ജലന്ധർ: ലൈംഗിക പീഡന കേസിൽ ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന്മുന്നോടിയായി ബിഷപ്പ് ഹൗസിനു മുന്നിൽ സായുധ പോലീസിനെ വിന്യസിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ പ്രതിഷേധങ്ങൾ നേരിടുന്നതിനാണ് നടപടി. പഞ്ചാബ് പോലീസിന്റെ സായുധ സംഘമാണ് ബിഷപ്പ് ഹൗസിനു സമീപത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടേക്കുള്ള വഴികൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ വാഹനങ്ങളിൽ വിശ്വാസികൾ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പള്ളിക്കു മുന്നിൽ വടം കെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിശ്വാസികൾ ഇവിടേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. കേരളത്തിൽനിന്നെത്തിയ അന്വേഷണ സംഘം ബിഷപ്പ് ഹൗസിലേക്ക് ഉടൻ എത്തുമെന്നാണ് വിവരം. ഇതിനിടെ, പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിനായുള്ള നീക്കം നടന്നുവരികയാണെന്നുള്ള സൂചനയുണ്ട്. കേരള ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യ ഹർജിയിൽ, ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം.
from mathrubhumi.latestnews.rssfeed https://ift.tt/2vGDAuh
via
IFTTT
No comments:
Post a Comment