തിരൂർ: ബുധനാഴ്ച രാവിലെ മുതൽ ഒരു വാതിലിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പ്ലംബിങ് തൊഴിലാളിയായ പുറത്തൂരിലെ ഷിനോജ്. മേൽക്കൂരയുടെ പണി മാത്രം കഴിഞ്ഞ വീട്ടിൽ പ്രായമായ മാതാപിതാക്കളെയും സഹോദരിയെയും കൊണ്ട് എങ്ങനെ അന്തിയുറങ്ങുമെന്ന ടെൻഷൻ മുഴുവനും ആ മുഖത്തുണ്ടായിരുന്നു. പക്ഷേ, സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിച്ചിട്ടും വാതിൽ കിട്ടിയില്ല. അതുവരെ ഇവർ താമസിച്ചിരുന്ന ഓലക്കുടിലിൽ ഇനി താമസിക്കാനും കഴിയില്ല. ഇനിയുള്ള ദിവസങ്ങൾ എങ്ങനെ കഴിച്ചുകൂട്ടുമെന്ന് ഷിനോജിന്റെ മാതാവായ മാധവിക്കും അറിയില്ല. പുറത്തൂരിൽ പൂർണമായും തകർന്നവീടുകളിലൊന്ന് കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ ഭാരതപ്പുഴ കരകവിഞ്ഞൊഴുകി ഏറ്റവുമധികം നാശനഷ്ടമുണ്ടായ മേഖലകളിലൊന്നാണ് തിരൂരിലെ പുറത്തൂർ തീരദേശം. മണൽതൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പ്രളയത്തിൽ മുങ്ങിപ്പോയത്. പുറത്തൂരിൽ മാത്രം 17 വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും തകർന്നു. ഓഗസ്റ്റ് 21ന് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് എല്ലാവരും വീടുകളിലേക്ക് മടങ്ങിയെങ്കിലും മിക്ക വീടുകളും വാസയോഗ്യമല്ല. പലവീടുകളും വൃത്തിയാക്കിയെടുക്കാനും ദിവസങ്ങൾ വേണ്ടിവരും. പുറത്തൂരിൽ പൂർണമായും തകർന്നവീടുകളിലൊന്ന് പുഴയോട് ചേർന്നുള്ള കളൂർ, നമ്പറം മേഖലകളിലാണ് പ്രളയം കൂടുതൽ നാശംവിതച്ചത്. കളൂർ ഇന്ദിരാജി നഗറിലെ മുഴുവൻ വീടുകളും പ്രളയത്തിൽ മുങ്ങിപ്പോയി. 2018 ഓഗസ്റ്റ് 15നും, 16നുമായി ഇവിടെയുള്ളവരെല്ലാം ജീവനുംകൊണ്ട് രക്ഷപ്പെട്ടു. എഴുപത് കഴിഞ്ഞ മോഡേൺപറമ്പത്ത് ദേവകിയുടെ അനുഭവത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രളയം. കനത്ത മഴയിൽ വെള്ളം കയറാറുണ്ടെങ്കിലും ഒരുദിവസത്തിൽ കൂടുതലൊന്നും വെള്ളംനിൽക്കില്ല. പക്ഷേ, ഇത്തവണ ഭാരതപ്പുഴ രൗദ്രഭാവം പൂണ്ടപ്പോൾ ദേവകിയ്ക്കും കുടുംബത്തിനും നഷ്ടപ്പെട്ടത് സ്വന്തം കിടപ്പാടമായിരുന്നു. വീടിന്റെ അടുക്കളയും ശുചിമുറികളും പുഴ കൊണ്ടുപോയി. ബാക്കിഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇവിടെ താമസിക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ദേവകിയും മകനും മരുമകളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബം ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം. പുറത്തൂരിൽ പൂർണമായും തകർന്നവീടുകളിലൊന്ന് സമീപത്തുള്ള സുരേഷും കുടുംബവും വീട് വൃത്തിയാക്കിയെടുക്കുന്ന തിരക്കിലാണ്. ക്യാമ്പ് അവസാനിച്ചതോടെ വീട്ടിലേക്ക് മടങ്ങി. പക്ഷേ, പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമില്ലാത്തതാണ് ഇവരുടെ പ്രയാസം. ഒരു ശുചിമുറിയാണ് ഉണ്ടായിരുന്നത്. അത് ഇനി ഉപയോഗിക്കാൻ പറ്റില്ല. വീട്ടിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അടുക്കളയും വീട്ടുപകരണങ്ങളും നശിച്ചുപോയി. വീടിനകം നിറയെ ചെളിയായിരുന്നു. പുഴയിൽ നിന്ന് വെള്ളംകയറി തുടങ്ങിയപ്പോൾ വഞ്ചിയിൽ കയറിയാണ് രക്ഷപ്പെട്ടത്. ശക്തമായ കുത്തൊഴുക്കിൽ വഞ്ചിയിൽ രക്ഷപ്പെടുകയെന്നതും പ്രയാസകരമായിരുന്നു- സുരേഷ് പറഞ്ഞു. വെള്ളംകയറി കുതിർന്ന വസ്ത്രങ്ങളും ഫർണീച്ചറുകളും റോഡരികിൽ ഉണക്കാൻ വച്ചിരിക്കുന്നു തോട്ടങ്ങപ്പുരയിലെ കാർത്യായനിയും നിറകണ്ണുകളോടെയാണ് സങ്കടം പങ്കുവെച്ചത്. ഒന്നരവയസ് പ്രായമുള്ള പേരക്കുട്ടിയെയും എടുത്ത് ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ വീട്ടുസാധനങ്ങളൊന്നും സുരക്ഷിതസ്ഥലത്തേക്ക് മാറ്റാനായില്ല. കോഴികളും കോഴിക്കുഞ്ഞുങ്ങളും വെള്ളപ്പൊക്കത്തിൽ ചത്തുപോയി. ഇവരുടെ അയൽവാസി മോഡേൺപറമ്പത്ത് കാർത്യായനി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഏകമകൻ തൃശൂരിൽ പഠിക്കുന്നു. മുണ്ടുമുറുക്കിയെടുത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ വീടാണ് ഭാഗികമായി നശിച്ചിരിക്കുന്നത്. അടച്ചുറപ്പുള്ള ഒരു വാതിൽ പോലും ഇല്ല. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളിലൊന്ന് തങ്ങൾനമ്പത്തെ ലളിതയും കുടുംബവും ഒരുചെറിയ ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തിൽ വസ്ത്രങ്ങളടക്കം എല്ലാംനശിച്ചുപോയി. ഭക്ഷണം പാകംചെയ്യാൻ അടുപ്പ് പോലും ബാക്കിയില്ല. പൊന്നാനി എം.ഇ.എസ് കോളേജിൽ മൂന്നാം വർഷ ബിരുദവിദ്യാർഥിനിയായ മകളുടെ പുസ്തകങ്ങളും നശിച്ചു. മരവട്ടാൻമ്പറത്തെ മാധവന്റെയും, മുണ്ടൻകുട്ടിയുടെയും വീടുകൾ പൂർണമായും നശിച്ചനിലയാണ്. മണികണ്ഠന്റെ വീട്ടിലും ഇനി താസിക്കാൻ കഴിയില്ല. ഈ കുടുംബങ്ങളെല്ലാം നിലവിൽ വാടക ക്വാർട്ടേഴ്സുകളിലേക്ക് താമസംമാറ്റിയിരിക്കുകയാണ്. പ്രളയത്തിൽ വെള്ളം കയറിയ വീടുകളിലൊന്ന് പ്രവാസിയായ ഹസനും ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. വെള്ളം ഉയരുന്നുവെന്ന് കണ്ടപ്പോൾതന്നെ ഹസനും കുടുംബവും ബന്ധുവീടുകളിലേക്ക് മാറി. വാഹനങ്ങളും വീട്ടുപകരണങ്ങളും സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. മണിക്കൂറുകൾക്കകം പ്രദേശത്തെ വീടുകൾക്ക് ഉള്ളിലൂടെ വെള്ളം കുത്തിയൊഴുകാൻ തുടങ്ങി. പല വീടുകളുടെ പകുതിഭാഗങ്ങളും ചില വീടുകൾ പൂർണമായും മുങ്ങിപ്പോയി. വെള്ളമിറങ്ങി തിരിച്ചെത്തിയപ്പോൾ വീടിനകം നിറയെ ചെളിയായിരുന്നു. ചില സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഇതും വൃത്തിയാക്കി. ഇനി കുടുംബാംഗങ്ങളെ തിരിച്ചെത്തിക്കണമെന്നും ഹസൻ പറയുന്നു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളിലൊന്ന് പുറത്തൂരിലെ മുരുക്കുംപാട് ദ്വീപ് നിവാസികളും വീടുകളിലേക്ക് വന്നുതുടങ്ങുന്നേയുള്ളു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടതാണ് ഇവരുടെയും പ്രതിസന്ധി. മുരുക്കുംപാട് അംഗൻവാടിയിലെ ഭക്ഷ്യധാന്യങ്ങളും പുസ്തകങ്ങളും പ്രളയത്തിൽ നശിച്ചുപോയി. പുറത്തൂരിലും സമീപപ്രദേശങ്ങളിലെയും മിക്കവീടുകൾക്കും മുന്നിലും ഇപ്പോൾ ഫർണീച്ചറുകളും വസ്ത്രങ്ങളും കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണുള്ളത്. നമ്പറത്തെ ആരിച്ചാലിൽ രവീന്ദ്രന്റെ വീടിനകം നിറയെ ചെളിയാണ്. കാലുവെച്ചാൽ ചെളിയിൽ പൂണ്ടുപോകുന്ന അവസ്ഥ. ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ഇവിടെ താമസിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. എന്നാൽ സമീപത്തൊന്നും വാടക വീട് കിട്ടാത്തതിനാൽ ബന്ധുവീട്ടിലാണ് രവീന്ദ്രനും കുടുംബവും താമസിക്കുന്നത്. കളൂരിലെ കളിക്കളവും വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി. നിക്കാഹ് ദിവസം വെള്ളപ്പൊക്കം... നസ്റുദ്ദീൻ ഓഗസ്റ്റ് 17നായിരുന്നു നസ്റുദ്ദീന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കേണ്ട ദിവസം പക്ഷേ നസ്റുദ്ദീൻ പുറത്തൂരിൽ രക്ഷാപ്രവർത്തനത്തിലായിരുന്നു. രോഗിയായ ഉമ്മയെ ക്യാമ്പിലേക്ക് മാറ്റിയശേഷം നസ്റുദ്ദീനും സുഹൃത്തുക്കളും മൂന്നുദിവസവും മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമങ്ങളിലായിരുന്നു. പുറത്തൂർ മുതൽ കാവിലക്കാട് വരെയുള്ള റോഡും വീടുകളും വെള്ളത്തിൽ മുങ്ങിയ അവസ്ഥ. പലയിടത്തും ഒരാൾപൊക്കത്തിനും മുകളിൽ വെള്ളം. കുത്തിയൊലിക്കുന്ന വെള്ളത്തിൽ വഞ്ചിയിൽ പോലും ഒരടി മുന്നോട്ടുനീങ്ങാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമനസേനാംഗങ്ങളും ഒഴുക്കിൽപ്പെട്ടു. മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളുടെ ഫൈബർവള്ളങ്ങളും ടോറസ് ലോറികളും എത്തിയതോടെയാണ് രക്ഷാപ്രവർത്തനം സാധ്യമായത്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പ്രദീപ് കുമാറും നസ്റുദ്ദീനും ബഷീറും ഉൾപ്പെടെയുള്ളവർ രണ്ട് ദിവസം ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന്റെ മുകളിലാണ് കഴിച്ചുകൂട്ടിയത്. ഭക്ഷണംപോലും കിട്ടിയിരുന്നില്ല. നേരത്തെ രക്ഷപ്പെടുത്തിയ ബന്ധുക്കളെല്ലാം എവിടെയാണെന്ന് പോലും മൂന്നുദിവസത്തിന് ശേഷമാണ് ഇവർ അറിഞ്ഞത്. ശരിക്കും ഒറ്റപ്പെട്ടുപോയ മൂന്നുദിവസമെന്ന് നസ്റുദ്ദീൻ നെടുവീർപ്പോടെ പറയുന്നു. പരാതികളും ഏറെ... തിരൂർ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം അഭയാർഥികൾക്ക് മികച്ചസൗകര്യമാണ് ലഭിച്ചിരുന്നത്. വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ദുരിതബാധിതർക്ക് വേണ്ട എല്ലാസൗകര്യവും ഒരുക്കി. എന്നാൽ പുറത്തൂർ യു.