ഇന്ത്യ 184 റണ്‍സിന് പുറത്ത്; 60 റണ്‍സ് വിജയവുമായി ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

ഇന്ത്യ 184 റണ്‍സിന് പുറത്ത്; 60 റണ്‍സ് വിജയവുമായി ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര

സതാംപ്ടൺ: ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യ ഒരിക്കൽ കൂടി തകർന്നടിഞ്ഞു. നാലാം ടെസ്റ്റിൽ കളി തീരാൻ ഒരു ദിവസം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് 60 റൺസ് വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 184 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിൽ ഇനി ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ബാക്കിയുള്ളത്. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയായിരുന്നു. 58 റൺസെടുത്ത് കോലി പുറത്തായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ ക്രീസ് വിട്ടു. അക്കൗണ്ട് തുറക്കും മുമ്പ് പാണ്ഡ്യയെ സ്റ്റോക്ക്സ് റൂട്ടിന്റെ കൈയിലെത്തിച്ചു. 12 പന്തിൽ 18 റൺസെടുത്ത് നിലയുറപ്പിക്കാൻ ശ്രമിക്കവെ റിഷഭ് പന്തും പുറത്തായി. മോയിൻ അലിക്കാണ് വിക്കറ്റ്. പിന്നീട് നാല് റൺസ് ചേർക്കുന്നതിടയിൽ ഇന്ത്യ രണ്ട് വിക്കറ്റ് കളഞ്ഞു. 51 റൺസെടുത്ത രഹാനയെ മോയിൻ അലി വിക്കറ്റിന് പിന്നിൽ കുരുക്കി. തൊട്ടടുത്ത ഓവറിൽ ഇഷാന്ത് ശർമ്മയും വിക്കറ്റിന് മുന്നിൽ കുരുങ്ങി. സ്റ്റോക്ക്സിനാണ് വിക്കറ്റ്. എട്ടു റൺസെടുത്ത മുഹമ്മദ് ഷമിക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. അവസാന വിക്കറ്റിൽ ചെറുത്തുനിൽക്കാൻ ശ്രമിച്ച അശ്വിനെ (25) കറൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ മോയിൻ അലി തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചത്. ഇതോടെ രണ്ടിന്നിങ്സിലുമായി മോയിൻ അലിക്ക് ഒമ്പത് വിക്കറ്റായി. സ്റ്റോക്ക്സ് രണ്ട് വിക്കറ്റെടുത്തു. സ്കോർ: ഇംഗ്ലണ്ട്- 246 & 271, ഇന്ത്യ- 273 & 184 നാലാം വിക്കറ്റിൽ അജിങ്ക്യ രഹാനെയുമായി 104 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കോലി ക്രീസ് വിട്ടത്. മോയിൻ അലിയുടെ പന്തിൽ അലെസ്റ്റയർ കുക്കിനാണ് ക്യാച്ച്. 130 പന്തിൽ നാല് ഫോറിന്റെ അകമ്പടിയോടെ 58 റൺസാണ് കോലി അടിച്ചെടുത്തത്. 245 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 22 റൺസെടുക്കുന്നതിനിടയിൽ ആദ്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ഈ തകർച്ചയിൽ നിന്ന് ഇന്ത്യയെ കര കയറ്റിയത് കോലിയും രഹാനെയും ചേർന്നാണ്. അക്കൗണ്ട് തുറക്കും മുമ്പ് കെ.എൽ രാഹുലിനെ സ്റ്റുവർട്ട് ബ്രോഡ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ ചേതേശ്വർ പൂജാര (5)യും പുറത്തായി. പൂജാരയെ ആൻഡേഴ്സൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അടുത്ത ഓവറിൽ ആൻഡേഴ്സൺ വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചു. 