ട എന്ന് തന്നെയാണ് തീരുമാനം. പുസ്തകം പിടിക്കേണ്ട കൈകളില്‍ മൈലാഞ്ചിയിട്ട് ആ മൈലാഞ്ചിയേക്കാള്‍ ചുവന്ന കണ്ണും ചത്ത മനസുമായി അവള്‍ തന്റെ കൊലച്ചോറുണ്ണുന്നത് കാണാന്‍ വയ്യ എന്നും ലിഖിത എഴുതുന്നു.
ഒരിക്കല്‍ പോലും കൂടപ്പിറപ്പുകളോ, ഉമ്മയോ, വാപ്പയോ ചോയ്ചില്ല അനക്ക് സമ്മതാണോന്ന്. ഇനി കോളേജിലും അയയ്ക്കൂലാന്ന് പറഞ്ഞ്. ഇനിയൊരു നാലുമാസം കൂട്യല്ലെ ഉള്ളൂ, ഈ ഡിഗ്രി മാത്രം ഞാന്‍ എടുത്തോട്ടെന്ന് പറഞ്ഞ്ട്ട് ആരും കേള്‍ക്കുന്നില്ല. ഇതൊക്കെ ഇത്ര വല്യ പഠിപ്പാന്നുള്ള ചോദ്യാ എല്ലാരും ചോയ്ക്കണെ. പിന്നെന്തിനാ മിസ്സെ, ഞാന്‍ മൂന്നുകൊല്ലം ഊണും ഉറക്കോം കളഞ്ഞ് പഠിച്ചെ?''- അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ചു.
അധ്യാപിക ലിഖിത ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
അധ്യാപകര്‍ മാത്രം കാണുന്ന ചില കണ്ണീരുണ്ട്.ഉറക്കം പോലും കെടുത്തുന്ന ചില നോട്ടങ്ങള്‍ - അറവിന് കൊടുക്കുന്ന മിണ്ടാപ്രാണിയുടേത് പോലെ വേദനയും നിസ്സഹായതയുമൊളിപ്പിച്ച കണ്ണുകള്‍. കണ്ണീരു തോരാത്ത ചിലര്‍,കണ്ണീരു പോലും വറ്റിപ്പോയ ചിലര്‍..
ക്ലാസിലെ ഭൂരിപക്ഷക്കാരായ ഏകദേശം മുഴുവന്‍ പെണ്‍കുട്ടികളുടെയും വിവാഹമൊ വിവാഹ നിശ്ചയമൊ കഴിഞ്ഞു, ശേഷിക്കുന്ന മൂന്നൊ നാലൊ പെണ്‍കുട്ടികളോട് പകുതി തമാശയായും പകുതി കാര്യമായും ഞാന്‍ ചോദിച്ചിരുന്നു 'അനക്ക് ശരിക്കും ഇഷ്ടായിട്ടല്ലെ കുട്ട്യേ' ന്ന്. മറുപടി പറയാതെ അന്തിച്ചു നോക്കിയ പതിനേഴൊ പതിനെട്ടൊ വയസുള്ള ആ പെണ്‍കുട്ടികളില്‍ ഒരാളുടെ കണ്ണില്‍ പോലും സ്വപ്നങ്ങളുടെ നേരിയ വെളിച്ചമോ,നാണമൊ ഒന്നും കാണാനില്ലായിരുന്നു. ഇഷ്ടമാണെന്ന് നുണപറയാനൊ ഇഷ്ടമല്ലെന്ന് ഉറച്ചു പറയാനൊ ധൈര്യം പോരാത്ത എന്റെ കുട്ടികള്‍.
