പത്തനാപുരം: പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രി സൂസന്‍ മരിച്ച സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കന്യാസ്ത്രീയുടെ മൃതദേഹം ഉച്ചയോടെ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. തുടര്‍ന്ന് കൊല്ലത്തുള്ള ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.
കേസില്‍ അന്വേഷണചുമതല പത്തനാപുരം സി.ഐയ്ക്കാണ്. പുനലൂര്‍ ഡി.വൈ.എസ്.പി മേല്‍നോട്ടം വഹിക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി അറിയിച്ചു. കന്യാസ്ത്രീയുടെ രണ്ടു കൈത്തണ്ടകളിലേയും ഞരമ്പുകള്‍ക്ക് മുറിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അടിമുടി ദുരൂഹത നിറഞ്ഞതാണ് മരണം. മൃതദേഹം കണ്ടെത്തിയ കിണറിന്‍െ.റ ചുറ്റുമതിലിലും സമീപത്തും ചോരക്കറയുണ്ട്. കന്യാസ്ത്രീയുടെ മുറിയിലും മുറിയില്‍ നിന്ന് കിണറിന്റെ ഭാഗംവരെയും നിലത്ത് ചോരപ്പാടുകള്‍ കണ്ടെത്തി. വലിച്ചിഴച്ചുകൊണ്ടുവന്നതുപോലെയുള്ള അടയാളങ്ങളുമുണ്ട്. മുടി മുറിച്ച നിലയിലാണ്.
അതേസമയം,സിസ്റ്റര്‍ സൂസന് അപസ്പാരരോഗമുണ്ടായിരുന്നുവെന്നും അവര്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ് മഠം അധികൃതര്‍ നല്‍കുന്ന വിവരം. ഗൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസണ്‍ ഒരാഴ്ചത്തെ അവധിക്കു ശേഷം വെള്ളിയാഴ്ചയാണ് ജോലിയില്‍ തിരിച്ചെത്തിയത്.
ഇന്നു രാവിലെ ആരാധനയ്ക്ക് കാണാതെ വന്നതോടെ മഠം അധികൃതരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. സഭാവസ്ത്രത്തിലായിരുന്നു മൃതദേഹം. 12 വര്‍ഷമായി മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയായിരുന്നു സി.സൂസണ്‍. ഇന്നലെ രാത്രിയും അവര്‍ ആരാധനയ്ക്ക് എത്തിയിരുന്നു. മഠത്തിലെ മുറിയില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം. ഇവരുടെ മുറിയുടെ സമീപത്തുതന്നെയാണ് കിണറുള്ളതും.
അതിനിടെ, മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും ആര്‍ഡിഒ എത്തിയ ശേഷം പുറത്തെടുത്താല്‍ മതിയെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും നേരത്തെ എത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉച്ചയോടെയാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. പ്രദേശത്ത് ഫോറന്‍സിക് പരിശോധനയും നടത്തി.
from mangalam.com https://ift.tt/2CC6uSp
via IFTTT
No comments:
Post a Comment