29 പന്തിൽ 17 റൺസെടുത്ത് മുന്നേറുകയായിരുന്ന ധവാനെ ആൻഡേഴ്സൺ സ്റ്റോക്ക്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ട് 271 റൺസിന് പുറത്ത് നേരത്തെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 271 റൺസിന് പുറത്താകുകയായിരുന്നു. എട്ടു വിക്കറ്റിന് 260 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 11 റൺസെടുക്കുന്നതിനിടയിൽ അവസാന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു. നാലാം ദിവസത്തെ ആദ്യ പന്തിൽ തന്നെ സ്റ്റുവർട്ട് ബ്രോഡ് പുറത്തായി. മുഹമ്മദ് ഷമി ബ്രോഡിനെ റിഷഭിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 46 റൺസെടുത്ത് മികച്ച രീതിയിൽ മുന്നേറുകയായിരുന്ന സാം കറനെ ഇഷാന്ത് ശർമ്മയുടെ പന്തിൽ റിഷഭ് റൺഔട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് അവസാനിച്ചു. 16 ഓവർ എറിഞ്ഞ് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങിയത്. 27 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 33 റൺസിനിടയിൽ കുക്കിനേയും മോയിൻ അലിയേയും നഷ്ടപ്പെട്ടു. കുക്കിനെ ബുംറ പുറത്താക്കിയപ്പോൾ അലിയുടെ വിക്കറ്റ് ഇഷാന്തിനാണ്. രണ്ടു ക്യാച്ചുകളുമെടുത്തത് ലോകേഷ് രാഹുലാണ്. പിന്നീട് മൂന്നാം വിക്കറ്റിൽ ജോ റൂട്ടുമായി 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ജെന്നിങ്സ് നിലയുറപ്പിക്കവെ മുഹമ്മദ് ഷമി കാര്യങ്ങൾ വീണ്ടും ഇന്ത്യക്ക് അനുകൂലമാക്കി. 36 റൺസെടുത്ത് നിൽക്കെ ജെന്നിങ്സനെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ബെയർസ്റ്റോ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഷമിയുടെ പന്തിൽ കുറ്റി തെറിക്കുകയായിരുന്നു. ഇഷാന്ത് ശർമ്മ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു ഫോട്ടോ: ട്വിറ്റർ ആറാം വിക്കറ്റിൽ ബെൻ സ്റ്റോക്ക്സിനെ കൂട്ടുപിടിച്ച് ബട്ട്ലർ വീണ്ടും ഇംഗ്ലണ്ടിനെ ട്രാക്കിലെത്തിച്ചു. ഇരുവരും 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 30 റൺസെടുത്ത സ്റ്റോക്ക്സിനെ അശ്വിൻ രഹാനെയുടെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയത് സാം കറനാണ്. കറനും ബട്ലറും ഏഴാം വിക്കറ്റിൽ 55 റൺസ് ഇംഗ്ലണ്ട് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കെ ബട്ലറെ ഇഷാന്ത് ശർമ്മ വിക്കറ്റിന് മുന്നിൽ കുടുക്കി. 11 റൺസെടുത്ത ആദിൽ റഷീദിനെ മുഹമ്മദ് ഷമിയും പുറത്താക്കി. പൂജാരയുടെ ഒറ്റയാൾ പോരാട്ടം രണ്ടാം ദിനം ചേതേശ്വർ പൂജാരയുടെ ഒറ്റയാൾ ചെറുത്തു നിൽപ്പാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 27 റൺസിന്റെ ലീഡ് സമ്മാനിച്ചത്. 34 റൺസിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യയെ പൂജാര ഒറ്റയ്ക്കു കര കയറ്റുകയായിരുന്നു. 257 പന്തിൽ 16 ഫോറിന്റെ അകമ്പടിയോടെ 132 റൺസുമായി പൂജാര പുറത്താകാതെ നിന്നു. പൂജാരയുടെ 15-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇംഗ്ലീഷ് മണ്ണിൽ ആദ്യത്തേതും. അവസാന വിക്കറ്റിൽ ജസ്പ്രീത് ബുംറ (ആറു റൺസ്) പൂജാരയ്ക്ക് നൽകിയ പിന്തുണയും ഇന്ത്യയുടെ ലീഡിൽ നിർണയാകമായി. ഇരുവരും 46 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ബുംറയെ സ്റ്റുവർട്ട് ബ്രോഡ് പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 273 റൺസിലവസാനിച്ചു. Content Highligjhts: India vs England Fourth Test Cricket


from mathrubhumi.latestnews.rssfeed https://ift.tt/2CaEZ1V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages