ദുബായില്‍ നിന്നും 73 മില്യണ്‍ ദിര്‍ഹം അതായത് ഇപ്പോള്‍ ഏതാണ്ട് 143 കോടി രൂപ വില വരുന്ന വജ്രം മോഷ്ടിച്ച സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനെതിരായ കേസില്‍ വിചാരണ ആരംഭിച്ചു. നിരവധി സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് പ്രതി കൃത്യം നടത്തിയതെന്ന് കമ്പനി അധികൃതരില്‍ നിന്നും മനസിലായി. മേയ് 25നായിരുന്നു മോഷണം നടന്നത്. 37 വയസുള്ള ശ്രീലങ്കന്‍ പൗരനാണ് കേസില്‍ അറസ്റ്റിലായത്. ഇയാളെ സഹായിച്ച മറ്റൊരു ശ്രീലങ്കന്‍ ജോലിക്കാരനും അറസ്റ്റിലായി.
വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അവസാനത്തെ സുരക്ഷാ ഗെയ്റ്റ് തുറക്കാന്‍ പ്രധാനപ്പെട്ട മൂന്ന് വാതിലുകള്‍ തുറക്കേണ്ടതുണ്ട്. ആദ്യത്തേത് പ്രത്യേക താക്കോല്‍ ഉപയോഗിച്ച് തുറക്കണം. രണ്ടാമത്തേത് രഹസ്യ കോഡ് ആണ്. മൂന്നാമത്തേത് രഹസ്യ ഇലക്ട്രോണിക് കോഡും. ഇലക്ട്രോണിക് കോഡ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ഒന്നുമാണ്. അതിനാല്‍ തന്നെ സുരക്ഷാ ചുമതലയുള്ള ആളുതന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മനസിലാക്കി. പിന്നീട്, ദുബായില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായ് പൊലീസിന്റെ മികവാണ് വന്‍ മോഷണത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ സഹായിച്ചത്.
വളരെ കഷ്ടപ്പെട്ടശേഷമാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാണ്ട് 8620 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കുകയും 120ല്‍ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. കമ്പനിയുടെ ജെബീല്‍ അലിയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് മോഷണം നടന്നതെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ജനറല്‍ കേണല്‍ മുഹമ്മദ് അഖ്വില്‍ വ്യക്തമാക്കിയിരുന്നു. ഷൂസിനുള്ളിലൂടെയാണ് പ്രതി വജ്രം പുറത്തേക്ക് കടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ദുബായ് പൊലീസ് പുറത്തുവിട്ടിരുന്നു. വജ്രം നിലവറയില്‍ നിന്ന് മോഷ്ടിച്ച ശേഷം പ്രതി തന്റെ ബന്ധുവിന് കൈമാറി. ഇയാള്‍ ഒരു സ്പോര്‍ട്സ് ഷൂസിനുള്ളിലാണ് വജ്രം രഹസ്യമായി കടത്തിയതെന്നും ദുബായ് പൊലീസ് അധികൃതര്‍ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാര്‍ സ്പോര്‍ട്സ് ഷൂസിനുളളില്‍ രഹസ്യമായി സൂക്ഷിച്ചാണ് വജ്രം കടത്തിയത്. 9.33 കാരറ്റ് വജ്രമാണ് മോഷ്ടിച്ചത്.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രധാന പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍, രണ്ടാം പ്രതി കുറ്റം നിഷേധിച്ചു. ഷാര്‍ജയില്‍ ഇയാളെ താമസിക്കാന്‍ സഹായിച്ചുവെന്നു മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്തരമൊരു കൃത്യം നടത്തിയ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും രണ്ടാം പ്രതി പ്രസീഡിങ് ജഡ്ജ് ഹബീബ് അവാദിനോട് പറഞ്ഞു.
from mangalam.com https://ift.tt/2IqT6j0
via IFTTT
No comments:
Post a Comment