മുന്‍ബെഞ്ചിലിരുന്ന് എന്നെയും എന്റെ ക്ലാസും ഒന്നുവിടാതെ വായിച്ചെടുക്കുന്ന ഒരുത്തി പറഞ്ഞു. ' മിസ്സ് നോക്കിക്കൊ, പഠിച്ചു തീര്‍ന്നിട്ടെ ഞാന്‍ കല്യാണം കഴിക്കു..' ആരു പഠിപ്പ് നിര്‍ത്ത്യാലും ഞാന്‍ ണ്ടാവും മിസ്സിന്റെ ക്ലാസില്' അടുത്ത ദിവസങ്ങളിലൊന്നില്‍ അവള്‍ പതിവില്ലാതെ എന്നെ തിരഞ്ഞു വന്നു. ന്നട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു 'മിസ്സെ, ന്റെ കല്യാണം തീരുമാനിച്ചു.ഈ മാസം.' ഞാനും ആവര്‍ത്തിച്ചു കേള്‍ക്കുന്ന ഒരു പ്രഖ്യാപനം വീണ്ടും കേട്ടല്ലൊ എന്നോര്‍ത്ത് വെറുതെ ചിരിച്ചു. അവളെന്റെ കയ്യില്‍ പതിയെ തൊട്ടു. 'നീയും കാലുമാറി ലെ' ന്നുള്ള ചോദ്യം മുഴുവനാക്കുന്നതിനു മുന്‍പേ വലിയൊര് കരച്ചിലും കൊണ്ട് തലയും താഴ്ത്തി അവളോടി ക്ലാസില്‍ കയറി.
പിന്നാലെ ചെന്ന് ഒരുവിധം സമാധാനിപ്പിച്ചപ്പൊ അവള്‍ സംസാരിച്ചു തുടങ്ങി 'ന്നോട് ഒന്നും ചോയ്ച്ചില്ല ആരും..ഇഷ്ടാണൊ അനക്ക് ന്ന് പോലും. കുറെ ആളുകളുടെ മുന്നില്‍ ചെന്ന് ഞാന്‍ നിന്നു.തിരിച്ച് നടന്ന് പടി കടന്നപ്പഴേക്കും വാപ്പ ഓരോട് പറഞ്ഞു ഒറപ്പിക്കാന്ന്. കല്യാണോം നിശ്ചയോം ഒക്കെ തീരുമാനിച്ച് ന്നോട് പറഞ്ഞു. ഒരിക്കല്‍ പോലും കൂടപ്പിറപ്പുകളൊ, ഉമ്മയൊ വാപ്പയൊ ചോയ്ചില്ല അനക്ക് സമ്മതാണൊ ന്ന്' ഇനി കോളേജിലും അയയ്ക്കൂലാന്ന് പറഞ്ഞ്. ഇനിയൊരു നാലുമാസം കൂട്യല്ലെ ഉള്ളു ഈ ഡിഗി മാത്രം ഞാന്‍ എടുത്തോട്ടെ ന്ന് പറഞ്ഞ്ട്ട് ആരും കേള്‍ക്കുന്നില്ല.
ഇതൊക്കെ ഇത്ര വല്യ പഠിപ്പാ ന്നുള്ള ചോദ്യാ എല്ലാരും ചോയ്ക്കണെ.. പിന്നെന്തിനാ മിസ്സെ ഞാന്‍ മൂന്നുകൊല്ലം ഊണും ഉറക്കോം കളഞ്ഞ് പഠിച്ചെ..??? ജീവിതത്തിലെ ഇച്ചെറിയ ഒരാഗ്രഹം പോലും നടത്തിത്തരാന്‍ പറ്റില്ലെങ്കില്‍ പിന്നെന്തിനാ ഓരെന്നെ വളര്‍ത്ത്യെ..?? ഞാന്‍ ചോദിക്കുന്നത് നാലേ നാല് മാസാ..അതുപോലും ചോദിച്ചു വാങ്ങാന്‍ കഴിയാത്ത ഞാന്‍ എന്തിനു വേണ്ട്യാ ജീവിക്കണേ..??? ഭക്ഷണം കഴിക്കാനൊ ഉറങ്ങാനൊ കഴിയണില്ല മിസ്സെ.. കെട്ടാന്‍ പോവുന്നയാള്‍ ഗള്‍ഫില്‍ എഞ്ചിനീയറാ.ഇത്രെം വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക് എന്തേ മിസ്സെ പഠിപ്പിന്റെ വില മനസിലാവാത്തെ..???
ഓര്‍ക്ക് ഞാന്‍ പഠിച്ച് ജോലി കിട്ടീട്ട് കുടുംബം നോക്കേണ്ട ആവശ്യം ണ്ടാവില്ല.പക്ഷെ ഓല് തര്ന്ന ആയിരം ഉറുപ്യയെക്കാ വെലയുണ്ട് മിസ്സെ ഞാന്‍ സ്വയം അധ്വാനിച്ച് ണ്ടാക്കണ നൂറുറ്പ്യയ്ക്ക്.
എന്റെ സുരക്ഷയാ പ്രശ്‌നം ന്ന് വച്ചാല് ഞഞാന്‍ കോളേജിലേയ്ക്കും തിരിച്ചും ഓട്ടൊയില്‍ പൊയ്‌ക്കോളാന്ന് പറഞ്ഞിട്ടും കേട്ടില്ല. നിലനില്‍പ്പിന്റെ പ്രശ്‌നമോര്‍ത്ത് അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലും പേട്യാ..എന്തിനാ ജീവിക്കണേ ന്ന് ഓര്‍ക്ക്വാ..'
ഇടയ്ക്ക് കരഞ്ഞും ഇടയ്ക്ക് സ്വയം നിയന്ത്രിച്ചും വിറച്ചും അവള്‍ പറഞ്ഞതൊക്കെ ഒരക്ഷരം മിണ്ടാതെ നിന്ന് കേട്ടു. ഇടയ്ക്ക് പലവട്ടം കണ്ണു നിറഞ്ഞു വന്നെങ്കിലും കരഞ്ഞില്ല.വിറയ്ക്കുന്ന അവളുടെ കയ്യില്‍ രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ചു.പറഞ്ഞു തീര്‍ന്നൊരു പൊട്ടിക്കരച്ചിലില്‍ നിന്ന അവളെ ചേര്‍ത്തു പിടിച്ചു. 'നീ തിരിച്ചു വരും.ഞാന്‍ വരുത്തും' എന്നു മാത്രം പറഞ്ഞു. 'എങ്ങനെ..??' എന്ന് അവള്‍ ചോദിക്കരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
മുങ്ങിത്താണുപോവും മുന്‍പെ അവള്‍ പിടിക്കുന്ന അവസാനത്തെ പ്രതീക്ഷയായിരുന്നു എന്റെ വിരലുകള്‍. ഇങ്ങനെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പ്രതീക്ഷ പോലും ബാക്കി തരാതെ വീട്ടുകാര്‍ തള്ളിക്കളയുന്ന നൂറുനൂറപേക്ഷകള്‍ അഞ്ചുവര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.ക്ലാസിലെ ഏറ്റവും മിടുക്കിയായ അവളുടെ വിവാഹത്തിന് പോകേണ്ട എന്ന് തന്നെയാണ് തീരുമാനം. പുസ്തകം പിടിക്കേണ്ട കൈകളില്‍ മൈലാഞ്ചിയിട്ട് ആ മൈലാഞ്ചിയേക്കാള്‍ ചുവന്ന കണ്ണും ചത്ത മനസുമായി അവള്‍ തന്റെ കൊലച്ചോറുണ്ണുന്നത് കാണാന്‍ വയ്യ..
ചിലപ്പോഴൊക്കെ നമ്മള്‍ നിസ്സഹായരാണ്.ചേര്‍ത്തു പിടിയ്ക്കുന്ന കുഞ്ഞുങ്ങളെ വേട്ടക്കാരനു വിട്ടുകൊടുത്ത് ഒന്നും സംഭവിച്ചില്ലെന്ന് നടിച്ചു തിരിഞ്ഞു നടക്കുന്ന കഴിവുകെട്ടവര്‍.
from mangalam.com https://ift.tt/2OMxCjj
via IFTTT
No comments:
Post a Comment