കോട്ടയം: ജലന്ധര്‍ ബിഷപ്പിന്റെ പീഡന കേസില്‍ പരാതിക്കാരിയെയും സഹപ്രവര്‍ത്തകരെയും ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കും പിന്നീട് ബിഷപ്പിന് അനുകൂലമായി മൊഴിമാറ്റുകയും ചെയ്ത കോടനാട് പള്ളി വികാരിക്ക് ഒടുവില്‍ മനംമാറ്റം. കന്യാസ്ത്രീകളെ സന്ദര്‍ശിക്കാന്‍ വൈദികന്‍ കുറവിലങ്ങാടുള്ള മഠത്തില്‍ എത്തി. കോടനാട് പള്ളി വികാരി ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ ആണ് മഠത്തില്‍ എത്തി കന്യാസ്ത്രീകളുമായി ചര്‍ച്ച നടത്തുന്നത്. മാധ്യമങ്ങളിലൂടെ മൊഴിമാറ്റി പറഞ്ഞതില്‍ ഖേദംപ്രകടിപ്പിക്കാനാണ് സന്ദര്‍ശനമെന്ന് കരുതുന്നു.
തന്റെ നിലപാട് മാറ്റത്തിനുള്ള സാഹചര്യം വിശദീകരിക്കുകയും അതില്‍ ഖേദപ്രകടനവും നടത്തിയേക്കും. കഴിഞ്ഞ ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ എത്തി സഹോദരനോട് ഖേദപ്രകടനം നടത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ പരാതിക്കാരിക്കൊപ്പം നില്‍ക്കുകയും അവരുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ അവരുടെ ഇടവക പള്ളി വികാരിയാണ് ഇക്കഴിഞ്ഞ 18ന് മാധ്യമങ്ങളിലൂടെ പരാതിക്കാരിയേയും അവരുടെ കുടുംബത്തേയും തള്ളിപ്പറഞ്ഞത്. കന്യാസ്ത്രീകളുടെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് തന്റെ ബോധ്യമെന്ന് ആദ്യം പറഞ്ഞ വൈദികന്‍ കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം നടത്തിയതോടെയാണ് അവരെ തള്ളിപ്പറഞ്ഞത്. കന്യാസ്ത്രീയുടെ പക്കലുള്ള തെളിവുകള്‍ താന്‍ കണ്ടിട്ടില്ലെന്നും അവരുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ അത് പോലീസിന് നല്‍കണമെന്നും അത് ശക്തമാണെങ്കില്‍ പോലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുമെന്നുമാണ് അദ്ദേഹം പിന്നീട് നിലപാട് എടുത്തത്.
ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ എത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിവസമാണ് അദ്ദേഹം മാധ്യമങ്ങളിലൂടെ മൊഴിമാറ്റിപ്പറഞ്ഞത്. തെളിവുകള്‍ അവര്‍ പോലീസിന് കൈമാറിയതായി തനിക്കറിയില്ല. തെരുവില്‍ സമരത്തിന് ഇറങ്ങും മുന്‍പ് കയ്യിലുണ്ടെന്ന് അവര്‍ അവകാശപ്പെട്ട ആ തെളിവ് ഇന്നെങ്കിലും കേരള പോലീസിന് കൈമാറിയാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നാളെ കേരളത്തില്‍ എത്തുന്ന നിമിഷം അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിയും. പറഞ്ഞതുപോലെ തെളിവുണ്ടെങ്കില്‍ അവര്‍ തെരുവില്‍ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
കന്യാസ്ത്രീയും കുടുംബവും തെരുവില്‍ നടത്തുന്ന സമരമാണ് വൈദികനെ ചൊടിപ്പിച്ചത്. സമരം കത്തോലിക്കാ സഭയേയും കത്തോലിക്കാ പൗരോഹിത്യത്തേയും അവഹേളിക്കാന്‍ വിട്ടുകൊടുക്കുകയാണെന്ന് വൈദികന്‍ പറയുന്നു. തെളിവുകള്‍ ഉണ്ടെന്ന് പറയുന്ന അവര്‍ തെളിവുകള്‍ കോടതിക്കും പോലീസിനും കൈമാറാതെ തെരുവിലിറങ്ങി പ്രതികരിക്കുമ്പോള്‍ വിശ്വാസികളെ ഇവര്‍ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
