ന്യൂഡൽഹി: നയവും നേതാവുമില്ലാത്ത സംഘമാണ് പ്രതിപക്ഷ മഹാസഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ രണ്ടുദിവസമായി നടന്ന ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗത്തിന്റെ സമാപന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചത്. 'അജയ് ഭാരത്, അടൽ ബി.ജെ.പി.' എന്ന മുദ്രാവാക്യം മുൻനിർത്തി തിരഞ്ഞെടുപ്പിനെ പാർട്ടി നേരിടുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷം നുണപറയുകയും അത് ആവർത്തിക്കുകയും ചെയ്യുകയാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചു. “ബി.ജെ.പി. നീതിയുടെ പക്ഷത്താണ്; പ്രതിപക്ഷം നുണയുടെ പക്ഷത്തും. തമ്മിൽ കണ്ടാൽ മിണ്ടാത്തവരും ഒന്നിച്ചുപോകാത്തവരും ഇപ്പോൾ ബി.ജെ.പി.ക്കെതിരേ ഒരുമിച്ച് നിൽക്കാനൊരുങ്ങുകയാണ്. ഈ ഐക്യനീക്കം ബി.ജെ.പി.യുടെ വിജയമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതുകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. ജനങ്ങൾ പ്രതിപക്ഷത്തെ വിശ്വസിക്കില്ല.”-നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാൻ പ്രതിപക്ഷത്തെ ചെറുപാർട്ടികൾ തയ്യാറല്ലെന്നതും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരമെന്നത് ബി.ജെ.പി.ക്ക് കേവലം കസേരയല്ലെന്നും അതു ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാർഗമാണെന്നും മോദി പറഞ്ഞു. 'ബി.ജെ.പി.ക്ക് ആദർശമുണ്ട്. ആദർശം മാറില്ല. എന്നാൽ, തന്ത്രങ്ങൾ മാറും. പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി തയ്യാറാണ്. 48 വർഷം ഒരു കുടുംബം നടത്തിയ ഭരണവും 48 മാസം ബി.ജെ.പി. നടത്തിയ ഭരണവും തമ്മിൽ ജനങ്ങൾ താരതമ്യം ചെയ്യും. കോൺഗ്രസ് മുമ്പ് ദാരിദ്ര്യനിർമാർജനം എന്ന പേരിൽ പ്രചാരണം നടത്തി. പക്ഷേ, പട്ടിണിക്കാർക്ക് ഉന്നമനമുണ്ടായില്ല. എന്നാൽ, വോട്ട്ബാങ്ക് നോക്കാതെയാണ് ബി.ജെ.പി. സർക്കാർ വികസനം ജനങ്ങളിൽ എത്തിച്ചത്. അഞ്ചുകോടി ദരിദ്രരെ മുന്നോട്ടുകൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. വിജയിക്കുമെന്ന വിശ്വാസത്തിൽ പാർട്ടി മുന്നോട്ടുപോകണം. രാജ്യത്തെ ജനങ്ങളാണ് ഈ വിശ്വാസത്തിന് ആധാരം. പ്രതിപക്ഷത്തിനൊപ്പം വിചാരധാരയില്ല, ബി.ജെ.പി.ക്കൊപ്പം വിചാരധാരയുണ്ട്' -മോദി പറഞ്ഞു. യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിച്ചു. 2019-ൽ ബി.ജെ.പി. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും തുടർന്ന് 50 വർഷത്തേക്ക് ബി.ജെ.പി. അധികാരത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2MYgPg6
via
IFTTT
No comments:
Post a Comment