പി സ്കൂളിലെ ക്യാമ്പിൽ ദുരിതം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ഭക്ഷണംപോലും ലഭിച്ചില്ലെന്നും, വസ്ത്രങ്ങളും മറ്റുഅവശ്യവസ്തുക്കളും വിതരണം ചെയ്തപ്പോൾ പലർക്കും കിട്ടിയില്ലെന്നും ഇവർ പറയുന്നു. ക്യാമ്പിലെ ഏകോപനമില്ലായ്മയും അലംഭാവവുമാണ് ഇതിലേക്ക് നയിച്ചതെന്നാണ് ഇവരുടെ ആരോപണം. ചില കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കാനുള്ള ബ്ലീച്ചിങ് പൗഡർ പോലും കിട്ടിയിട്ടില്ല. അധികൃതർ എത്തിച്ചുതരുമെന്ന് പറഞ്ഞതല്ലാതെ വീട്ടിലേക്ക് ഒന്നും കിട്ടിയില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഇതിനുപുറമേ, പുറത്തൂരിലെ മണലെടുപ്പാണ് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയതെന്നും നാട്ടുകാർക്ക് ആരോപണമുണ്ട്. പ്രദേശത്ത് സംരക്ഷണഭിത്തി നിർമിക്കാത്തത് പ്രളയത്തിന്റെ ആഘാതം ഇരട്ടിയാക്കി. ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ അധികംവൈകാതെ ശേഷിക്കുന്ന കരഭാഗവും പുഴ കവരുമെന്നാണ് തീരവാസികൾ പറയുന്നത്. ഇനിയെങ്കിലും കാളൂർ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് ഇവരുടെ ആവശ്യം. എത്രയും പെട്ടെന്ന്... പുറത്തൂർ പഞ്ചായത്തിലെ 17 വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ പറഞ്ഞു. നിലവിൽ തകർന്ന വീടുകളുടേയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ് നടക്കുകയാണ്. നഷ്ടപരിഹാരം സംബന്ധിച്ച് ഉന്നതതലങ്ങളിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ല. ഇപ്പോൾ തകർന്ന കെട്ടിടങ്ങളുടെ കണക്ക് നൽകാനാണ് നിർദേശം. വാസയോഗ്യമല്ലാത്ത വീടുകളിലെ കുടുംബങ്ങളോട് തത്കാലം ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശംനൽകിയിട്ടുണ്ട്. അതിനു ബുദ്ധിമുട്ടുള്ളവർക്ക് പഞ്ചായത്തിന്റെ സഹായത്തോടെ താത്കാലികമായി മറ്റുസൗകര്യം ഒരുക്കുന്നുണ്ട്. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കാൻ ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗപ്പെടുത്തും. കൃഷിനാശം, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടതിന്റെ കണക്കുകൾ എന്നിവയും ശേഖരിക്കുന്നു. വീടുകളുടെ പുനർനിർമാണത്തിന് സന്നദ്ധസംഘടനകളും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ നിർദേശങ്ങളുംസഹായങ്ങളും ലഭിച്ചാൽ ഇതെല്ലാം സംയോജിപ്പിച്ച് എത്രയും പെട്ടെന്ന് ഇവരുടെ പുനരധിവാസം സാധ്യമാക്കുമെന്നും റഹ്മത്ത് സൗദ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2P1aFIT
via
IFTTT
No comments:
Post a Comment