തെളിവായി മൊബൈലുണ്ടെന്നും പത്ത് പെന്‍ഡ്രൈവുകളിലായി അവ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും അവര്‍ എന്നെ ധരിപ്പിച്ചു. തെറ്റു ചെയ്തായാളെ സംരക്ഷിക്കണമെന്ന് താന്‍ പറയുന്നില്ല. തെറ്റു ചെയ്തയാളെ സംരക്ഷിക്കണമെന്ന് പറയുന്ന സഭയല്ല കത്തോലിക്കാ സഭ. ഒന്നുകില്‍ തെളിവുകള്‍ കൈമാറണം. അല്ലെങ്കില്‍ തെളിവില്ലെന്നിരിക്കേ വികാരിയായ എന്നോട് നുണപറഞ്ഞ് എന്നെ വഞ്ചിച്ചതിനു മാപ്പുപറയണം. ഒരിക്കല്‍ മാത്രമേ കന്യാസ്ത്രീകള്‍ എന്നെ കാണാന്‍ വന്നിട്ടുള്ളൂ. പിന്നീട് ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ലെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, കേസിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹം ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ: ജലന്ധര്‍ ബിഷപ്പിന്റെ പ്രതിനിധിയെന്ന നിലയില്‍ ഒരു പുരോഹിതനാണ് തന്നെ ആദ്യം സമീപിച്ചത്. കന്യാസ്ത്രീക്കെതിരെ ഒരു യുവതി നല്‍കിയ പരാതിയായിരുന്നു വിഷയം. കന്യാസ്ത്രീയുടെ സഹോദരനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറവിലങ്ങാട് മഠത്തിലെ മുഴുവന്‍ കന്യാസ്ത്രീകളും ബന്ധുക്കളോടൊപ്പം ഫാ.നിക്കോളാസിനെ കാണാനെത്തി. ബിഷപ്പുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇടവക വികാരിയെന്ന നിലയില്‍ കന്യാസ്ത്രീകളോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായ രേഖകള്‍ കാണിച്ചത്. ബിഷപ്പിന്റെ ശബ്ദത്തിലുള്ള സംഭാഷണങ്ങളും വാട്‌സ്ആപ് സന്ദേശങ്ങളുമൊക്കെ ഈ കന്യാസ്ത്രീകളുടെ പക്കലുണ്ട്. ''ഈ പിതാവുമായി എന്താണ് ഇത്ര വിഷയം. പിതാവുമായി കോര്‍ക്കാന്‍ പറ്റില്ല. പിതാവും കന്യാസ്ത്രീകളുമായി ഒരുമിച്ച് പോകണം എന്ന് താന്‍ പറഞ്ഞു. പിതാവിന്റെ സംഭാഷണങ്ങളും വാട്‌സ്ആപ് സന്ദേശങ്ങളും തെളിവുകളും അവരുടെ ഫോണില്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.''തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടതോടെ ബിഷപ്പിന്റെ പ്രതിനിധിയെ താന്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.
ബിഷപ്പിന്റെ കീഴിലുള്ള പഞ്ചാബ് പ്രൊവിന്‍സില്‍ നിന്നും ബിഹാര്‍ പ്രൊവിന്‍സിലേക്ക് മാറ്റം വേണമെന്ന കന്യാസ്ത്രീകളുടെ ആവശ്യം നിരസിക്കപ്പെട്ടതും അവരുടെ കുടുംബത്തിനെതിരെ കേസ് കൊടുത്തതുമാണ് ഇപ്പോള്‍ പരാതിയുമായി കന്യാസ്ത്രീകള്‍ മുന്നോട്ടുപോകാന്‍ കാരണമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറയുന്നുണ്ട്.
from mangalam.com https://ift.tt/2N85ghz
via IFTTT
No comments:
Post a Comment